ഒരേ സമയം 4 ബസുകൾ അതിവേ​ഗം ചാർജ് ചെയ്യാം; ഇലക്ട്രിക് ബസുകള്‍ക്കായി സ്ഥിരം സംവിധാനമൊരുക്കി കെഎസ്ആർടിസി

By Web TeamFirst Published Dec 6, 2022, 12:06 PM IST
Highlights

തിരുവനന്തപുരം കിഴക്കേകോട്ട  സിറ്റി യൂണിറ്റിലാണ്  കെഎസ്ആർടിസി  പുതിയതായി സബ്സ്റ്റേഷൻ സ്ഥാപിച്ചത്. ഇതോടെ വൈദ്യുതി തടസങ്ങളില്ലാതെ മികച്ച രീതിയിൽ ചാർജ് ചെയ്യാനാകും. 

തിരുവനന്തപുരം: കെഎസ്ആർടിസി സിറ്റി സർക്കുലർ സർവ്വീസ് നടത്തുന്ന ഇലക്ട്രിക് ബസുകളുടെ ബാറ്ററി ചാർജ് ചെയ്യുന്നതിനായി    സ്ഥിരം സംവിധാനം സ്ഥാപിച്ചു. കിഴക്കേകോട്ട  സിറ്റി യൂണിറ്റിലാണ്  കെഎസ്ആർടിസി  പുതിയതായി സബ്സ്റ്റേഷൻ സ്ഥാപിച്ചത്. കെഎസ്ആർടിസി  99,18,175 രൂപ ചിലവാക്കിയതോടൊപ്പം  81,33,983 രൂപ കെഎസ്ഇബിക്ക് അടച്ചതും ഉൾപ്പടെ 1,80,52,158 രൂപ ചിലവഴിച്ചാണ് ഒരേ സമയം 4 ബസുകൾക്ക് അതിവേ​ഗം ചാർജ് ചെയ്യാവുന്ന സബ്സ്റ്റേഷൻ സ്ഥാപിച്ചത്. ഇതോടെ വൈദ്യുതി തടസങ്ങളില്ലാതെ മികച്ച രീതിയിൽ ബസുകള്‍ ചാർജ് ചെയ്യാനാകും.

നാല് ബസുകൾ ഒരേ സമയം  ഒരു ചാർജിം​ഗ് ​ഗൺ ഉപയോ​ഗിച്ച് സ്ലോ ചാർജിം​ഗും, രണ്ട് ​ഗൺ ഉപയോ​ഗിച്ച് 45 മിനിറ്റ് അതിവേ​ഗ ചാർജിം​ഗും ചെയ്യാനാകും. രാത്രി സമയത്താകും സ്ലോ ചാർജിം​ഗ് ചെയ്യുക. പകൽ സമയം അതിവേ​ഗം ചാർജും ചെയ്യാൻ സാധിക്കും. നിലവിൽ 40 ഇലക്ട്രിക് ബസുകളാണ് സിറ്റി സർക്കുലർ സർവ്വീസിനായി കെഎസ്ആർടിസി ഉപയോ​ഗിക്കുന്നത്. 10 ബസുകൾ കൂടി ഡിസംബർ - ജനുവരി മാസത്തിൽ സിറ്റി സർക്കുലർ സർവ്വീസിന്റെ ഭാ​ഗമാകും. വികാസ് ഭവൻ, പേരൂർക്കട, തിരുവനന്തപുരം സെൻട്രൽ, പാപ്പനംകോട് സെന്റർ വർക്ക്ഷോപ്പ് എന്നിവടങ്ങിലും താൽക്കാലിക ചാർജിം​ഗ് സ്റ്റേഷനുകൾ നിലവിലുണ്ട്.

സ്മാർട്ട് സിറ്റിയുടെ ഫണ്ടിൽ നിന്നും വാങ്ങുന്ന 9 മീറ്റർ നീളമുള്ള 125 ബസുകളുടെ ടെന്റർ നടപടികൾ  അവസാന ഘട്ടത്തിലാണ്. ഈ ടെന്ററിൽ 3 കമ്പനികളാണ് പങ്കെടുത്തിരിക്കുന്നത്. കൂടാതെ കിഫ്ബി മുഖേന 12 മീറ്റർ നീളമുള്ള 150 ബസുകൾ വാങ്ങാനുള്ള ടെന്റർ നടപടികളും ആരംഭിച്ചിട്ടുണ്ട്. ഇത്രയേറെ ബസുകൾക്ക് ചാർജിം​ഗ് സബ്സ്റ്റേഷൻ അനിവാര്യമായ സാഹചര്യത്തിലാണ് കെഎസ്ആർടിസി ഇത്തരത്തിലുള്ള സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്.

പാപ്പനംകോട്, ഈഞ്ചയ്ക്കൽ എന്നിവിടങ്ങിൽ 5 ബസുകൾ വീതം ചാർജ് ചെയ്യാവുന്ന സബ്സ്റ്റേഷനുകൾ പ്രവർത്തനം പുരോ​ഗമിക്കുകയാണ്. വെഞ്ഞാറമൂട്, കിളിമാനൂർ, ആറ്റിങ്ങൽ , കണിയാപുരം, പേരൂർക്കട, നെയ്യാറ്റിൻകര, പാറശ്ശാല, നെടുമങ്ങാട്, തമ്പാനൂർ സെൻട്രൽ എന്നിവടങ്ങളിലും സബ് സ്റ്റേഷൻ സ്ഥാപിക്കുന്നതിനുള്ള പഠനം ആരംഭിച്ചിട്ടുണ്ട്.

നിലക്കൽ-പമ്പ റൂട്ടിൽ കെഎസ്ആര്‍ടിസി വരുമാനം 10 കോടി കവിഞ്ഞു, ബസുകളുടെ എണ്ണം 189 ആയി,15 എ സി ബസുകൾ ഉടനെത്തും

click me!