KSRTC | പണിമുടക്കിൽ വലഞ്ഞ് ജനം, സമരം ശമ്പളപരിഷ്കരണമാവശ്യപ്പെട്ട്, ഡയസ്നോണും തള്ളി യൂണിയനുകൾ

Web Desk   | Asianet News
Published : Nov 05, 2021, 06:35 AM ISTUpdated : Nov 05, 2021, 01:34 PM IST
KSRTC | പണിമുടക്കിൽ വലഞ്ഞ് ജനം, സമരം ശമ്പളപരിഷ്കരണമാവശ്യപ്പെട്ട്, ഡയസ്നോണും തള്ളി യൂണിയനുകൾ

Synopsis

ഭരണ പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ പണിമുടക്കിയതോടെ കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ പൂര്‍ണമായി നിലച്ചിരിക്കുകയാണ്.  കെഎസ്ആര്‍ടിസിയിലെ ശമ്പള പരിഷ്കരണ കരാറിന്‍റെ കാലാവധി 2016 ഫെബ്രുവരിയില്‍ അവസാനിച്ചതാണ്.  

തിരുവനന്തപുരം: ഭരണ പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ പണിമുടക്കി (strike)സമരം തുടരുന്നതിനിടെ കെഎസ്ആര്‍ടിസി (ksrtc)സര്‍വ്വീസുകള്‍ പൂര്‍ണമായി നിലച്ചു.  എല്ലാ ജില്ലകളിലും യാത്ര ചെയ്യാനാകാതെ ജനം പെരുവഴിയിലാകുകയാണ്. ദീർഘ ദൂര യാത്രക്കാരാണ് വലയുന്നതിലേറെയും. സ്വകാര്യ ബസ് സർവീസ് വേണ്ടത്ര ഇല്ലാത്ത ഇടങ്ങളിൽ ഓട്ടോയും മറ്റുമാണ് പൊതുജനത്തിന് ആശ്രയം. പണിമുടക്ക് സ്കൂൾ , ഓഫിസ് എന്നിവിടങ്ങളിലെ ഹാജർ നിലയേയും സാരമായി ബാധിക്കും

ശമ്പള പരിഷ്കരണം ആവശ്യപ്പെട്ടാണ് കെഎസ്ആര്‍ടിസിയിലെ അംഗീകൃത ട്രേഡ് യൂണിയനുകള്‍ അർധരാത്രി മുതൽ സൂചന പണിമുടക്ക് തുടങ്ങിയത്.ഭരണാനുകൂല സംഘടനയായ എംപ്ളോയീസ് അസോസിയേഷനും ,ബിഎംഎസിന്‍റെ എംപ്ളോയീസ് സംഘും 24 മണിക്കൂര്‍ പണിമുടക്കാണ് നടത്തുന്നത്. AITUC വിന്റെ ട്രാൻസ്പോർട്ട് എംപ്ലോയിസ് യൂണിയനും ഐഎന്‍ടിയുസി നേതൃത്വത്തിലുള്ള ടിഡിഎഫും നാളേയും പണിമുടക്കും.

സമരത്തെ നേരിടാന്‍ ഡയസ്നോണ്‍ ബാധമാക്കി ഉത്തരവിറക്കിയിരുന്നു. ഇന്നും നാളെയും ജോലിക്ക് എത്താത്തവരുടെ ശമ്പളം പിടിക്കും. എന്നാൽ ഇതിനെ തള്ളിയാണ് യൂണിയനുകൾ സമരവുമായി മുന്നോട്ട് പോകുന്നത്.

കെഎസ്ആര്‍ടിസിയിലെ ശമ്പള പരിഷ്കരണ കരാറിന്‍റെ കാലാവധി 2016 ഫെബ്രുവരിയില്‍ അവസാനിച്ചതാണ്. 5 വര്‍ഷം പിന്നിടുമ്പോഴും ശമ്പളപരിഷ്കരണം വാക്കിലൊതുങ്ങുകയാണെന്നാണ് അംഗീകൃത ട്രേഡ് യൂണിയനുകളുടെ കുറ്റപ്പെടുത്തല്‍. ജൂണ്‍ മാസത്തില്‍ ശമ്പള പരിഷ്കരണം നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം പാഴായി. ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ച കൂടി പരാജയപ്പെട്ട സാഹചര്യത്തിലാണ് പണിമുടക്ക് തുടങ്ങിയതെന്ന് ട്രേഡ് യൂണിയനുകള്‍ അറിയിച്ചു.

എന്നാല്‍ ജീവനക്കാരുടെ ആവശ്യങ്ങള്‍ തള്ളിയിട്ടില്ലെന്ന് ഗതാഗതമന്ത്രി പറയുന്നത്. ശമ്പള പരിഷ്കരണം സര്‍ക്കാരിന് പ്രതിമാസം 30 കോടിയോളം രൂപയുടെ അധിക ബാധ്യതയുണ്ടാക്കും. ധനമന്ത്രിയും മുഖ്യമന്ത്രിയുമായി ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സാവകാശം തേടിയപ്പോള്‍ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി പണിമുടക്ക് പ്രഖ്യാപിച്ചത് ശരിയല്ലെന്നും ഗതാഗത മന്ത്രി കുറ്റപ്പെടുത്തി. 

PREV
Read more Articles on
click me!

Recommended Stories

വോട്ട് ചെയ്യാൻ പോകുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ, ഇത്തവണ നോട്ടയില്ല; ബീപ് ശബ്‍ദം ഉറപ്പാക്കണം; പ്രധാനപ്പെട്ട നിർദേശങ്ങൾ
കോടതി വിധിയിൽ നിരാശ, അദ്‌ഭുതം ഇല്ലെന്ന് ദീദി ദാമോദരൻ; സിനിമ സംഘടനകൾ ദിലീപിനെ പുറത്തു നിർത്തിയല്ല പ്രവർത്തിച്ചിരുന്നത്