
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് സെപ്തംബർ മാസത്തെ ശമ്പളം വിതരണം ചെയ്തു. മാസങ്ങൾക്ക് ശേഷമാണ് അഞ്ചാം തീയതിക്ക് മുൻപായി ശമ്പള വിതരണം പൂർത്തിയാക്കുന്നത്. സർക്കാർ നൽകിയ 50 കോടി രൂപയും കെഎസ്ആർടിസിയുടെ വരുമാനത്തിൽ നിന്ന് 30 കോടി രൂപയുമെടുത്താണ് ശമ്പളം നൽകിയത്. ടിക്കറ്റ് വരുമാനത്തിൽ നിന്ന് ദിവസവും ഒരു കോടി രൂപ വീതം മാറ്റിവച്ചാണ് ശമ്പള വിതരണത്തിന് പണം കണ്ടെത്തുന്നത്. ആഴ്ചയിൽ ആറ് ദിവസവും സിംഗിൾ ഡ്യൂട്ടി അടക്കമുള്ള പുതിയ മാറ്റങ്ങളോട് സഹകരിച്ചാൽ എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പായി ശമ്പളം നൽകുമെന്ന് മുഖ്യമന്ത്രി നേരിട്ട് ജീവനക്കാർക്ക് ഉറപ്പ് നൽകിയിരുന്നു. ഒക്ടോബർ 1 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ പാറശാല ഡിപ്പോയിൽ സിംഗിൾ ഡ്യൂട്ടി സമ്പ്രദായം കൊണ്ടുവന്നതിന് പിന്നാലെയാണ് ശമ്പള വിതരണവും കൃത്യമായത്.
കെഎസ്ആർടിസിയിൽ ആഴ്ചയിൽ 6 ദിവസം സിംഗിൾ ഡ്യൂട്ടി ഒക്ടോബർ 1 മുതൽ തന്നെ നടപ്പിലാക്കാൻ ധാരണയായി. തൊഴിലാളി നേതാക്കളുമായി മാനേജ്മെന്റ് നടത്തിയ രണ്ടാം വട്ട ചർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയിലെത്തിയത്. തുടക്കത്തിൽ പാറശാല ഡിപ്പോയിൽ മാത്രമാണ് പരീക്ഷണാടിസ്ഥാനത്തിൽ സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കുക. 8 ഡിപ്പോകളിൽ നടപ്പിലാക്കാൻ നേരത്തെ തീരുമാനമെടുത്തിരുന്നെങ്കിലും തയ്യാറാക്കിയ ഷെഡ്യൂളുകളിലെ അപാകതകൾ യൂണിയനുകൾ ചൂണ്ടിക്കാട്ടിയതോടെയാണ് തീരുമാനം മാറ്റിയത്. സിഐടിയു ഈ തീരുമാനം അംഗീകരിച്ചു. തീരുമാനത്തെ അംഗീകരിച്ചെങ്കിലും 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി അംഗീകരിക്കില്ലെന്ന് ബിഎംഎസ് വ്യക്തമാക്കി.
8 മണിക്കൂറിൽ അധികം വരുന്ന തൊഴിൽ സമയത്തിന് രണ്ട് മണിക്കൂർ വരെ അടിസ്ഥാന ശമ്പളത്തിനും ഡിഎയ്ക്കും ആനുപാതികമായ ഇരട്ടി വേതനം നൽകുമെന്നാണ് മാനേജ്മെന്റ് പറയുന്നത്. ഈ ഘടനയെ സ്വാഗതം ചെയ്യുമ്പോഴും 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി അംഗീകരിക്കില്ലെന്നാണ് സിഐടിയു ഒഴികെയുള്ള യൂണിയനുകളുടെ നിലപാട്. പണിമുടക്കിനെ ശക്തമായി നേരിടുമെന്ന് പ്രഖ്യാപിച്ച മാനേജ്മെൻറ് സമരത്തിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് ഡയസ്നോൺ ബാധകമാക്കുമെന്നും സെപ്റ്റംബറിലെ ശമ്പളം നൽകില്ലെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സർക്കാർ സഹായം തേടി കെഎസ്ആർടിസി; 'സെപ്തംബറിലെ ശമ്പളം നൽകാൻ 50 കോടി വേണം'
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam