
തിരുവനന്തപുരം: സമരം (Doctors Strike) ചെയ്താൽ കർശന നടപടിയെന്ന സർക്കാർ മുന്നറിയിപ്പ് തള്ളി നാളെ മുതൽ എമർജൻസി ഡ്യൂട്ടി ബഹിഷ്കരിച്ചുള്ള സമരത്തിനുറച്ച് പി ജി ഡോക്ടർമാർ (PG Doctors). ഇതിനിടെ കോഴിക്കോടും, തൃശൂരും സമരം ചെയ്യുന്നവരെ ഹോസ്റ്റലുകളിൽ നിന്ന് പുറത്താക്കാൻ ശ്രമം തുടങ്ങിയെന്ന് ഡോക്ടർമാർ പറയുന്നു. സമരം തുടർന്നാൽ പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരം നടപടിയെന്നാണ് സർക്കാർ മുന്നറിയിപ്പ്.
ഏഴാം തിയതി സമരക്കാരുമായി ചർച്ച നടത്തി, സമരം പിൻവലിച്ചതായി സമരക്കാർ പറയും മുൻപേ സർക്കാർ തന്നെ മാധ്യമങ്ങളെ അറിയിച്ച ശേഷം സമരക്കാർക്കിടയിലുണ്ടായത് വൻ ആശയക്കുഴപ്പവും ഭിന്നതയുമായിരുന്നു. ഉറപ്പുകൾ പാലിക്കാനുള്ള സമയം അവസാനിച്ചതോടെയാണ് നാളെ മുതൽ എമർജൻസി ഡ്യൂട്ടിയും ബഹിഷ്കരിച്ചുള്ള സമരത്തിലേക്ക് നീങ്ങുന്നത്. അത്യാഹിത വിഭാഗം, ഐസിയു, ലേബർ റൂം ഡ്യൂട്ടികളെല്ലാം ബഹിഷ്കരിക്കുന്നതോടെ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനത്തെ ഇത് സാരമായി ബാധിക്കും. നീറ്റ് പി ജി പ്രവേശനം നീളുന്നത് മൂലമുള്ള ഡോക്ടർമാരുടെ കുറവ് നികത്താൻ നോൺ അക്കാദമിക് ജൂനിയർ ഡോക്ടർമാരെ നിയമിക്കാമെന്നായിരുന്നു സർക്കാർ ഉറപ്പ്. എന്നാൽ ഇക്കാര്യത്തിൽപ്പോലും ഇതുവരെ വ്യക്തതതയില്ലെന്ന് ഡോക്ടർമാർ പറയുന്നു. ഉറപ്പുകൾ നൽകുന്നതല്ലാതെ ഒന്നും നടപ്പായില്ലെന്നും, നടപടികളെടുത്താലും പിന്നോട്ടില്ലെന്നാണ് പി ജി ഡോക്ടർമാർ പറയുന്നത്.
സമരം ചെയ്യുന്നവർക്കെതിരെ പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരം നടപടിയെടുക്കാനാണ് സർക്കാർ നിർദേശിച്ചിരിക്കുന്നത്. ജോലി ബഹിഷ്കരിച്ച് സമരം ചെയ്യുന്നവരോട് ഹോസ്റ്റലുകളൊഴിയാൻ സർക്കാർ നിർദേശപ്രകാരം കോളേജുകൾ നോട്ടീസ് നൽകിത്തുടങ്ങി. ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിൽ സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും സെക്രട്ടേറിയറ്റിന് മുന്നിൽ നിൽപ്പ് സമരം തുടരുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam