KSRTC : കുറഞ്ഞ ശമ്പളം 23,000 രൂപ, 137 % ഡി എ; കെഎസ്ആർടിസി ശമ്പള പരിഷ്കരണത്തിൽ ധാരണ

By Web TeamFirst Published Dec 9, 2021, 5:47 PM IST
Highlights

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം (Salary) സർക്കാർ ജീവനക്കാരുടെ ശമ്പള സ്കെയിലിന് തുല്യമാക്കി. 2022 ജനുവരി മാസം മുതൽ പുതുക്കിയ ശമ്പളം നൽകിത്തുടങ്ങും. ശമ്പളത്തിന് 2021 ജൂൺ മാസം മുതൽ മുൻകാല പ്രാബല്യമുണ്ടാകും. 

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ (Ksrtc) ശമ്പള പരിഷ്ക്കരണത്തിൽ ധാരണയായി. പതിനൊന്നാം ശമ്പളപരിഷ്കരണ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നടപ്പാക്കിയ അതേ ശമ്പള സ്കെയില്‍ കെഎസ്ആര്‍സിയിലും നടപ്പാക്കും. സാമ്പത്തിക ബാധ്യത മറികടക്കാന്‍ 45 വയസ്സ് പിന്നിട്ട ജീവനക്കാര്‍ക്ക് പകുതി ശമ്പളത്തിന് (Salary) 5 വര്‍ഷം വരെ അവധി അനുവദിക്കുന്ന പദ്ധതിയും ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു പ്രഖ്യാപിച്ചു. 

കുറഞ്ഞ ശമ്പളം  23,000 രൂപ ആക്കി ഉയർത്തുമെന്ന് മന്ത്രി അറിയിച്ചു. 2022 ജനുവരി മാസം മുതൽ പുതുക്കിയ ശമ്പളം നൽകിത്തുടങ്ങും. ശമ്പളത്തിന് 2021 ജൂൺ മാസം മുതൽ മുൻകാല പ്രാബല്യമുണ്ടാകും. ഈ കുടിശ്ശിക  സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോൾ നൽകും. 137 % ഡി എ അനുവദിക്കും. എച്ച് ആര്‍എ 4 ശതമാനം, കുറഞ്ഞത് 1200 രൂപ കൂടിയത് 5000 രൂപ, പ്രസവ അവധി 180 ദിവസം എന്നത് ഒന്നരവര്‍ഷമാക്കി. 6 മാസത്തിന് ശേഷം പ്രതിമാസം 5000 രൂപ നല്‍കും. 500 കി.മി.വരെയുള്ള ദീര്‍ഘദൂര ബസ്സുകള്‍ക്കായി ഡ്രൈവര്‍ കം കണ്ടകടര്‍ കേഡര്‍ നടപ്പാക്കും. അതിനുമുകലിലുള്ള സര്‍വ്വീസുകള്‍ക്ക് ക്രൂ ചേഞ്ച് ഉറപ്പാക്കും.

ഇതോടൊപ്പം 45 വയസ്സിനു മുകളിലുള്ള ജീവനക്കാർക്ക് 5 വർഷം വരെ പകുതി ശമ്പളത്തോടെ അവധി നൽകാനും  പദ്ധതിയുണ്ട്. പെൻഷൻ വർദ്ധനയുടെ കാര്യത്തിൽ വിശദമായ ചർച്ചക്ക് ശേഷം തീരുമാനമുണ്ടാകുമെന്നും കെ സ്വിഫ്റ്റ് നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

കെഎസ് ആർടിസിയിലെ അംഗീകൃത ട്രേഡ് യൂണിയനുകളുമായി ഗതാഗതമന്ത്രി നടത്തിയ ചര്‍ച്ചയിലാണ് ശമ്പള പരിശ്കരണത്തിന് ധാരണയായത്. ഡിസംബര്‍ 31 ന് മുമ്പ് കരാര്‍ ഒപ്പിടും. ശമ്പള പരിഷ്കറണ തീരുമാനത്തെ തൊഴിലാളി യൂണിയനുകള്‍ സ്വാഗതം ചെയ്തു.

 

 

 

click me!