
തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള വിഷയത്തിൽ (KSRTC Salary Crisis) കടുത്ത നിലപാടിൽ ഉറച്ചുനിന്ന് ഗതാഗതമന്ത്രി ആൻ്റണി രാജു. പണിമുടക്കിയവർക്ക് ആ ദിവസത്തെ ശമ്പളം കൊടുക്കില്ലെന്ന് കർശന നിലപാട് മന്ത്രി ആവർത്തിച്ചു.
പണിമുടക്കിയവർ നടത്തിയത് പൊതുജനങ്ങൾക്കെതിരായ യുദ്ധപ്രഖ്യാപനമാണ്. പ്രതിസന്ധി ഉണ്ടാക്കിയവർ തന്നെ ഈ പ്രശ്നം പരിഹരിക്കട്ടെ. ജീവനക്കാരോട് സർക്കാർ പറഞ്ഞ വാക്ക് ഇനി പാലിക്കണോ ? പത്താം തിയതി ശമ്പളം നൽകാമെന്ന ഉറപ്പ് പാലിക്കാൻ സർക്കാരിന് അവസരം നൽകാതെയാണ് തൊഴിലാളി യൂണിയനുകൾ പണിമുടക്ക് നടത്തിയത്.
വില കൽപിക്കാത്ത ജീവനക്കാർക്ക് ശമ്പളം കൊടുക്കേണ്ട ബാധ്യത സർക്കാരിനില്ല. പണിമുടക്കരുതെന്ന സിഐടിയു യൂണിയൻ നേതാക്കളുടെ അഭ്യർത്ഥന പോലും അംഗങ്ങൾ പാലിച്ചില്ല. സർക്കാരിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കാര്യം സാധിക്കാമെന്ന് തൊഴിലാളികൾ കരുതേണ്ട. രണ്ട് ദിവസത്തെ ദേശീയ പണിമുടക്കിൽ പങ്കെടുത്ത സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മന്ത്രി നിലപാട് കടുപ്പിച്ചതിന് പിന്നാലെ രണ്ടു ദിവസത്തെ ദേശീയ പണിമുടക്കിൽ പങ്കെടുത്ത തൊഴിലാളികളുടെ ശമ്പളം പിടിക്കാൻ കെഎസ്ആർടിസി നടപടി തുടങ്ങി. പണിമുടക്കിന് തലേന്നും പിറ്റേന്നും മുൻകൂട്ടി അറിയിക്കാതെ ജോലിക്ക് ഹാജരാവത്തവർക്കും വൈകി എത്തിയവർക്കും എതിരേയും നടപടി ഉണ്ടാകും. പണിമുടക്കിൽ പങ്കെടുത്ത തൊഴിലാളികളുടെ പട്ടിക തിങ്കളാഴ്ച തന്നെ സമർപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. രണ്ടു ദിവസത്തെ ശമ്പള പിടിച്ചു വയ്ക്കുക വഴി ഈ ഇനത്തിൽ 12 കോടിയിലേറെ രൂപ ലാഭിക്കാമെന്നാണ് കെഎസ്ആർടിസിയുടെ കണക്ക് കൂട്ടൽ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam