കെഎസ്ആർടിസിയുടെ ഓണം സ്പെഷ്യൽ സർവീസ് ഇന്ന് മുതൽ, പുതുപുത്തൻ പ്രീമിയം ബസുകൾ ഉൾപ്പെടെ നിരത്തിലിറങ്ങും

Published : Aug 29, 2025, 09:19 AM IST
KSRTC Ultra Premium buses

Synopsis

ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള സർവീസുകൾ ഇന്ന് മുതൽ ആരംഭിക്കും. 

ബെംഗളൂരു: മറുനാടൻ മലയാളികളുടെ യാത്രാക്ലേശം പരിഹരിക്കാൻ നടപടികളുമായി കെഎസ്ആർടിസി. ഓണത്തോടനുബന്ധിച്ചുള്ള അധിക ഷെഡ്യൂളുകൾ ഇന്ന് മുതൽ സർവീസ് നടത്തും. പുതുതായി വാങ്ങിയ എസി സ്ലീപ്പറുകൾ ഉൾപ്പെടെയാണ് ഓണക്കാലത്ത് സർവീസ് നടത്തുക.

ട്രെയിനിൽ ടിക്കറ്റില്ല. സ്വകാര്യ ബസ് സർവീസുകളുടെ ടിക്കറ്റ് കൊള്ള. ഉയർന്ന വിമാന നിരക്ക്. ഓണക്കാലത്ത് നാട്ടിലെത്താൻ ആഗ്രഹിക്കുന്ന മലയാളികളെ അലട്ടുന്ന യാത്രാ പ്രശ്നങ്ങൾക്ക് പരിഹാരം പ്രഖ്യാപിച്ചിരിക്കുകയാണ് കെഎസ്ആർടിസി. ബെംഗളൂരുവിൽ നിന്നും മൈസൂരുവിൽ നിന്നും നാട്ടിലേക്ക് പ്രഖ്യാപിച്ച സർവീസുകൾ ഇന്ന് മുതൽ ഓടിത്തുടങ്ങും. പുതുതായി കെഎസ്ആർടിസിയുടെ ഭാഗമായി മാറിയ പ്രീമിയം ബസുകൾ മുതൽ സൂപ്പർ ഫാസ്റ്റ് ബസുകൾ വരെ ഇക്കൂട്ടത്തിലുണ്ട്.

കൊട്ടാരക്കര, തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം, ആലപ്പുഴ, കോട്ടയം ഡിപ്പോകളിലേക്ക് അധിക സർവീസുകൾ ഉണ്ടാകും. നിലവിൽ ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഓപ്പറേറ്റ് ചെയ്യുന്ന 49 ഷെഡ്യൂളുകൾക്ക് പുറമേയാകും ഈ ബസുകളുടെ സർവീസ്. ബസുകളിൽ ഫ്ലെക്സി നിരക്കുകൾ ബാധകമായിരിക്കുമെന്ന് കെഎസ്ആർടിസി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാലും തോന്നുംപടി നിരക്ക് ഈടാക്കാറുള്ള സ്വകാര്യ ട്രാവൽ ഏജൻസികളുടെ നിരക്ക് വച്ച് താരതമ്യം ചെയ്യുമ്പോൾ ഇത് കുറവായിരിക്കുമെന്നാണ് അധികൃതരുടെ വിശദീകരണം.

നിലവിലുള്ള സർവീസുകൾക്കും അധികം പ്രഖ്യാപിച്ച സർവീസുകൾക്കും അപ്പുറം ആളുകൾ എത്തിയാലും ക്രമീകരണം ഉണ്ടാകുമെന്നാണ് കെഎസ്ആർടിസി നൽകുന്ന മറ്റൊരു ഉറപ്പ്. എവിടേക്കാണോ യാത്രക്കാർ കൂടുതൽ ഉള്ളത് ആ ഡിപ്പോകളിൽ നിന്ന് കൂടുതൽ ബസുകളെത്തിച്ച് പ്രതിസന്ധി പരിഹരിക്കും. ഓണം കഴിഞ്ഞ് മടങ്ങി എത്തുന്നവർക്കും ആവശ്യാനുസരണം അധിക ബസ് ലഭ്യമാക്കുമെന്നാണ് അറിയിപ്പ്. ഇതിനൊപ്പം കർണാടക ട്രാൻസ്പോ‍ർട് കോർപ്പറേഷന്റെ സർവീസുകളുമുണ്ടാകും.

നിലവിലെ കെഎസ്ആർടിസി ഷെഡ്യൂളുകൾ 49 ആണ്. അധികമായി പ്രഖ്യാപിച്ചത് 44 ഷെഡ്യൂളുകളാണ്.

 

PREV
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം