
കൊച്ചി: ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനക്കെതിരായ രാജ്യദ്രോഹ കേസിലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. രാജ്യദ്രോഹ കേസുകളുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് കേരളാ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കവരത്തി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറും കേസിന്മേലുള്ള തുടർ നടപടികളുമാണ് സ്റ്റേ ചെയ്തത്.
സേവ് ലക്ഷദ്വീപ്' സമരത്തിന്‍റെ ഭാഗമായി നടത്തിയ ഒരു ടെലിവിഷൻ ചർച്ചയിൽ 'ബയോ വെപ്പൺ' പരാമർശം നടത്തിയതിനെതിരെ ലക്ഷദ്വീപ് ബിജെപി അധ്യക്ഷൻ സി അബ്ദുൾ ഖാദർ ഹാജി നൽകിയ പരാതിയിലാണ് ഐഷക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ദ്വീപ് പൊലീസ് കേസെടുത്തത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന് എതിരെ നടത്തിയ പരാമർശമാണ് പരാതിക്ക് അടിസ്ഥാനം.
Aisha Sulthana : 'എന്റെ നേരാണ് എന്റെ തൊഴിൽ'; '124(A)' പ്രഖ്യാപിച്ച് ഐഷ സുല്‍ത്താന
ഒരു ടെലിവിഷൻ ചർച്ചയിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡാ പട്ടേൽ കേന്ദ്രസർക്കാർ ലക്ഷദ്വീപിനെ നശിപ്പിക്കാൻ അയച്ച 'ബയോ വെപ്പൺ' ആണെന്നായിരുന്നു ഐഷ സുൽത്താന പറഞ്ഞത്. എന്നാൽ പ്രസ്താവന പിൻവലിച്ച് പിന്നീട് അയ്ഷ തന്നെ ഖേദം പ്രകടിപ്പിച്ചിരുന്നു. ദ്വീപിൽ കൊവിഡ് നിയന്ത്രണങ്ങളിൽ നൽകിയ ഇളവുകൾ മൂലം വലിയ രീതിയിൽ രോഗവ്യാപനമുണ്ടായെന്നും ഇത് ചൂണ്ടിക്കാട്ടാനാണ് ബയോ വെപ്പൺ എന്ന പരാമർശം നടത്തിയതെന്നും, അത് ബോധപൂർവമായിരുന്നില്ലെന്നും അയ്ഷയുടെ അഭിഭാഷകൻ കോടതിയിൽ വാദിക്കുകയും ചെയ്തു. എന്നാൽ കേന്ദ്രസർക്കാരിനെതിരെ മോശം പരാമർശം നടത്തിയ ഐഷ ജനങ്ങൾക്കിടയിൽ വിദ്വേഷം പടർത്താനാണ് ഈ പ്രസ്താവന നടത്തിയതെന്നാണ് ലക്ഷദ്വീപ് ബിജെപി അധ്യക്ഷൻ പരാതിയിൽ ആരോപിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam