
കോഴിക്കോട്: കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ യാത്ര ചെയ്യാൻ ഓണ്‍ലൈൻ ആയി ടിക്കറ്റെടുത്ത യാത്രക്കാരിക്ക് നേരിട്ട ദുരനുഭവം സോഷ്യൽ മീഡിയയിൽ ചര്‍ച്ചയാകുന്നു. ബസ് എപ്പോഴെത്തുമെന്നോ എവിടെ എത്തിയെന്നോ കൃത്യമായ വിവരങ്ങൾ നൽകാതിരിക്കുകയും ഫോൺ എടുക്കാതിരിക്കുകയും ചെയ്ത കണ്ടക്ടറുടെ നടപടിയിൽ യാത്രക്കാര്‍ ബസിനുള്ളില്‍ തന്നെ പ്രതിഷേധം ഉയര്‍ത്തി. സ്ഥിരമായി കോഴിക്കോട്-കൊച്ചി റൂട്ടിൽ കെഎസ്ആർടിസിയെ ആശ്രയിക്കുന്ന യാത്രക്കാരിയും ഓണ്‍ലൈൻ ചാനൽ അവതാരകയുമായ ഹരിത എള്ളാത്ത് ആണ് ഈ വിഷയം ഫേസ്ബുക്കിൽ കുറിച്ചത്.
കൊച്ചിയിലേക്കുള്ള യാത്രക്കായി രാത്രി 7.40-ന് കോഴിക്കോട് എത്തേണ്ട കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിലാണ് ഹരിത ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. രാമനാട്ടുകരയിൽ നിന്നാണ് ബസിൽ കയറേണ്ടിയിരുന്നത്. പൊതുവെ വൈകി എത്തുന്ന പതിവുള്ള ബസ് ആയതിനാല്‍ ഇപ്പോൾ എവിടെ എത്തിയെന്നത് അടക്കമുള്ള വിവരങ്ങൾ അറിയാനും രാമനാട്ടുകരയിൽ നിന്ന് കയറുന്ന വിവരം അറിയിക്കാനുമായി വൈകുന്നേരം 6.30 മുതൽ ഹരിത കണ്ടക്ടറെ വിളിക്കാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് എട്ട് മണിവരെ പലപ്പോഴായി വിളിച്ചെങ്കിലും ഫലം കണ്ടില്ല.
ഒടുവിൽ കെഎസ്ആർടിസിയുടെ വിവിധ ഡിപ്പോകളിലെ നമ്പറുകളിലും കൺട്രോൾ റൂമുകളിലും മാറി മാറി ബന്ധപ്പെട്ടു. ഒടുവിൽ, മുമ്പ് ഇതേ റൂട്ടിൽ യാത്ര ചെയ്ത സ്വിഫ്റ്റ് ബസിലെ ഒരു കണ്ടക്ടറെ ബന്ധപ്പെട്ടാണ് സഹായം തേടിയത്. അദ്ദേഹം കണ്ണൂർ ഡിപ്പോയിൽ വിളിച്ചന്വേഷിച്ചപ്പോൾ, സ്വിഫ്റ്റിന്‍റെ ജീവനക്കാരല്ല, മറിച്ച് കെഎസ്ആർടിസിയുടെ സ്റ്റാഫാണ് വരുന്നത് എന്നും അവർ തിരിച്ചു വിളിക്കുമെന്നും മറുപടി ലഭിച്ചു.
എന്നാൽ, രാത്രി ഒമ്പത് മണി കഴിഞ്ഞിട്ടും ഹരിതയ്ക്ക് ഒരു കോളും ലഭിച്ചില്ല. തുടർന്ന് വീണ്ടും വിളിച്ചപ്പോൾ ഫോൺ എടുത്ത കണ്ടക്ടർ, 'കോഴിക്കോട് എത്തി ആളെ കയറ്റുന്നു, 10 മിനിറ്റ്' എന്ന് മാത്രം പറഞ്ഞ് കോൾ കട്ട് ചെയ്തു. പിന്നീട് ഈ നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ട് കഴിഞ്ഞില്ല. ഇതെല്ലാം ചെയ്തിട്ടും ഒടുവിൽ രാമനാട്ടുകരയിൽ കൈ കാണിച്ചു നിർത്തിയാണ് ഹരിതയ്ക്ക് ബസിൽ കയറാൻ സാധിച്ചത്. ബസിൽ കയറിയ ശേഷം കണ്ടക്ടറോട് കാര്യങ്ങൾ ചോദിച്ചെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ല. തുടർന്നുള്ള സ്റ്റോപ്പിൽ നിന്ന് കയറിയ യാത്രക്കാരും ഇതേ അനുഭവങ്ങൾ പങ്കുവെച്ച് കണ്ടക്ടറോട് ചോദിച്ചപ്പോഴും പ്രതികരണം ഉണ്ടായില്ല. കൈയ്യിൽ ആൻഡ്രോയിഡ് ഫോൺ ഓൺ ചെയ്ത നിലയിൽ ഇരിക്കുമ്പോഴാണ് യാത്രക്കാരുമായി സംസാരിക്കാൻ കണ്ടക്ടർ തയാറാകാതിരുന്നത്.
സ്ഥിരമായി കെഎസ്ആർടിസിയെ ആശ്രയിക്കുന്ന ഹരിത, ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ നൽകുന്ന കണ്ടക്ടറുടെ നമ്പർ യാത്രക്കാർക്ക് ഉപകാരപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടുന്നു. കുറച്ച് നാളായി ലൈവ് ട്രാക്കിംഗ് ഓപ്ഷൻ പ്രവർത്തിക്കുന്നില്ല എന്നതും പ്രധാന പ്രശ്നമായി യാത്രക്കാരി ചൂണ്ടിക്കാട്ടി. കൂടാതെ, കണ്ടക്ടറുടെ ഫോണിന് തകരാറുണ്ടെങ്കിൽ മറ്റൊരു നമ്പർ നൽകണം. ദീർഘദൂര ബസുകളിൽ ഡ്രൈവറും കണ്ടക്ടറും മാറി മാറി ഡ്യൂട്ടി എടുക്കുമ്പോൾ എന്തുകൊണ്ടാണ് രണ്ട് നമ്പറുകൾ യാത്രക്കാർക്ക് നൽകാത്തതെന്നും ഹരിത ചോദിച്ചു. ഈ വിഷയത്തില്‍ ഗതാഗത മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ടെന്നും ഈ വിഷയത്തില്‍ നടപടി ഉണ്ടാകുമെന്ന് ഉറപ്പ് നൽകിയെന്നും ഹരിത ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam