ഒടുവിൽ പണമെത്തി; സർക്കാർ അനുവദിച്ച 20 കോടി കിട്ടി; കെഎസ്ആർടിസി ഡീസൽ കുടിശിക തീർത്തു

By Web TeamFirst Published Aug 12, 2022, 7:58 PM IST
Highlights

സംസ്ഥാന സർക്കാരിൽ നിന്ന് പണം ലഭിക്കുമെന്ന് ഉറപ്പായതോടെ സ്വകാര്യ പമ്പുകളിൽ നിന്ന് ഡീസൽ അടിക്കുന്നത് കെഎസ്ആർടിസി നിർത്തിയിരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കെ എസ് ആർ ടി സി നേരിടുന്ന ഡീസൽ പ്രതിസന്ധിക്ക് പരിഹാരമാകുന്നു. സംസ്ഥാന സർക്കാർ അനുവദിച്ച 20 കോടി രൂപ കെ എസ് ആർ ടി സിക്ക് ലഭിച്ചതോടെയാണിത്. ഇതോടെ ഇന്ത്യൻ ഓയിൽ കോർപ്പറേഷന് നൽകാനുണ്ടായിരുന്ന 15 കോടി രൂപയുടെ കുടിശിക കെ എസ് ആർ ടി സി അടച്ചു തീർത്തു. നാളെ മുതൽ പഴയ പടി സർവീസുകൾ നടത്തും. ജൂലൈ മാസത്തെ ശമ്പള വിതരണം ഭാഗികമായി തുടങ്ങി. തൂപ്പുകാർ അടക്കമുള്ള കരാർ ജീവനക്കാർക്കാണ് ജൂലൈ മാസത്തെ ശമ്പളം ആദ്യം നൽകിയത്.

ശമ്പളം നൽകാൻ സാവകാശം വേണമെന്ന് കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍

സംസ്ഥാന സർക്കാരിൽ നിന്ന് പണം ലഭിക്കുമെന്ന് ഉറപ്പായതോടെ സ്വകാര്യ പമ്പുകളിൽ നിന്ന് ഡീസൽ അടിക്കുന്നത് കെഎസ്ആർടിസി നിർത്തിയിരുന്നു. നേരത്തെ നൽകിയ 123 കോടി രൂപയുടെ സഹായ അഭ്യർത്ഥന പിൻവലിച്ച് കെഎസ്ആർടിസി സർക്കാറിന് പുതിയ അപേക്ഷ സമർപ്പിക്കുകയും ചെയ്തു. 103 കോടി രൂപയുടെ പുതിയ അഭ്യർത്ഥനയാണ് സർക്കാറിന് മുന്നിൽ വെച്ചത്. ഇതിൽ 50 കോടി നിലവിലെ ഓവർ ഡ്രാഫ്റ്റ് അടച്ചു തീർക്കാനും മൂന്നു കോടി രൂപ ഇതുവരെ എടുത്ത ഓവർ ഡ്രാഫ്റ്റുകളുടെ പലിശ കൊടുക്കാനുമാണ്. ബാക്കി 50 കോടി രൂപ ജൂലൈ മാസത്തെ ശമ്പള വിതരണം തുടങ്ങാനുമാണ് ആവശ്യപ്പെടുന്നത്.

ശമ്പളം രണ്ട് ദിവസത്തിനുള്ളിൽ കൊടുത്തുതീർക്കും: മന്ത്രി ആന്റണി രാജു

ജീവനക്കാർക്ക് ജൂലൈ മാസത്തെ ശമ്പളം നൽകാൻ 10 ദിവസം കൂടി സാവകാശം തേടി കെ എസ് ആർ ടി സി മാനേജ്മെന്‍റ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുകയാണ്. ഈ മാസം പത്തിനകം ശമ്പളം നൽകിയില്ലെങ്കിൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ബിജു പ്രഭാകർ കോടതിയലക്ഷ്യ നടപടികൾ നേരിടേണ്ടി വരും. എല്ലാ മാസവം അഞ്ചാം തീയ്യതിയ്ക്ക് മുൻപ് ശമ്പളം നൽകണമെന്ന കോടതി ഉത്തരവ് ജൂണിൽ നടപ്പാക്കിയത് ഡീസലിനുള്ള പണം വക മാറ്റിയായിരുന്നു. ഇതോടെ ഡീസലില്ലാതെ പല സർവ്വീസും സംസ്ഥാനത്ത് ഉടനീളം മുടങ്ങി. സംസ്ഥാന സർക്കാർ 20 കോടി അനുവദിച്ചതിന്റെ അടിസ്ഥാനത്തിൽ ഇതിനായി കാത്തിരിക്കുകയായിരുന്നു മാനേജ്മെന്റ്. ശമ്പള വിതരണം കൃത്യമായി നടക്കാത്തത് ചോദ്യം ചെയ്ത് ജീവനക്കാർ നൽകിയ ഹർജി ഈമാസം 17 ന് ഹൈക്കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്. എല്ലാ മാസവും ആദ്യ ആഴ്ചയിൽ ശമ്പളം നൽകണമെന്ന കോടതി നിർദ്ദേശം നടപ്പാക്കാൻ എന്ത് ചെയ്യുമെന്ന് സംസ്ഥാന സർക്കാർ അറിയിക്കേണ്ടിവരും. 

കെഎസ്ആർടിസിയിലെ ഡീസൽ പ്രതിസന്ധി: സർക്കാർ അനുവദിച്ച 20 കോടി രൂപ അക്കൗണ്ടിൽ എത്തിയില്ല

click me!