കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധി; സിഐടിയുവിന് പിന്നാലെ പ്രതിപക്ഷ യൂണിയനും സമരം തുടങ്ങി

By Web TeamFirst Published Dec 5, 2019, 4:01 PM IST
Highlights

തുടര്‍ച്ചയായി മൂന്നാം മാസവും കെഎസ്ആർടിസിയിലെ ശമ്പള വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ട് മാസവും രണ്ട് ഗഡുക്കളായാണ് ശമ്പളം വിതരണം ചെയ്തത്. 

തിരുവനന്തപുരം: സിഐടിയുവിന് പിന്നാലെ കെഎസ്ആർടിസിയിലെ പ്രതിപക്ഷാനുകൂല തൊഴിലാളി സംഘടനയും സെക്രട്ടേറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹസമരം തുടങ്ങി. ജീവനക്കാരുടെ ശമ്പളം മുടക്കി, തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്ന, സര്‍ക്കാരിനേയും ഗതാഗതമന്ത്രിയേയും പ്രോസിക്യൂട്ട് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

തുടര്‍ച്ചയായി മൂന്നാം മാസവും കെഎസ്ആർടിസിയിലെ ശമ്പള വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ട് മാസവും രണ്ട് ഗഡുക്കളായാണ് ശമ്പളം വിതരണം ചെയ്തത്. ഭരണാനുകൂല സംഘടനയായ കെഎസ്ആർടിഇഎ തിങ്കഴാഴ്ച മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സത്യാഗ്രഹ സമരത്തിലാണ്. പ്രതിപക്ഷ യൂണിയനായ ടിഡിഎഫും ഇന്ന് സമരം തുടങ്ങി. കെഎസ്ആർടിസിയെ ലാഭത്തിലാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ ഇടതു മുന്നണി, സ്വകാര്യമുതലാളിമാരേയും വാടകവണ്ടികളേയും സഹായിക്കാനാണ് ശ്രമിക്കുന്നതെന്ന് സമരം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കിഫ്ബി വഴി പ്രതിവര്‍ഷം 1000 ബസ്സുകള്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച ധനമന്ത്രി മറുപടി പറയണം.

അതേസമയം, ശമ്പള വിതരണത്തിനുള്ള പ്രതിമാസ സഹായമായ 20 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ കെഎസ്ആർടിസിക്ക് അനുവദിച്ചു. ഒരുമാസത്തെ ശമ്പള വിതരണത്തിന് 76 കോടിയോളം രൂപ വേണം. ദൈനംദിന  കളക്ഷനില്‍ നിന്നുള്ള വരുമാനവും ചേര്‍ത്ത് പത്താം തീയതിയോടെ പകുതി ശമ്പളം വിതരണം ചെയ്യാനാകുമെന്നാണ് കെഎസ്ആർടിസിയുടെ പ്രതീക്ഷ. അടിയന്തര സഹായമായി 40 കോടി കൂടി അനുവദിക്കണമെന്നും കെഎസ്ആർടിസി ആവശ്യപ്പെട്ടു.

click me!