കെഎസ്ആർടിസിയുടെ എക്സിക്യൂട്ടീവ് എസി വോൾവോ സർവീസ് വ്യാഴാഴ്ച മുതൽ; തിരുവനന്തപുരം- എറണാകുളം റൂട്ടിലും ആഡംബര ബസ്

Published : Aug 18, 2026, 03:27 PM IST
ksrtc volvo ac

Synopsis

കെഎസ്ആർടിസി തിരുവനന്തപുരം-എറണാകുളം റൂട്ടിൽ പുതിയ എക്സിക്യൂട്ടീവ് എസി വോൾവോ ലക്ഷ്വറി ബസ് സർവീസ് ആരംഭിക്കുന്നു. പ്രീമിയം റിക്ലൈനിങ് സീറ്റുകൾ, വ്യക്തിഗത വിനോദ സംവിധാനം, പാൻട്രി, ടോയ്‌ലറ്റ് തുടങ്ങിയ ആധുനിക സൗകര്യങ്ങളോടെയുള്ള ഈ സർവീസിലേക്കുള്ള ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു.

തിരുവനന്തപുരം: ദീർഘദൂര യാത്രക്കാർക്ക് ഉയർന്ന നിലവാരത്തിലുള്ളതും സുരക്ഷിതവുമായ യാത്രാനുഭവം ഒരുക്കുന്നതിന്റെ ഭാഗമായി കെഎസ്ആർടിസിയുടെ എക്സിക്യൂട്ടീവ് എസി വോൾവോ ലക്ഷ്വറി ബസ് സർവീസ് വ്യാഴാഴ്ച (ഓഗസ്റ്റ് 20) മുതൽ ആരംഭിക്കും. തിരുവനന്തപുരം- എറണാകുളം റൂട്ടിലാണ് പുതിയ സർവീസ് ക്രമീകരിച്ചിരിക്കുന്നത്. യാത്രയ്ക്കുള്ള ഓൺലൈൻ ബുക്കിങ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.

തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിലാണ് എറണാകുളത്തേക്കും തിരിച്ചുമുള്ള സർവീസ്. തിരുവനന്തപുരത്ത് നിന്ന് രാവിലെ അഞ്ചരയ്ക്ക് പുറപ്പെട്ട് കൊല്ലം അയത്തിൽ, ആലപ്പുഴ കൊമാടി, ഹൈക്കോടതി വഴി രാവിലെ ഒൻപതേ മുക്കാലിന് എറണാകുളത്ത് എത്തും. തിരികെ വൈകിട്ട് അഞ്ചരയ്ക്ക് എറണാകുളത്ത് നിന്ന് പുറപ്പെട്ട് ഇതേ റൂട്ടിലൂടെ രാത്രി ഒൻപതേ മുക്കാലിന് ബസ് തിരുവനന്തപുരത്ത് എത്തുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.

ആധുനിക സാങ്കേതികവിദ്യയും മികച്ച യാത്രാസൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുള്ള ബിസിനസ് ക്ലാസ് ബസാണ് സർവീസിനായി ഉപയോഗിക്കുന്നത്. യാത്രക്കാർക്കായി 36 പ്രീമിയം റിക്ലൈനിങ് സീറ്റുകളാണ് ബസിലുള്ളത്. ഓരോ സീറ്റിലും വ്യക്തിഗത വിനോദ സംവിധാനം ഒരുക്കിയിട്ടുണ്ട്. മിനി റഫ്രിജറേറ്ററും കോഫി മേക്കറും ഉൾപ്പെടുന്ന പാൻട്രി സംവിധാനവും ബസിനുള്ളിൽ തന്നെയുള്ള ടോയ്‌ലറ്റ് സൗകര്യവും ദീർഘദൂര യാത്രക്കാർക്ക് ഏറെ സഹായകമാകും. മൊബൈൽ ഫോണുകളും മറ്റ് ഉപകരണങ്ങളും ചാർജ് ചെയ്യുന്നതിനുള്ള യുഎസ്ബി ചാർജിങ് പോർട്ടുകളും യാത്രയിലുടനീളം സൗജന്യ വൈഫൈ സൗകര്യവും ബസിൽ ലഭ്യമാക്കിയിട്ടുണ്ട്.

പ്രീമിയം നിലവാരത്തിലുള്ള സേവനം ഉറപ്പാക്കുന്നതിനായി ബസിൽ ജീവനക്കാരുണ്ടാകും. ഡ്രൈവർ കം കണ്ടക്ടർമാർക്ക് ബസിന്റെ പ്രവർത്തനരീതി, സുരക്ഷാ സംവിധാനങ്ങൾ, അടിയന്തര ഘട്ടങ്ങളിലെ നടപടികൾ എന്നിവയിലാണ് പരിശീലനം നൽകിയത്. ഇതിന് പുറമെ, ബസ് ഹോസ്റ്റസുമാർക്ക് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, കസ്റ്റമർ സർവീസ്, യാത്രക്കാരെ കൈകാര്യം ചെയ്യുന്ന രീതി, അടിയന്തര സേവനങ്ങൾ തുടങ്ങിയവയിലും മികച്ച പരിശീലനം ഉറപ്പാക്കിയിട്ടുണ്ട്. ടിക്കറ്റുകൾ മുൻകൂട്ടി വാട്സ്ആപ്പിലൂടെ ബുക്ക് ചെയ്യുന്നതിനായി 9447071021 എന്ന നമ്പറിലേക്ക് 'Hai' എന്ന് സന്ദേശം അയക്കാം. കെഎസ്ആർടിസിയുടെ ഔദ്യോഗിക വെബ്സൈറ്റ്, എൻ്റെ കെഎസ്ആർടിസി നിയോ ഒപിആർഎസ് മൊബൈൽ ആപ്ലിക്കേഷൻ, മറ്റ് റിസർവേഷൻ കൗണ്ടറുകൾ എന്നിവ വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കടലില്‍ കാണാതായിട്ട് 7 ദിവസം, ലക്ഷദ്വീപിലെ 2 പൊലീസുകാർക്കായ് തെരച്ചിൽ തുടരുന്നു
കെഎം ബഷീർ കേസ്; വിചാരണ നടപടികൾ നിർത്തി വയ്ക്കാൻ ഹൈക്കോടതി നിർദേശം