മിന്നല്‍ പണിമുടക്ക്: കര്‍ശന നടപടിയുമായി സര്‍ക്കാര്‍, ഡ്രൈവര്‍മാര്‍മാരുടെ ലൈസന്‍സ് റദ്ദാക്കിയേക്കും

By Web TeamFirst Published Mar 5, 2020, 6:51 PM IST
Highlights

കെഎസ്ആര്‍ടിസിയുടെ മിന്നല്‍ സമരത്തിനെതിരെ ജനരോഷം ശക്തമാകുന്ന സാഹചര്യത്തിലാണ് കർശന നടപടിയിലേക്ക് നീങ്ങുകയാണ് ഒടുവിൽ സ‍ർക്കാർ. 

തിരുവനന്തപുരം: തലസ്ഥാനത്തെ അഞ്ച് മണിക്കൂർ ദുരിതത്തിലാക്കിയ മിന്നൽ പണിമുടക്കിൽ കെഎസ്ആർടിസി ജീവനക്കാരുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള കർശന നടപടിക്ക് സർക്കാർ. റോഡിൽ ബസ് നിരത്തി ഗതാഗത സ്തംഭനം ഉണ്ടാക്കിയ ജീവനക്കാരുടെ പട്ടിക നൽകാൻ കളക്ടർ പൊലീസിനോട് ആവശ്യപ്പെട്ടു. കെഎസ്ആര്‍ടിസിയില്‍ എസ്മ ബാധകമാക്കണമെന്നാണ് കളക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട്. അന്തിമ റിപ്പോര്‍ട്ട് ശനിയാഴ്ച സമര്‍പിക്കും.

കെഎസ്ആര്‍ടിസിയുടെ മിന്നല്‍ സമരത്തിനെതിരെ ജനരോഷം ശക്തമാകുന്ന സാഹചര്യത്തിലാണ് കർശന നടപടിയിലേക്ക് നീങ്ങുകയാണ് ഒടുവിൽ സ‍ർക്കാർ. പല പരാതികളിലായി ഇതിനകം 6 കേസുകൾ കെഎസ്ആ‌ടിസി ജീവനക്കാർക്കെതിരെ തമ്പാനൂർ ,ഫോർട്ട് സ്റ്റേഷനുകളിൽ എടുത്തിട്ടുണ്ട്. ഗതാഗതസ്തംഭനത്തിനിടെ കുഴഞ്ഞുവീണ സുരേന്ദ്രന്‍റെ അസ്വാഭാവിക മരണത്തിനും കേസുണ്ട്. ബസ്സുകൾ കൂട്ടത്തോടെ റോഡിൽ നിർത്തി ഇറങ്ങിപ്പോയ ഡ്രൈവർമാരുടേയും കണ്ടക്ടർമാരുടെയും പട്ടിക ശേഖരിച്ചു വരികയാണ്. മിന്നല്‍ പണിമുടക്ക് തെറ്റെന്നാണ്  കലക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട് .അന്തിമ റിപ്പോർട്ടിന്ശേഷമാകും ജീവനക്കാർക്കെതിരായ നടപടി.

അന്വേഷണച്ചുമതലയുള്ള കലക്ടർ കെ.ഗോപാലകൃഷ്ണൻ കിഴക്കേക്കോട്ടയിലും പഴവങ്ങാടിയിലും ഇന്ന് തെളിവെടുപ്പ് നടത്തി. കെഎസ്ആർടിസി ജീവനക്കാർ പൊലീസിനെ കയ്യേറ്റം ചെയ്തതോടെയാണ് എടിഒയെയടക്കം കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് വിശദീകരണം . പൊലീസ് ഭീഷണിപ്പെടുത്തി കസ്റ്റഡിയിലെടുത്തുവെന്നാണ് കെഎസ്ആർടിസി ജീവനക്കാർ നൽകിയ മൊഴി. പൊലീസിനോട് കലക്ടർ സിസി ടിവിദൃശ്യങ്ങൾ ആവശ്യപ്പെട്ടു. സമരത്തിനിടെ കുഴഞ്ഞ് വീണ് മരിച്ച സുരേന്ദ്രൻറെ മൃതദേഹം ജനരൽ ആശുപത്രിയിൽ പോസ്റ്റ് മോർട്ടം ചെയ്തു. വൈകിട്ടോടെ വിതുരയിലെ സുരേന്ദ്രൻറെ അച്ഛൻറെ വീട്ട് വളപ്പിൽ സംസ്ക്കരിച്ചു

click me!