തൃശ്ശൂര്‍-തിരുവനന്തപുരം റൂട്ടില്‍ സൂപ്പര്‍ ഫാസ്റ്റ് ചെയിന്‍ സര്‍വീസുമായി കെഎസ്ആര്‍ടിസി

Published : May 06, 2019, 10:35 AM IST
തൃശ്ശൂര്‍-തിരുവനന്തപുരം റൂട്ടില്‍ സൂപ്പര്‍ ഫാസ്റ്റ് ചെയിന്‍ സര്‍വീസുമായി കെഎസ്ആര്‍ടിസി

Synopsis

തൃശ്ശൂര്‍-തിരുവനന്തപുരം റൂട്ടില്‍ പതിനഞ്ച് മിനിറ്റ് ഇടവേളയില്‍ 24 മണിക്കൂറും ഇനി കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും. ദേശീയപാത വഴിയും എംസി റോഡ് വഴിയും സര്‍വീസുകളുണ്ടാവും. 

തിരുവനന്തപുരം: പരിഷ്കരണ നടപടികളുടെ ഭാഗമായി സര്‍വീസുകള്‍ കൂടുതല്‍ ലാഭകരമായി പുനക്രമീകരിക്കുന്ന നടപടികളുമായി കെഎസ്ആര്‍ടിസി മുന്നോട്ട്. ദീര്‍ഘദൂര റൂട്ടുകളില്‍ ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകള്‍ പിന്‍വലിച്ച് സൂപ്പര്‍ ഫാസ്റ്റുകള്‍ മാത്രമാക്കിയ കോര്‍പറേഷന്‍ ഇപ്പോള്‍ കൂടുതല്‍ റൂട്ടുകളില്‍ ചെയിന്‍ സര്‍വീസുകള്‍ അവതരിപ്പിക്കുകയാണ്. 

കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ അവതരിപ്പിച്ച ഭൂരിപക്ഷം ചെയിന്‍ സര്‍വീസുകള്‍ക്കും മികച്ച പ്രതികരണം ലഭിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം-തൃശ്ശൂര്‍ റൂട്ടിലും ഇന്ന് മുതല്‍ കെഎസ്ആര്‍ടിസിയുടെ ചെയിന്‍ സര്‍വീസ് ആരംഭിക്കുകയാണ്. ഇതോടെ തിരുവനന്തപുരം-തൃശ്ശൂര്‍ റൂട്ടില്‍ ഒരോ പതിനഞ്ച് മിനിറ്റിലും കോട്ടയം വഴിയും ആലപ്പുഴ വഴിയും കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ സര്‍വ്വീസ് നടത്തും. ഞായറാഴ്ച അര്‍ധരാത്രി 12 മണി മുതല്‍ ചെയിന്‍ സര്‍വീസ് ആരംഭിച്ചതായി കെഎസ്ആര്‍ടിസി അറിയിച്ചു. ഇതോടെ ദിവസം മുഴുവന്‍ ഈ റൂട്ടില്‍ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വ്വീസ് നടത്തും. 

ജനപ്രിയമായിരുന്ന പല സർവീസുകളുടെയും സമയക്രമം പരമാവധി സംരക്ഷിച്ചു കൊണ്ടാണ് പുതിയ ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നതെന്ന്  കെഎസ്ആര്‍ടിസി അറിയിച്ചു. ഏറ്റവും കൂടുതൽ ദീർഘദൂര യാത്രക്കാരുള്ള തിരുവനന്തപുരം - തൃശൂർ റൂട്ടിൽ കൃത്യമായ ഇടവേളകളിൽ സൂപ്പർ ഫാസ്റ്റ് സർവീസുകൾ ലഭ്യമാകുന്നത് രാത്രികാലങ്ങളിൽ ദീർഘദൂര യാത്രക്കാർക്ക് വളരെയധികം സഹായകമാകുമെന്നാണ്കരുതുന്നത് എന്ന് കെഎസ്ആർടിസി  മാനേജിങ് ഡയറക്ടർ ഡോക്ടർ എം. പി. ദിനേശ് ഐ.പി.എസ് പറഞ്ഞു. 

ഒരേസമയം തന്നെ മൂന്ന് നാല് ബസുകൾ ഒരുമിച്ച് കടന്നുപോകുന്നതും തുടർന്ന് മണിക്കൂറുകളോളം സർവീസുകൾ ഇല്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കെഎസ്ആര്‍ടിസി എംഡി നേരിട്ട് ഇടപെട്ട് തൃശ്ശൂര്‍-തിരുവനന്തപുരം റൂട്ടില്‍ ചെയിന്‍ സര്‍വ്വീസ് ആരംഭിക്കാന്‍ തീരുമാനിച്ചത്. സർവീസുകൾ കൃത്യമായി നടത്തുന്നതിനായി തിരുവനന്തപുരം, കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം, കൊട്ടാരക്കര, കോട്ടയം, മൂവാറ്റുപുഴ, തൃശ്ശൂർ എന്നീ പ്രധാനപ്പെട്ട ഡിപ്പോകളിൽ 24 മണിക്കൂറും ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് എംപി ദിനേശ് അറിയിച്ചു.  

പ്രസ്തുത സർവീസ് ആരംഭിക്കുന്ന ആദ്യത്തെ ആഴ്ചയിൽ യാത്രക്കാർക്ക് ഉണ്ടാകുന്ന സംശയങ്ങൾ ദൂരീകരിക്കുന്നതിനായി ഫോൺ മുഖാന്തിരം 7025041205, 8129562972 എന്നീ നമ്പരുകളിലും, 8129562972 എന്ന വാട്സാപ്പ് നമ്പരിലും ബന്ധപ്പെടാവുന്നതാണ്. http://www.online.keralartc.com എന്ന വെബ്സൈറ്റ് വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. 24 മണിക്കൂറും പ്രവർത്തിക്കുന്ന കെഎസ്ആർടിസിയുടെ കൺട്രോൾ റൂം നമ്പരുകളായ 0471-2463799, 9447071021 നിന്നും ഈ സർവീസ് സംബന്ധിച്ച സംബന്ധിച്ച വിവരങ്ങൾ യാത്രക്കാർക്ക് ലഭ്യമാകുന്നതാണ്.

പെരിന്തൽമണ്ണ- അരീക്കോട്- മുക്കം-താമരശേരി-കൊയിലാണ്ടി, അടൂര്‍-ആങ്ങാമൂഴി,ചങ്ങനാശ്ശേരി-തെങ്ങണ- ഏറ്റുമാനൂര്‍,വര്‍ക്കല-കുണ്ടറ,
ആറ്റിങ്ങല്‍-കല്ലമ്പലം-വര്‍ക്കല,വണ്ടാനം-ആറാട്ടുപുഴ,കൂത്താട്ടുകുളം-കോട്ടയം,തിരുവല്ല-പുനലൂര്‍ എന്നീ റൂട്ടുകളില്‍ ഇതിനോടകം കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. 
 

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം