
തിരുവനന്തപുരം:കെഎസ്ആർടിസിയുടെ ജോയിന്റ് മാനേജിംഗ് ഡയറക്ടറായി പ്രമോജ് ശങ്കർ ഐഒ ഫ് സ് ചുമതലയേറ്റു.സുശീൽഖന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പ്രൊഫഷണലുകളെ കെഎസ്ആർടിസിയിൽ കൊണ്ടുവരുന്നതിന്‍റെ ഭാഗമായിട്ടാണ് ശ്രീ.പ്രമോജ് ശങ്കറിന്‍റെ നിയമനം.കേന്ദ്ര സർവ്വീസിൽ നിന്നും ഡെപ്യൂട്ടേഷനിലുള്ള അദ്ദേഹത്തിന് മൂന്ന് വർഷത്തേക്കോ, ഡെപ്യൂട്ടേഷൻ കാലാവധി കഴിയുന്നത് വരേയോ കെഎസ്ആർടിസിയിൽ ജോയിന്റ് എംഡിയായി തുടരാം. നിലവിൽ അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണറായ ഇദ്ദേഹം ജോയിന്‍റ് എം ഡി എന്ന അധിക ചുമതല ഏറ്റെടുക്കുന്നതിനാൽ കെ എസ് ആർ ടി സി ക്ക് അധിക സാമ്പത്തിക ബാധ്യതയും ഇല്ല.
അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ എന്ന നിലയിലെ അദ്ദേഹത്തിന്റെ മികച്ച പ്രവർത്തനം കെഎസ്ആർടിസിക്ക് മുതൽക്കൂട്ടാകും.ഗതാഗത വകുപ്പിന്‍റെ തന്നെ എഞ്ചിനീയറിങ് കോളേജ് ആയ ശ്രീചിത്ര എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിടെക്കും, മദ്രാസ് ഐ ഐ ടിയിൽ നിന്നും എം എം ടെക്കും പാസായി. 2009 ബാച്ച് ഇന്ത്യൻ ഓർഡിനൻസ് ഫാക്ടറി സർവ്വീസ് ഉദ്യോഗസ്ഥനാണ്.രാജ്യത്തെ മിക്കവാറും എല്ലാ സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോപ്പറേഷനുകളിലും ഓൾ ഇന്ത്യ സർവീസിൽ നിന്നുള്ള ഒന്നിലധികം ഓഫീസർമാർ ഭരണ തലത്തിൽ പ്രവർത്തിക്കുണ്ട്.
കെ എസ് ആർ ടിസി മാനേജ്മെന്റ് ശക്തിപ്പെടുത്തുന്നതി ന്റെ ഭാഗമായി സംസ്ഥാനത്ത് പരിശീലനം പൂർത്തിയായി സർവ്വീസിൽ പ്രവേശിക്കുന്ന അഞ്ച് കെഎഎസ് ഓഫീസർമാരെ കെഎസ്ആർടിസിയിൽ നിയമിക്കണമെന്ന് മാനേജ്മെന്‍റ് സർക്കാരിൽ അപേക്ഷ നൽകിയിട്ടുണ്ട്.
.