
പത്തനംതിട്ട: കാലുവാരൽ ആരോപണത്തിനു പിന്നാലെ നിലപാട് കൂടുതൽ കടുപ്പിച്ച് മുൻ എംഎൽഎ കെ സി രാജഗോപാലൻ. സിപിഎം മൂട് താങ്ങികളുടെ പാർട്ടിയായി മാറിയെന്നും വിഎസ് ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ആകില്ലായിരുന്നുവെന്നും കെ സി ആർ തുറന്നടിച്ചു. അതിനിടെ, കെ സി രാജഗോപാലനെ വിമർശിച്ച മുൻ ജില്ലാ കമ്മിറ്റി അംഗം രംഗത്തെത്തി. മലർന്നു കിടന്നു തുപ്പരുത് എന്നാണ് പരിഹാസം.
കലാപക്കൊടി വീശുകയാണ് കെസിആർ. മൂട് താങ്ങികളുമായി മുന്നോട്ടു പോയാൽ സിപിഎം തകരും. മെഴുവേലിയിൽ തന്നെ കാലുവാരി തോൽപ്പിക്കാൻ ശ്രമിച്ച കോഴഞ്ചേരി ഏരിയ സെക്രട്ടറി സ്റ്റാലിനെ പോലുള്ളവർ പാർട്ടിയിൽ ഉണ്ടാകാൻ പാടില്ല. പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നെന്നും കെ സി രാജാഗോപാലൻ വ്യക്തമാക്കി. അതിനിടെ കെ സി ആറിനെ വിമർശിച്ചുകൊണ്ട് തിരുവല്ലയിലെ മുതിർന്ന നേതാവും ജില്ലാ കമ്മിറ്റി അംഗവുമായ കെ പ്രകാശ് ബാബു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു. ഒരുകാലത്ത് ജില്ലയിൽ വിഎസ് അധികാരനായി നിന്ന രാജഗോപാലൻ താൻ ഉൾപ്പെടെ പലരെയും വെട്ടിയൊതുക്കി. അതിന്റെ ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നതെന്നും പോസ്റ്റിൽ സൂചിപ്പിക്കുന്നു. പ്രകാശ് ബാബുവിനെ വെട്ടി നിരത്തിയിരുന്നുവെന്ന് സമ്മതിച്ച കെ സി ആർ അതിന്റെ കാരണവും വ്യക്തമാക്കി.
കാലുവാരൽ കൊണ്ടാണ് താൻ തോറ്റതെന്നും മെഴുവേലി പഞ്ചായത്ത് ഉൾപ്പടെ ഇടതുമുന്നണിക്ക് നഷ്ടമായതുമുള്ള കെസിആറിന്റെ വാദത്തെ കോൺഗ്രസും പരിഹസിച്ചു. കാലുവാരലിൽ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകാനായിരുന്നു കെ സി ആറിന്റെ ആദ്യ നീക്കം. എന്നാൽ, ഇനി പരസ്യ പ്രതികരണത്തിൽ പാർട്ടി വിശദീകരണം ചോദിച്ചാൽ അതിനു മറുപടിയായി എല്ലാം പറയാനാണ് തീരുമാനം. അതേസമയം, മുതിർന്ന നേതാവിനെ കൂടുതൽ പ്രകോപിക്കാതെയുള്ള അടവ് നയമാണ് നേതൃത്വം സ്വീകരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam