
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി താളം തെറ്റി. ജീവനക്കാരുടെ വിഹിതവും സ്ഥാപനത്തിന്‍റെ വിഹിതവും പെന്‍ഷന്‍ ഫണ്ടിലേക്ക് അടക്കുന്നത് മുടങ്ങിയിരിക്കുകയാണ്. ഇതോടെ ഭാവിയില്‍ പ്രതീക്ഷിക്കുന്ന പെൻഷൻ തുകയുടെ നാലിലൊന്ന് പോലും കിട്ടില്ലെന്നാണ് ജീവനക്കാരുടെ ആശങ്ക.
ഇടതു മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനുശേഷമാണ് കെഎസ്ആര്‍ടിസിയില്‍ പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കിയത്. സാമ്പത്തിക പ്രതിസന്ധി പെരുകുന്നതിന്‍റെ പ്രധാന കാരണം പെന്‍ഷന്‍ ബാധ്യതെയന്ന വിലയിരുത്തലിന്‍റെ പശ്ചാത്തലത്തിലായിരുന്നു ഈ തീരുമാനം. 2013 ഏപ്രില്‍ 1 മുതല്‍ സ്ഥിര നിയമനം ലഭിച്ചവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ ബാധകമാക്കി.
ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പിടിക്കുന്ന 10 ശതമാനം വിഹിതത്തിനൊപ്പം തത്തുല്യമായ വിഹിതം കെഎസ്ആര്‍ടിസിയും പെന്‍ഷന്‍ ഫണ്ടിലേക്ക് അടക്കണം. എന്നാല്‍ മാസങ്ങളായി ഇത് മുടങ്ങിയിരിക്കുകയാണ്. പെന്‍ഷന്‍ ഫണ്ടിന്‍റെ വളർച്ചയെ ഇത് ഗുരുതരമായി ബാധിക്കും. ഭാവിയില്‍ കിട്ടേണ്ട പെന്‍ഷനും ഗണ്യമായി കുറയുമെന്ന് ജന.സെക്രട്ടറി കെഎസ്ടിഇ യൂണിയൻ എം ജി രാഹുല്‍ പറഞ്ഞു.
പങ്കാളിത്ത പെന്‍ഷനിലേക്കുള്ള വിഹിതം മുടങ്ങാതിരിക്കാന്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം സര്‍കാര്‍ 100 കോടി വാഗാദാനം ചെയ്തെങ്കിലും 27 കോടി മാത്രമേ കിട്ടിയുള്ളുവെന്നാണ് കെഎസ്ആര്‍ടിസിയുടെ വിശദീകരണം. ബജറ്റില്‍ വകയിരുത്തിയ തുകയുടെ നല്ലൊരു ഭാഗവും നിലവിലെ സഹകരണ കണ്‍സോർഷ്യം വഴിയുള്ള പെന്‍ഷനും ശമ്പളവിതരണത്തിനുള്ള സഹായവുമായി നല്‍കിയെന്നാണ് സര്‍ക്കാര്‍ നിലപാട്. സാമ്പത്തിക പ്രതിസന്ധി മൂലം ശമ്പളം പോലും കൃത്യമായി നല്‍കാന്‍ പറ്റാത്ത സാഹചര്യമാണ് കെഎസ്ആർടിസിയിലുളളത്. അടിയന്തര സഹായമായി 100 കോടി രൂപ അനുവദിക്കണമെന്ന് കെഎസ്ആര്‍ടിസി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam