
തിരുവനന്തപുരം: കെഎസ്ആർടിസി, സിഎംഡി വിളിച്ച ചർച്ച ബഹിഷ്കരിച്ച് തൊഴിലാളി യൂണിയനുകൾ. സിഐടിയു, ഐൻടിയുസി, ബിഎംഎസ് സംഘടനകളുടെ പ്രതിനിധികളാണ് ബിജു പ്രഭാകർ വിളിച്ച യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയത്. ശമ്പള വിതരണത്തിലെ കാലതാമസം ചർച്ച ചെയ്യാനായിരുന്നു യോഗം. കഴിഞ്ഞ മാസം ജീവനക്കാർക്ക് ശമ്പളം വൈകിയാണ് നൽകിയത്. ഈ മാസം എപ്പോൾ നൽകാനാകുമെന്ന ഉറപ്പ് പറയാൻ ഇതുവരെ മാനേജ്‍മെന്റിന് ആയിട്ടില്ല. ഈ സാഹചര്യത്തിലായിരുന്നു യോഗം.
തിങ്കളാഴ്‍ച മുതൽ സിഎംഡി ഓഫീസിന് മുന്നിൽ സമരമെന്ന് സിഐടിയു
സർക്കാരിൽ നിന്ന് പണം വാങ്ങി വന്നാൽ ശമ്പളം നൽകാമെന്നാണ് സിഎംഡി പറയുന്നതെന്ന് സിഐടിയു നേതാക്കൾ ആരോപിച്ചു. സിഎംഡിക്ക് ധിക്കാരമാണ്. ഇങ്ങനെ ഒരാളെ ഈ സ്ഥാനത്ത് വച്ച് കൊണ്ടിരിക്കണോയെന്ന് സർക്കാർ ആലോചിക്കണം. ടിക്കറ്റ് മെഷീൻ വാങ്ങിയതിൽ വൻ അഴിമതി ഉണ്ടായിട്ടുണ്ടെന്ന ആരോപണം സിഐടിയും ആവർത്തിച്ചു. നിലവാരമില്ലാത്ത യന്ത്രങ്ങൾ വൻ കമ്മീഷൻ കൈപ്പറ്റി വാങ്ങുകയായിരുന്നുവെന്നും നേതാക്കൾ ആരോപിച്ചു. പിടിപ്പുകെട്ട മാനേജ്മെന്റാണ് കെഎസ്ആർടിസിയുടേതെന്നും നേതാക്കൾ ആരോപിച്ചു.
ആദ്യം ശമ്പളം, പിന്നീട് ചർച്ച
193 കോടി രൂപ വരുമാനമുണ്ടാക്കിയിട്ടും അതിൽ നിന്ന് 78 കോടി രൂപ ശമ്പളത്തിന് നീക്കിവയ്ക്കാനാകാത്തത് കോർപ്പറേഷന്റെ പിടിപ്പുകേടാണെന്ന് ബിഎംഎസ് ആരോപിച്ചു. ആദ്യം ജോലി ചെയ്തതിന്റെ ശമ്പളം നൽകണം. അത് കഴിഞ്ഞ് മതി ചർച്ചയെന്നും സിഎംഡി വിളിച്ച യോഗം ബഹിഷ്കരിച്ച ശേഷം ബിഎംഎസ് നേതാക്കൾ വ്യക്തമാക്കി. പ്രതിഷേധിക്കാതെ, സമരം ചെയ്യാതെ മറ്റ് മാർഗങ്ങളില്ല. എന്നാലും മിന്നൽ പണിമുടക്കിനില്ല. മറ്റ് സംഘടനകളുമായി യോജിച്ച് സമരത്തിനുള്ള സാധ്യത തേടുമെന്നും ബിഎംഎസ് വ്യക്തമാക്കി.
മനഃപൂർവം ശമ്പളം വൈകിക്കുന്നുവെന്ന് ഐഎൻടിയുസി
സിഎംഡി ഓപീസിന് മുന്നിൽ തിങ്കളാഴ്ച മുതൽ അനിശ്ചിതകാല രാപ്പകൽ സമരം തുടങ്ങുമെന്ന് ഐഎൻടിയുസി വ്യക്തമാക്കി. ശമ്പളം മാനേജ്മെന്റ് മനഃപൂർവം വൈകിക്കുകയാണെന്നും നേതാക്കൾ ആരോപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam