KSRTC SWIFT : കെ സ്വിഫ്റ്റിലൂടെ കരകയറാൻ കെഎസ്ആർടിസി; 700 സിഎൻജി ബസുകൾ വാങ്ങും, മന്ത്രിസഭാ അനുമതിയായി

Published : May 21, 2022, 05:17 PM IST
KSRTC SWIFT : കെ സ്വിഫ്റ്റിലൂടെ കരകയറാൻ കെഎസ്ആർടിസി; 700 സിഎൻജി ബസുകൾ വാങ്ങും, മന്ത്രിസഭാ അനുമതിയായി

Synopsis

കിഫ്ബിയിൽ നിന്ന് നാല് ശതമാനം പലിശ നിരക്കിൽ 455 കോടി രൂപ ലഭ്യമാക്കി പുതിയ ബസുകൾ വാങ്ങുമെന്നാണ് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചത്. കെഎസ്ആർടിസി-റീ സ്ട്രക്ചറിങ്ങിന്റെ ഭാഗമായി വരുമാനം വർദ്ധിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ബസുകൾ വാങ്ങുന്നത്.

തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റിന് (KSRTC SWIFT) 700 സിഎൻജി ബസുകൾ (CNG Buses) വാങ്ങുവാൻ മന്ത്രിസഭയുടെ അനുമതി ലഭിച്ചു. കിഫ്ബിയിൽ നിന്ന് നാല് ശതമാനം പലിശ നിരക്കിൽ 455 കോടി രൂപ ലഭ്യമാക്കി പുതിയ ബസുകൾ വാങ്ങുമെന്നാണ് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചത്. കെഎസ്ആർടിസി-റീ സ്ട്രക്ചറിങ്ങിന്റെ ഭാഗമായി നഷ്ടം കുറച്ച് വരുമാനം വർദ്ധിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ ബസുകൾ വാങ്ങുന്നത്.

2017ന് ശേഷം ഈ വർഷമാണ് 116  പുതിയ ബസുകൾ വാങ്ങി കെഎസ്ആര്‍ടിസി സ്വിഫ്റ്റിനായി സര്‍വ്വീസ് നടത്തുന്നത്. പുതിയ 700 ബസ്സുകൾ നിരത്തിലിറങ്ങുന്നതോടെ പൊതുഗതാഗത സൗകര്യം മെച്ചപെടുകയും കെഎസ്ആർടിസിയുടെ വരുമാനം ഗണ്യമായി കൂടുകയും ചെയ്യുമെന്നാണ് കോർപ്പറേഷൻ പ്രതീക്ഷിക്കുന്നത്. പുതിയ ബസുകൾ എത്തുന്നതോടെ  ബസുകളുടെയും ജീവനക്കാരുടെയും അനുപാതവും ഇന്ധന ചെലവും കുറയുമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.

അതേസമയം, സംസ്ഥാന, അന്തർ-സംസ്ഥാന ദീർഘദൂര യാത്രകൾക്കായി സംസ്ഥാന സർക്കാർ സ്വപ്നപദ്ധതിയായി ആരംഭിച്ച കെഎസ്ആർടിസി സ്വിഫ്റ്റ്  ബസിന്‍റെ വരുമാനക്കണക്ക് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഒരു മാസം പിന്നിട്ടപ്പോൾ സ്വിഫ്റ്റിന്‍റെ വരുമാനം 3,01,62,808 രൂപയാണെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. 549 ബസുകൾ 55775 യാത്രക്കാരുമായി നടത്തിയ 1078 യാത്രകളിൽ നിന്നാണ് ഈ തുക ലഭിച്ചത്. ഒരു മാസം പിന്നിടുമ്പോൾ സ്വിഫ്റ്റ് ബസ് പദ്ധതി വൻ വിജയത്തോടെയാണ് മുന്നേറുന്നതെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടു. എസി സീറ്റർ, നോൺ എസി സീറ്റർ, എസി സ്ലീപ്പർ എന്നീ വിഭാഗത്തിലുളള സ്വിഫ്റ്റ് ബസുകളാണ് സംസ്ഥാനത്തിന് പുറത്തും അകത്തും സർവീസ് നടത്തുന്നത്.

നോൺ എസി വിഭാഗത്തിൽ 17 സർവീസും എസി സീറ്റർ വിഭാഗത്തിൽ അഞ്ച് സർവീസും, എസി സ്ലീപ്പർ വിഭാഗത്തിൽ നാല് സർവീസുകളുമാണ് ദിനംപ്രതിയുള്ളത്. കോഴിക്കോട്-ബംഗളൂരു രണ്ട് ട്രിപ്പും, കണിയാപുരം-ബംഗളൂരു, തിരുവനന്തപുരം-ബംഗളൂരു ഓരോ ട്രിപ്പുമാണ് സ്വിഫ്റ്റ് എസി സ്ലീപ്പർ ബസ് ഒരു ദിവസം ഓടുന്നത്.

എസി സീറ്റർ വിഭാഗത്തിൽ കോഴിക്കോട്-ബംഗളൂരു, തിരുവനന്തപുരം-പാലക്കാട് രണ്ട് വീതം സർവീസും, പത്തനംതിട്ട-ബംഗളൂരു ഒരു സർവീസും നടത്തുന്നുണ്ട്. നോൺ എസി വിഭാഗത്തിൽ തിരുവനന്തപുരം-കോഴിക്കോട് മൂന്ന്, തിരുവനന്തപുരം-കണ്ണൂർ ഒന്ന്, നിലമ്പൂർ-ബംഗളൂരു ഒന്ന്, തിരുവനന്തപുരം-പാലക്കാട് ഒന്ന്, തിരുവനന്തപുരം-നിലമ്പൂർ ഒന്ന്, തിരുവനന്തപുരം-സുൽത്താൻബത്തേരി രണ്ട്, പത്തനംതിട്ട-മൈസൂർ ഒന്ന്, പത്തനംതിട്ട-മംഗലാപുരം ഒന്ന്, പാലക്കാട്-ബംഗളൂരു ഒന്ന്, കണ്ണൂർ-ബംഗളൂരു ഒന്ന്, കൊട്ടാരക്കര-കൊല്ലൂർ ഒന്ന്, തലശ്ശേരി-ബംഗളൂരു ഒന്ന്, എറണാകുളം-കൊല്ലൂർ ഒന്ന്, തിരുവനന്തപുരം-മണ്ണാർക്കാട് ഒന്ന് എന്നിങ്ങനെ 17 സർവീസാണ് സ്വിഫ്റ്റ് ബസ് ഒരു ദിവസം നടത്തുന്നത്. സീസൺ സമയങ്ങളിൽ യാത്രക്കാരുടെ തിരക്ക് ബുദ്ധിമുട്ട് ഒഴിവാക്കാൻ കൂടുതൽ എണ്ണം സ്വിഫ്റ്റ് ബസും ട്രിപ്പുകളുടെ എണ്ണം കൂട്ടുന്നതും കെഎസ്ആർടിസി ആലോചിക്കുന്നുണ്ട്.

PREV
Read more Articles on
click me!

Recommended Stories

അരൂർ-തുറവൂർ ഉയരപ്പാത നിർമ്മാണം: ലക്ഷങ്ങൾ വിലമതിക്കുന്ന പെയിൻ്റിങ് മെഷീൻ മോഷ്ടിച്ച കേസിൽ നാല് പേർ പിടിയിൽ
'കാലില്ലാ പാവങ്ങൾ നീലിമല താണ്ടുന്നു...' ഇരുകാലിനും ശേഷിയില്ല, 10ാം വർഷവും അയ്യനെ കാണാനെത്തി സജീവ്