
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന കെ.എസ്.ആർ.ടി.സി.യെ രക്ഷിക്കാൻ നൂതനമായ 'തൊഴിൽ ദാന പദ്ധതിയുമായി' ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. ആർക്കും കെഎസ്ആർടിസിക്ക് വേണ്ടി പരസ്യങ്ങൾ പിടിക്കാൻ അവസരം നൽകുന്ന ഈ പദ്ധതി ഉടൻ നിലവിൽ വരും.
ഈ പദ്ധതി പ്രകാരം, ഒരു ലക്ഷം രൂപയുടെ പരസ്യം കെഎസ്ആർടിസിക്ക് നേടി നൽകുന്ന ഏതൊരാൾക്കും അതിൻ്റെ 15 ശതമാനം കമ്മീഷനായി സ്വന്തം അക്കൗണ്ടിലേക്ക് ലഭിക്കും. കെഎസ്ആർടിസിയിൽ പരസ്യം പിടിച്ചുകൊണ്ട് ഏതൊരു ചെറുപ്പക്കാരനും മാന്യമായി ജീവിക്കാനുള്ള ഒരു പുതിയ തൊഴിലവസരമാണ് ഇതിലൂടെ തുറന്നു കൊടുക്കുന്നതെന്നും മന്ത്രി അറിയിച്ചു.
പരസ്യ കമ്പനികൾക്കെതിരെ ഗുരുതര ആരോപണം
പുതിയ പദ്ധതി പ്രഖ്യാപിക്കുന്നതിനിടെ, പരസ്യ കമ്പനികൾക്കെതിരെ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചു. പരസ്യ കമ്പനികൾ കാരണം കോടികളുടെ നഷ്ടമാണ് കെ.എസ്.ആർ.ടി.സിക്ക് ഉണ്ടാകുന്നത്. കഴിഞ്ഞ 6-7 വർഷങ്ങൾക്കുള്ളിൽ 65 കോടി രൂപയെങ്കിലും ഈ വകയിൽ കോർപ്പറേഷന് നഷ്ടമുണ്ടായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ടെൻഡർ എടുത്തതിന് ശേഷം ചില കമ്പനികൾ കള്ളക്കേസുകൾ ഉണ്ടാക്കുകയും കോടതിയിൽ പോയി ആ ഇനത്തിൽ പണം കൈക്കലാക്കുകയും ചെയ്യുന്നതാണ് കെ.എസ്.ആർ.ടി.സിക്ക് നഷ്ടമുണ്ടാകാൻ കാരണം. ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരം ഇത്തരം കമ്പനികളെ കരിമ്പട്ടികയിൽപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ടെൻഡർ വിളിക്കുമ്പോൾ സംഘം ചേർന്ന് വരാതിരിക്കുക എന്ന പുതിയ തന്ത്രമാണ് അവർ പയറ്റുന്നതെന്നും മന്ത്രി വ്യക്തമാക്കി. 'അവനെ വിറ്റ കാശ് നമ്മുടെ പോക്കറ്റിലുണ്ട്' എന്ന് പറഞ്ഞായിരുന്നു മന്ത്രി പുതിയ പദ്ധതി പ്രഖ്യാപിച്ചത്. പരസ്യവരുമാനം കാര്യക്ഷമമാക്കി കോർപ്പറേഷനെ കരകയറ്റാനാണ് പുതിയ പദ്ധതി ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam