ബലാൽസംഗം അല്ല ഉഭയസമതപ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്ന് ജില്ലാ കോടതിയിലും രാഹുലിന്റെ അഭിഭാഷകൻ വാദിച്ചു. ഇലക്ട്രോണിക് തെളിവുകൾ ഉൾപ്പെടെ ഹാജരാക്കുകയും ചെയ്തു.
പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സമർപ്പിച്ച ജാമ്യ ഹർജിയിൽ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ശനിയാഴ്ച വിധി പറയും. ബലാത്സംഗം അല്ല ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്ന് ജില്ലാ കോടതിയിലും രാഹുലിന്റെ അഭിഭാഷകൻ വാദിച്ചു. ഇലക്ട്രോണിക് തെളിവുകൾ ഉൾപ്പെടെ ഹാജരാക്കുകയും ചെയ്തു. എന്നാൽ ജാമ്യ ഹർജിയെ ശക്തമായി എതിർത്ത പ്രോസിക്യൂഷൻ ക്രൂര പീഡനമാണ് പരാതിക്കാരി നേരിട്ടതെന്നും രാഹുൽ പ്രതിയായ സമാന സ്വഭാവമുള്ള മറ്റു രണ്ടു കേസുകളുടെ കാര്യവും ചൂണ്ടിക്കാട്ടി.
വിദേശത്ത് താമസിക്കുന്ന മലയാളിയായ 31 വയസുകാരിയുടെ പരാതിയിൽ ജനുവരി 10നാണ് രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലാവുന്നത്. ഷൊർണൂരിലെ കെപിഎം ഹോട്ടലിൽ നിന്നാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. അർധരാത്രി അറസ്റ്റിലായ മാങ്കൂട്ടത്തിലിനെ പത്തനംതിട്ട ജില്ലാ കോടതി മജിസ്ട്രേറ്റ് റിമാൻഡ് ചെയ്യുകയായിരുന്നു. നേരത്തെ രണ്ട് ബലാത്സംഗ കേസുണ്ടായിരുന്ന രാഹുലിനെ മൂന്നാം ബലാത്സംഗ കേസിൽ പൊലീസ് രഹസ്യ നീക്കത്തിലൂടെയാണ് പിടികൂടിയത്. ബലാത്സംഗത്തിനും ശാരീരിക മാനസിക പീഡനത്തിനും പുറമെ ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കൽ അടക്കം ഞെട്ടിക്കുന്നതും സമാന സ്വഭാവത്തിലുള്ളതുമാണ് കുറ്റങ്ങൾ.
പ്രതി സ്ഥിരം കുറ്റവാളിയാണെന്നും പുറത്തിറങ്ങിയാൽ അതിജീവിതമാരെ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്. പ്രതി എംഎൽഎ ആയതിനാൽ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ട്. പ്രതി അന്വേഷണത്തോട് സഹകരിക്കുന്നില്ല. ഫോൺ ലോക്ക് അടക്കം മാറ്റാൻ വിസമ്മതിച്ചതായും റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കുന്നു.



