കെഎസ്‌യു വിവാദം കോൺഗ്രസിൽ പുകയുന്നു; വി ഡി സതീശനെതിരെ വി ആർ അനൂപ്, തിരിച്ചടിച്ച് രാജു പി നായർ

Published : Jul 16, 2026, 06:57 PM IST
vd satheesan

Synopsis

കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ചക്ക് അനുമതി നൽകിയില്ലെന്ന് ആരോപിച്ച് സതീശനെതിരെ രൂക്ഷ വിമർശനവുമായി വി ആർ അനൂപ് രംഗത്തെത്തി. എന്നാൽ, പാർട്ടിയുടെ മുഖമായിരുന്ന് സംഘ്പരിവാറിന്റെയും സിപിഎമ്മിന്റെയും പണി എടുക്കുന്നവർ ആരുടെ വക്താക്കൾ ആണെന്ന് സ്വയം ചിന്തിക്കണമെന്ന് രാജു പി നായർ തിരിച്ചടിച്ചു.

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ ശൈലിയെച്ചൊല്ലി കോൺഗ്രസ് വക്താക്കൾ തമ്മിൽ വാക്‌പോര്. കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ചക്ക് അനുമതി നൽകിയില്ലെന്ന് ആരോപിച്ച് സതീശനെതിരെ രൂക്ഷ വിമർശനവുമായി വി ആർ അനൂപ് രംഗത്തെത്തി. എന്നാൽ, പാർട്ടിയുടെ മുഖമായിരുന്ന് സംഘ്പരിവാറിന്റെയും സിപിഎമ്മിന്റെയും പണി എടുക്കുന്നവർ ആരുടെ വക്താക്കൾ ആണെന്ന് സ്വയം ചിന്തിക്കണമെന്ന് എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി രാജു പി നായർ തിരിച്ചടിച്ചു.

പ്ലീ‍ഡര്‍ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിൽ കെ എസ് യുവിനെ മുഖ്യമന്ത്രി പരിഹസിച്ചതാണ് വിവാദങ്ങളുടെ തുടക്കം. മുഖ്യമന്ത്രി പറഞ്ഞതിലുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച അലോഷ്യസ് സേവ്യർ ഇന്ന് തലസ്ഥാനത്ത് അദ്ദേഹത്തെ നേരിട്ട് കണ്ട് കെ എസ് യു നിലപാട് അറിയിക്കുമെന്നും പറഞ്ഞു. എന്നാൽ, അലോഷ്യസിന് ഇന്ന് സതീശനെ കാണാൻ അനുമതി കിട്ടിയില്ല.

കെ സി വേണുഗോപാലിനോട് അടുപ്പം പുലർത്തുന്ന അനൂപ് പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത് സതീശൻ അനുകൂലികളെ ചൊടിപ്പിച്ചു. തൊട്ടുപിന്നാലെ ഫേസ്ബുക്കിൽ നീണ്ട കുറിപ്പുമായി രാജു പി നായർ എത്തി. മോഹഭംഗം സംഭവിച്ച ചിലർ പാർട്ടിയുടെ മുഖമായിരുന്നുകൊണ്ട് സംഘ്പരിവാറിന്റെയും സിപിഎമ്മിന്റെയും പണി എടുക്കുന്നുവെന്നു കാണുമ്പോൾ പ്രതികരിക്കാതിരിക്കാൻ കഴിയില്ല. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവർ ഉത്തരവാദിത്തത്തോടെ പെരുമാറണം എന്ന് തുടങ്ങുന്ന കുറിപ്പിൽ അലോഷ്യസ് സേവ്യറിന് അപ്പോയ്ന്റ്മെന്റ് നിഷേധിച്ചില്ലെന്നു പരോക്ഷമായി സൂചിപ്പിക്കുന്നുണ്ട്. `തിരുവനന്തപുരത്തുള്ളപ്പോൾ എത്രയോ നേതാക്കന്മാർ അദ്ദേഹത്തെ നേരിൽ കണ്ടു പോവുന്നുണ്ട്? എന്നിട്ട് അതിനെ ഹിന്ദു ഐക്യവേദിയുടെ നേതാക്കന്മാർ കണ്ടതുമായി കൂട്ടികെട്ടി പ്രതികരിക്കണമെങ്കിൽ അത് അത്ര നിഷ്കളങ്കമല്ല, അറിയാതെയെങ്കിലും സിപിഎമ്മിന്റെയും നിങ്ങളുടെയും അജണ്ട ഒരുമിക്കുന്നതാണെന്ന് മനസ്സിലാക്കണം,' രാജു പി നായർ കുറിച്ചു. പാർട്ടിയും മുഖ്യമന്ത്രിയും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിലുണ്ടെന്നത് മാധ്യമ സൃഷ്ടി മാത്രമാണെന്ന കോൺഗ്രസ് നേതൃത്വത്തിന്റെ വാദത്തെയും പരസ്യ പ്രതികരണം ഖണ്ഡിക്കുകയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മെസിയുടെ പേരിലെ തട്ടിപ്പ്; സമഗ്ര അന്വേഷണത്തിന് സർക്കാർ, എസ്ഐടി രൂപീകരിക്കാന്‍ ശുപാര്‍ശ ചെയ്ത് മുഖ്യമന്ത്രി
'ഭരണഘടനാപരമായ തുല്യത റദ്ദാക്കാൻ ആർക്കും ലൈസൻസില്ല', കാന്തപുരത്തിന്റെ പരാമർശം പ്രതിലോമകരം; രൂക്ഷവിമർശനവുമായി മന്ത്രി റോജി എം ജോൺ