Mullapperiyar| മുല്ലപ്പെരിയാര്‍ ഡാം സന്ദര്‍ശിക്കാന്‍ തമിഴ്നാട് മന്ത്രിമാര്‍ ഇന്നെത്തും

By Web TeamFirst Published Nov 5, 2021, 12:30 AM IST
Highlights

മുല്ലപ്പെരിയാർ വിഷയത്തിൽ എഐഎഡിഎംകെ ഈ മാസം ഒൻപതിന് വിവിധ സ്ഥലങ്ങളിൽ സമരം നടത്താൻ പ്രഖ്യാപിച്ച സാഹചര്യത്തിൽ സന്ദർശനത്തിന് രാഷ്ട്രീയ പ്രാധാന്യമുണ്ട്. 

ഇടുക്കി: തമിഴ്നാട്ടിൽ നിന്നുള്ള മന്ത്രിമാരുടെ സംഘം (Tamil Nadu ministers) ഇന്ന് മുല്ലപ്പെരിയാർ അണക്കെട്ട് (Mullaperiyar Dam) സന്ദർശിക്കും.  അഞ്ചു മന്ത്രിമാർ അടങ്ങുന്ന സംഘമാണ് എത്തുന്നത്. ജലസേചന വകുപ്പ് മന്ത്രി ദുരൈമുരുകൻ, ധനമന്ത്രി പളനിവേൽ ത്യാഗരാജൻ, സഹകരണ മന്ത്രി ഐ പെരിയ സ്വാമി, വാണിജ്യ നികുതി വകുപ്പ് മന്ത്രി പി മൂർത്തി, ഭക്ഷ്യ സിവിൽ സപ്ലൈസ്‌ വകുപ്പ് മന്ത്രി ആർ. ചക്രപാണി എന്നിവർ സംഘത്തിലുണ്ടാകും. 

തേനി ജില്ലയിലെ കമ്പം, ആണ്ടിപ്പെട്ടി, പെരിയകുളം തുടങ്ങി ഏഴു മണ്ഡലങ്ങളിൽ നിന്നുള്ള നിന്നുള്ള എം എൽ എ മാരും മന്ത്രിമാർക്കൊപ്പം അണക്കെട്ടിലെത്തും. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഷട്ടർ തുറന്ന സാഹചര്യത്തിലാണ് സന്ദർശനം. മുല്ലപ്പെരിയാർ വിഷയത്തിൽ എഐഎഡിഎംകെ ഈ മാസം ഒൻപതിന് വിവിധ സ്ഥലങ്ങളിൽ സമരം നടത്താൻ പ്രഖ്യാപിച്ച സാഹചര്യത്തിൽ സന്ദർശനത്തിന് രാഷ്ട്രീയ പ്രാധാന്യമുണ്ട്. സന്ദർശനത്തിന് ശേഷം മന്ത്രിമാരുടെ സംഘം മാധ്യമങ്ങളെ കണ്ടേക്കും. 

ഇതിനിടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138.80 അടിയായി ഉയരുകയും ചെയ്തു. ജലനിരപ്പ് ഉയർന്നതോടെ മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ സ്പിൽവേയിലെ ഏഴ് ഷട്ടറുകൾ കൂടി തമിഴ്നാട് ഉയർത്തിയിരുന്നു. സെക്കന്‍റില്‍ മൂവായിരത്തി തൊള്ളായിരം ഘനയടിയോളം വെള്ളമാണ് പെരിയാറിലൂടെ തുറന്ന് വിട്ടിരിക്കുന്നത്. മുല്ലപ്പെരിയാറിന്‍റെ വൃഷ്ടി പ്രദേശമായ പെരിയാർ കടുവ സങ്കേതത്തിൽ പെയ്ത കനത്ത മഴയാണ് ജലനിരപ്പ് വേഗത്തിൽ ഉയരാൻ കാരണമായത്. അഞ്ചു മണിക്കൂർ കൊണ്ട് ജലനിരപ്പ് ഒരടിയോളം ഉയർന്നതിനെ തുടർന്നാണ് അടച്ചിട്ട  ഷട്ടറുകൾ വീണ്ടും തുറക്കാൻ തീരുമാനിച്ചത്. 

click me!