
തിരുവനന്തപുരം: ലഹരിക്കച്ചവടം നടത്തുന്ന യുവാക്കൾ കെഎസ്ആർടിസ് ബസ് ഡ്രൈവറെയും കണ്ടക്ടറെയും ബസ്സിൽ നിന്നിറക്കി ക്രൂരമായി മർദ്ദിച്ചു. ബൈക്കിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് തിരുവനന്തപുരം വെള്ളനാടാണ് സംഭവം. മർദ്ദനത്തിന്‍റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. അക്രമത്തിൽ ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ വൈകീട്ട് നാലേകാലിനാണ് സംഭവം. വെള്ളനാട് ഡിപ്പോയില്‍ നിന്ന് കണ്ണംമ്പളി വഴി കിഴക്കേക്കോട്ടയിലേക്ക് പോകുകയാരുന്നു ബസ്. മൈലാടി എന്ന സ്ഥലത്ത് എത്തിയപ്പോഴാണ് രണ്ട് ബൈക്കുകള്‍ ബസിന് പുറകില്‍ എത്തി ശക്തമായി ഹോണ്‍ മുഴക്കി. ബൈക്കുകള്‍ പല തവണ ബസിന് മുന്നിലേക്ക് വരാൻ ശ്രമിച്ചു. ബസിന്‍റെ വശങ്ങളില്‍ ബൈക്ക് ഇടിപ്പിച്ച പ്രതികള്‍ ഡ്രൈവറേയും കണ്ടക്ടേയും അസഭ്യം വിളിച്ചു.
ബസ് നിര്‍ത്തിയപ്പോള്‍ രണ്ട് ബൈക്കുകള്‍ ബസിന് കുറുകേ വച്ച് ആറംഗ സംഘം ഭീഷണിമുഴക്കി. ബസില‍്‍ നിന്ന് ഇറങ്ങിയ ഡ്രൈവര്‍ ശ്രീജിത്തിനേയും കണ്ടക്ടര്‍ ഹരിപ്രേമിനേയും കൈയില്‍ താക്കോല്‍ തിരുകി മുഖത്തും വയറിലും ഇടിച്ചു.
നാട്ടുകാരും ബസിലിരുന്നവരും ഇറങ്ങിയാണ് അക്രമികളെ പിടികൂടിയത്. രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. ഇവരെ പിന്നീട് വിളപ്പില്‍ശാല പൊലീസ് പിടികൂടി. ഇവരുടെ കൈയിലുണ്ടായിരുന്ന ബാഗില്‍ നിന്ന് 30 ഗ്രാം കഞ്ചാവും സിറിഞ്ചും കണ്ടെത്തി. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കടക്കം ലഹരിമരുന്ന് വില്‍ക്കുന്നവരാണ് പിടിയിലായതെന്ന് വിളപ്പില്‍ശാല പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം വർക്കലയിൽ സ്കൂൾ പരിസരത്തെ ലഹരി വില്പന ചോോദ്യം ചെയ്ത യുവാവിനെ വിദ്യാർത്ഥികൾ അടങ്ങുന്ന സംഘം ക്രൂരമായി മർദ്ദിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam