ശബരിമല സ്വർണക്കൊള്ളയിൽ പ്രതിഷേധിച്ച് നിയമസഭയ്ക്ക് മുന്നിൽ നടത്തിയ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം. പൊലീസ് കണ്ണീർ വാതക മുന്നറിയിപ്പ് നൽകുകയും പ്രവർത്തകരോട് പിരിഞ്ഞുപോകാൻ നിർദേശിക്കുകയും ചെയ്തു.

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പ്രതിഷേധിച്ച് നിയമസഭയ്ക്ക് മുന്നിൽ യൂത്ത് കോൺഗ്രസിന്റെ മാർച്ച്. ബാരിക്കേഡ് മറികടക്കാനാണ് പ്രവർത്തകരുടെ ശ്രമം. യൂത്ത് കോൺ​ഗ്രസ് പ്രസിഡൻ്റ് ഒ ജെ ജനീഷ്, അബിൻ വർക്കി എന്നിവരുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തുന്നത്. നിരവധി തവണ പ്രവർത്തകർക്ക് നേരെ പൊലീസ് ജല പീരങ്കി പ്രയോ​ഗിച്ചു. പൊലീസ് വാഹനത്തിന് നേരെ കല്ലേറ് ഉണ്ടായി. പ്രവർത്തകരോട് പിരിഞ്ഞ് പോകാൻ പൊലീസ് നിർദേശം നൽകിയിട്ടും പിന്മാറാത്തതിനാൽ കണ്ണീർ വാതക പ്രയോ​ഗം നടത്തി. ഇതോടെ പലർക്കും ദേഹാസ്വാസ്‌ഥ്യം ഉണ്ടായി. പലർക്കും പരിക്കേറ്റു. പരിക്കേറ്റ പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെ രണ്ട് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

അന്തിമ സമരപോരാട്ടങ്ങളുടെ തുടക്കമാണിതെന്നും നാടിനെ വർഗീയതയിലേക്ക് നയിക്കുന്ന കാലന്റെ വാക്കുകളാണ് ബാലന്റേതെന്നും യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഒ ജെ ജനീഷ് പറഞ്ഞു. മുഖ്യമന്ത്രിയുടെ മനസ്സിൽ ഉദിക്കുന്ന വിഷം മറ്റു നേതാക്കളിലൂടെ പുറത്തുവരുകയാണെന്നും അദ്ദേഹം മാർച്ചിനിടെ പറഞ്ഞു.