
തിരുവനന്തപുരം: ടിക്കറ്റ് വരുമാനത്തിൽ സർവ്വകാല റെക്കോർഡ് നേടി കെഎസ്ആർടിസി. ഇന്നലെ ( 15.12.2025 ) ലെ ലെ കളക്ഷൻ 10.77 കോടി രൂപയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു. ടിക്കറ്റിതര വരുമാനം 0.76 കോടി രൂപ ഉൾപ്പെടെ ആകെ വരുമാനം 11.53 കോടി രൂപയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം ( ഓപ്പറേറ്റിംഗ് റവന്യു ) ആണിത്. കഴിഞ്ഞവർഷം നിലനിന്നിരുന്ന സമാന സാഹചര്യത്തിലും ടിക്കറ്റ് നിരക്കിൽ വർദ്ധനവില്ലാതെയും പ്രവർത്തനം മെച്ചപ്പെടുത്തിയാണ് ഈ വലിയ ലക്ഷ്യം കെഎസ്ആർടിസി കൈവരിച്ചതെന്നും മന്ത്രി.
മന്ത്രിയായി സ്ഥാനമേറ്റടുത്തതിന് ശേഷം നടത്തിയ കാലോചിതമായ പരിഷ്ക്കരണ നടപടികളും, കെഎസ്ആർടിസി മാനേജ്മെന്റിന്റെ നേതൃത്വത്തിൽ നടത്തിയ തുടർ പ്രവർത്തനങ്ങളും സ്വയംപര്യാപ്ത കെഎസ്ആർടിസി എന്ന ലക്ഷ്യത്തിലേക്കുള്ള വലിയ മുന്നേറ്റത്തിന് നിർണായകമായി. പുതിയ ബസുകളുടെ വരവും, സേവനങ്ങളിൽ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും യാത്രക്കാരിൽ വൻ സ്വീകാര്യത നേടിയിട്ടുണ്ട്. ചിട്ടയായ പ്രവർത്തനങ്ങളിലൂടെ കെഎസ്ആർടിസിയുടെ എല്ലാ ഡിപ്പോകളും നിലവിൽ പ്രവർത്തന ലാഭത്തിലാണ്. മികച്ച ടിക്കറ്റ് വരുമാനം നേടുന്നതിനായി കെഎസ്ആർടിസി നിശ്ചയിച്ചു നൽകിയിരുന്ന ടാർജറ്റ് നേടുന്നതിനായി ഡിപ്പോകളിൽ നടന്ന മത്സരബുദ്ധിയോടെയുള്ള പ്രവർത്തനങ്ങളും ഓഫ് റോഡ് കുറച്ച് പരമാവധി ബസുകൾ നിരത്തിലിക്കാനായതും സേവനങ്ങളിൽ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും വരുമാനം വർദ്ധിക്കുന്നതിന് കാരണമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കെഎസ്ആർടിസിയുടെ തുടർച്ചയായ, ഈ നേട്ടങ്ങൾ കൈവരിക്കുന്നതിൽ അക്ഷീണം പ്രയത്നിക്കുന്ന കെഎസ്ആർടിസി സിഎംഡി ഡോ.പ്രമോജ് ശങ്കറിനും മാനേജ്മെന്റിനും കെഎസ്ആർടിസിയുടെ എല്ലാ വിഭാഗം ജീവനക്കാർക്കും യാത്രക്കാർക്കും മന്ത്രി അഭിനന്ദനം അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam