ബംഗളുരുവിൽ കെഎസ്ആർടിസി ബസ് പിടിച്ചിട്ട് കർണാടകം; തിരികെ നടപടി തുടങ്ങിയപ്പോൾ വിട്ടയച്ചു

By Web TeamFirst Published May 5, 2019, 10:43 PM IST
Highlights

കോട്ടയത്ത് നിന്നും കോഴിക്കോട് നിന്നും ബംഗളുരുവിലേക്ക് പോയ ബസ്സുകളാണ് ചന്ദാപുര ആർടിഒ പിടിച്ചിട്ടത്. പല തവണ ആവശ്യപ്പെട്ടിട്ടും ബസ് വിട്ടു കൊടുക്കാഞ്ഞതോടെ കർണാടക ബസ്സുകളിൽ കേരളവും പരിശോധന തുടങ്ങി. 

തിരുവനന്തപുരം: ബംഗളുരുവിൽ കേരളത്തിന്‍റെ കെഎസ്ആർടിസി ബസ്സുകൾ പിടിച്ചെടുത്ത് കർണാടക ഗതാഗത വകുപ്പ്. കോട്ടയത്ത് നിന്നും കോഴിക്കോട്ട് നിന്നും ബംഗളുരുവിലേക്ക് പോയ ബസ്സുകളാണ് ചന്ദാപുര ആർടിഒ പിടിച്ചെടുത്ത് ഗാരേജിലിട്ടത്. ചട്ടം ലംഘിച്ച് സ്കാനിയ ബസ്സിൽ പരസ്യം പതിച്ചെന്ന് കാണിച്ചാണ് ബസ്സ് പിടിച്ചെടുത്തത്. പല തവണ കേരളം ആവശ്യപ്പെട്ടിട്ടും കർണാടകം ബസ്സ് വിട്ടുനൽകിയില്ല. ഒടുവിൽ കേരളം കർണാടക ബസ്സുകളിൽ വ്യാപക പരിശോധന തുടങ്ങിയതോടെ കർണാടകം വൈകിട്ടോടെ ബസ്സുകൾ വിട്ടു നൽകി.

ഞായറാഴ്ച പുലർച്ചെ ബംഗളുരുവിലെത്തിയ ബസ്സുകളാണ് ചന്ദാപുര ആർടിഒ പിടിച്ചെടുത്തത്. സ്കാനിയ ബസ്സുകൾക്ക് മേൽ പരസ്യം പതിക്കുന്നത് ചട്ടവിരുദ്ധമാണെന്നും, ഇത് പെർമിറ്റിന്‍റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. പല തവണ കേരളം ആവശ്യപ്പെട്ടിട്ടും ബസ്സ് വിട്ടു നൽകാൻ കർണാടക ഗതാഗത വകുപ്പ് തയ്യാറായില്ല. ഞായറാഴ്ച വൈകിട്ട് 9.30-ന് തിരികെ വരേണ്ടിയിരുന്ന ബസ്സുകളായിരുന്നു ഇത് രണ്ടും. രണ്ട് ബസ്സുകളിലും ബുക്കിംഗുമുണ്ടായിരുന്നു.

വൈകിട്ടോടെ ഗതാഗതകമ്മീഷണർ കർണാടക ഗതാഗതവകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ഫലമുണ്ടായില്ല. തുടർന്ന് കേരളത്തിലേക്ക് എത്തിയ കർണാടക ആർടിസി ബസ്സുകളിൽ സംസ്ഥാന ഗതാഗത വകുപ്പ് പരിശോധന തുടങ്ങി. കർണാടക ആർടിസിയുടെ 7 ബസ്സുകൾ കേരളത്തിലെ ഗതാഗതവകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചു. ഗതാഗതമന്ത്രിയുടെ നിർദേശപ്രകാരമായിരുന്നു നടപടി.

കേരളം സമ്മർദ്ദം കടുപ്പിച്ചതോടെ കർണാടകം വഴങ്ങി. കർണാടക അഡീഷണൽ ട്രാൻസ്പോർട്ട് സെക്രട്ടറി നേരിട്ട് ബസ്സുകൾ വിട്ടു നൽകാൻ നിർദേശം നൽകുകയായിരുന്നു. ഒടുവിൽ ഒരു ദിവസം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ വൈകിട്ട് 9.30-യ്ക്ക് തന്നെ ബസ്സുകൾ കേരളത്തിലേക്ക് പുറപ്പെടുകയും ചെയ്തു. 

click me!