Asianet News MalayalamAsianet News Malayalam

എല്ലാം സഹിക്കേണ്ടത് ജനം; യാത്രക്കാര്‍ക്കുനേരെ അസഭ്യവര്‍ഷവുമായി കെഎസ്ആര്‍ടിസി കണ്ടക്ടർ, വീഡിയോ

തിരുവനന്തപുരം ചിറയിൻകീഴിലാണ് സംഭവം. ആറ്റിങ്ങൽ ഡിപ്പോയിലെ കണ്ടക്ടർക്കെതിരെയാണ് യാത്രക്കാരുടെ പരാതി

Complaint against KSRTC conductor who misbehaved with passengers
Author
First Published Oct 1, 2022, 3:52 PM IST

തിരുവനന്തപുരം: യാത്രക്കാരോട് മോശം പെരുമാറ്റവുമായി വീണ്ടും കെഎസ്ആർടിസി ജീവക്കാർ. തിരുവനന്തപുരം ചിറയിൻകീഴിൽ ബസ്സിൽ കയറ്റിയ യാത്രക്കാരെ വനിതാ കണ്ടക്ടർ അസഭ്യം പറഞ്ഞ് ഇറക്കിവിട്ടു. തൊഴിലുറപ്പ് ജീവനക്കാരുടെ സ്ത്രീത്വത്തെ വരെ അപമാനിക്കുന്ന മോശം പരാമർശങ്ങളാണ്  ജീവനക്കാരി നടത്തിയത്. മാധ്യമങ്ങളിൽ വന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ സംഭവത്തെക്കുറിച്ച് കെഎസ്ആർടിസി വിജിലൻസ് അന്വേഷണം തുടങ്ങി. 

യാത്രക്കാരോടുള്ള കെഎസ്ആർടിസി ജീവനക്കാരുടെ ക്രൂരത കാട്ടാക്കടയിൽ തീരുന്നില്ല. ആറ്റിങ്ങൽ ഡിപ്പോയിലെ വനിതാ കണ്ടക്ടർ എ ഷീബ ആണ് യാത്രക്കാര്‍ അസഭ്യം പറഞ്ഞ് ബസില്‍ നിന്ന് ഇറക്കിവിട്ടത്. ഉച്ചയ്ക്ക് 12 മണിയോടെ നിർത്തിയിട്ട ബസ്സിൽ കയറിയതാണ് പ്രകോപനം. കൈക്കുഞ്ഞുമായി എത്തിയവരെ പ്പോലും നിർദാക്ഷിണ്യം അസഭ്യം പറഞ്ഞ് പൊരിവെയിലത്തേക്ക് ഇറക്കിവിട്ടു. തൊഴിലുറപ്പ് ജീവനക്കാരുടെ സ്ത്രീത്വയെ അപമാനിച്ച് അതിരുവിട്ട പ്രയോഗങ്ങളാണ് ഷീബ നടത്തിയത്. ഇറങ്ങി പോടി, എന്നെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല " എന്ന് കണ്ടക്ടർ യാത്രക്കാരോട് പറഞ്ഞു. കൈക്കുഞ്ഞുമായി എത്തിയവരെ വരെ അസഭ്യം പറഞ്ഞ് കണ്ടക്ടർ ഇറക്കിവിട്ടു എന്ന് യാത്രക്കാര്‍ പറയുന്നു.

ആറ്റിങ്ങലിൽ നിന്ന് ചിറയിൽകീഴ് വഴി മെഡിക്കൽ കോളേജിലേക്ക് പോകുന്ന ബസ്സിലായിരുന്നു സംഭവം. ചിറയിൻകീഴിൽ മേൽപാലത്തിന്റെ ജോലി നടക്കുന്നതിനാൽ റോഡരികിലാണ് ബസ്സുകൾ നിർത്തിയിടുന്നത്. കാലിയായ ബസ്സിൽ സർവീസ് സമയത്തിന് മുമ്പേ ആളുകൾ കയറി ഇരിപ്പുറപ്പിക്കും. എന്നാൽ തന്റെ ഭക്ഷണ സമയത്ത് യാത്രക്കാരെല്ലാം ബസ്സിൽ നിന്ന് ഇറങ്ങിപ്പോകണമെന്നാണ് ഷീബയുടെ നിലപാട്. 
ഇവർക്കെതിരെ നേരത്തേയും മോശം പെരുമാറ്റമാണെന്ന ആരോപണമുണ്ടങ്കിലും ആരും പരാതി നൽകിയിരുന്നില്ല. ഇന്നത്തെ പെരുമാറ്റത്തിലും ഇതുവരെ പരാതി കിട്ടിയിട്ടില്ല. അസഭ്യവർഷം അതിര് വിട്ടതോടെ യാത്രക്കാർ ദൃശ്യങ്ങൾ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുകയായിരുന്നു. 

പെരുമാറ്റം ശരിയാക്കാന്‍ കെഎസ്ആര്‍ടിസിയില്‍ പരീശീലനം; നല്ല മാറ്റം ഉണ്ടല്ലോയെന്ന് നാട്ടുകാര്‍, വിമര്‍ശനം

യാത്രക്കാരോട് നല്ലപെരുമാറ്റം പുലർത്തണമെന്ന സിഎംഡിയുടെ സർക്കുലർ നിലനിൽക്കെയാണ് മനുഷ്യത്വമില്ലാത്ത പെരുമാറ്റം. പുറത്തുവന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ,  കെഎസ്ആർടിസി വിജിലൻസ് അന്വേഷണം തുടങ്ങി.

അതേസമയം, കെഎസ്ആർടിസി ഡിപ്പോയിൽ അച്ഛനെയും മകളെയും ആക്രമിച്ച കേസിൽ പിടിയിലായ സുരക്ഷാ ജീവനക്കാരൻ സുരേഷ് കുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ചോദ്യം ചെയ്യലിന് ശേഷം കാട്ടാക്കട കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് അഭ്യർത്ഥിക്കും. കൂട്ട് പ്രതികളെ കുറിച്ച് കൂടുതൽ വിവരം ലഭിക്കാനും തെളിവായി ലഭിച്ച ദൃശ്യങ്ങളുമായി ഒത്തു നോക്കാൻ ശബ്ദ സാമ്പിൾ ശേഖരിക്കാനും പ്രതിയെ കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസ് നിലപാട്. മറ്റ് നാല് പ്രതികൾക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് പറയുന്നു. ഇന്നലെ പൂജപ്പുരയിൽ വച്ചാണ് കേസിലെ രണ്ടാം അധ്യായ സുരേഷ് കുമാറിനെ ഒളിയിടത്തിൽ നിന്ന് കാട്ടാക്കട ഡിവൈഎസ്പിയുടെ പ്രത്യേക സംഘത്തിലെ ഷാഡോ അംഗങ്ങൾ പിടികൂടിയത്.

തിരുവനന്തപുരം പൂജപ്പുരയ്ക്ക് സമീപം ചാടിയറയിലെ ബന്ധു വീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് സുരേഷ് കുമാറിനെ പിടികൂടിയത്. ബന്ധുക്കളേയും സഹപ്രവർത്തകരേയും പിന്തുടർന്നതിനെ തുടർന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാട്ടാക്കട ഡിവൈഎസ്പിയുടെ ഷാഡോ സംഘം പ്രതിയെ കണ്ടെത്തിയത്. കേസിൽ നാല് പ്രതികൾ കൂടി ഇനി പിടിയിലാകാനുണ്ട്. കഴിഞ്ഞ പന്ത്രണ്ട് ദിവസമായി ഒളിവിൽ കഴിയുന്ന പ്രതികൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി തള്ളിയിരുന്നു. മകൾക്ക് മുന്നിലിട്ട് അച്ഛനെ ആക്രമിച്ച പ്രതികൾ ജാമ്യം അർഹിക്കുന്നില്ലെന്ന് ഉത്തരവിൽ കോടതി വ്യക്തമാക്കിയിരുന്നു. 

Follow Us:
Download App:
  • android
  • ios