പെരുമാറ്റം ശരിയാക്കാന്‍ കെഎസ്ആര്‍ടിസിയില്‍ പരീശീലനം; നല്ല മാറ്റം ഉണ്ടല്ലോയെന്ന് നാട്ടുകാര്‍, വിമര്‍ശനം

By Web TeamFirst Published Oct 1, 2022, 6:01 PM IST
Highlights

പെരുമാറ്റാം നന്നാക്കുന്നത് അടക്കമുള്ള ലക്ഷ്യങ്ങളോടെ നടന്നുവരുന്ന പരിശീലനത്തെ കുറിച്ചായിരുന്നു പോസ്റ്റ്. ഈ പോസ്റ്റിന് താഴെ  കണ്ടക്ടര്‍ മോശമായി പെരുമാറുന്ന വീഡിയോയുടെ ലിങ്ക് പങ്കുവെച്ച് കൊണ്ടാണ് ആളുകള്‍ പ്രതികരിക്കുന്നത്

തിരുവനന്തപുരം: യാത്രക്കാരോട് മോശമായി പെരുമാറുന്ന കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ രൂക്ഷമായി പ്രതികരിച്ച് സോഷ്യല്‍ മീഡിയ. കെഎസ്ആര്‍ടിസിയുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജില്‍ കടുത്ത വിമര്‍ശനമാണ് കമന്‍റുകളായി ആളുകള്‍ കുറിക്കുന്നത്. ഇന്ന് രാവിലെ കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കുമായി നടത്തുന്ന പരിശീലനത്തെ കുറിച്ചുള്ള പോസ്റ്റ് പേജില്‍ പങ്കുവെച്ചിരുന്നു.

പെരുമാറ്റാം നന്നാക്കുന്നത് അടക്കമുള്ള ലക്ഷ്യങ്ങളോടെ നടന്നുവരുന്ന പരിശീലനത്തെ കുറിച്ചായിരുന്നു പോസ്റ്റ്. ഈ പോസ്റ്റിന് താഴെ  കണ്ടക്ടര്‍ മോശമായി പെരുമാറുന്ന വീഡിയോയുടെ ലിങ്ക് പങ്കുവെച്ച് കൊണ്ടാണ് ആളുകള്‍ പ്രതികരിക്കുന്നത്. മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും പരസ്പരം സ്വതന്ത്രമായി ഇടപെടുന്നതിനും ജീവനക്കാരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനമെന്നാണ് കെഎസ്ആര്‍ടിസി പേജില്‍ വന്നിട്ടുള്ള പോസ്റ്റില്‍ പറയുന്നത്.

കാലാനുസൃതമായ സമൂല മാറ്റം തന്നെയാണ് കെഎസ്ആർടിസിയിൽ നടക്കുന്നത്. പരിഷ്ക്കരണങ്ങളുടെയും തിരുത്തലുകളുടെയും ഫലം കണ്ടു തുടങ്ങിയിട്ടുണ്ടെന്നും പോസ്റ്റില്‍ കെഎസ്ആര്‍ടിസി അവകാശപ്പെടുന്നുണ്ട്. പരിശീലനത്തിന്‍റെ ഭാഗമായ ഐസ് ബ്രേക്കിംഗ് സെഷനെ വിമര്‍ശിച്ചവര്‍ കേള്‍ക്കണം എന്ന് കുറിച്ചാണ് കെഎസ്ആര്‍ടിസി പോസ്റ്റ് ഇട്ടത്. യാത്രക്കാരോട് മോശമായി പെരുമാറിയ ആറ്റിങ്ങൽ ഡിപ്പോയിലെ കണ്ടക്ടർക്കെതിരെയാണ് യാത്രക്കാരുടെ പരാതി ഉയര്‍ന്നിട്ടുള്ളത്.

കണ്ടക്ടർ ആഹാരം കഴിക്കുന്ന സമയത്ത് ബസിനകത്ത് യാത്രക്കാർ കയറിയതാണ് പ്രകോപന കാരണമെന്ന് യാത്രക്കാര്‍ പറയുന്നു. "ഇറങ്ങി പോടി, എന്നെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല " എന്ന് കണ്ടക്ടർ യാത്രക്കാരോട് പറയുന്നതാണ് വീഡിയോയിലുള്ളത്. കൈക്കുഞ്ഞുമായി എത്തിയവരെ വരെ അസഭ്യം പറഞ്ഞ് കണ്ടക്ടർ ഇറക്കിവിട്ടു എന്നും യാത്രക്കാര്‍ പരാതിപ്പെട്ടു. കാട്ടാക്കട ഡിപ്പോയിൽ അച്ഛനെയും മകളെയും ആക്രമിച്ച സംഭവത്തിന് പിന്നാലെയാണ് യാത്രക്കാരോട് വളരെ മോശമായി പെരുമാറുന്ന കണ്ടക്ടറുടെ വീഡിയോയും പുറത്ത് വന്നിട്ടുള്ളത്. 

എല്ലാം സഹിക്കേണ്ടത് ജനം; യാത്രക്കാര്‍ക്കുനേരെ അസഭ്യവര്‍ഷവുമായി കെഎസ്ആര്‍ടിസി കണ്ടക്ടർ, വീഡിയോ
 

tags
click me!