
തിരുവനന്തപുരം: ശബരിമല തീർത്ഥാടകർക്ക് വിമാനത്താവളങ്ങളിൽ നിന്ന് നേരിട്ട് പമ്പയിലെത്താൻ സൗകര്യമൊരുങ്ങുന്നു. 2026–27 മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല തീർത്ഥാടകരുടെ യാത്രാസൗകര്യം വർധിപ്പിക്കുന്നതി ഭാഗമായി തിരുവനന്തപുരം, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽ നിന്ന് പമ്പയിലേക്ക് കെഎസ്ആർടിസി എസി ബസ് സർവീസുകൾ ആരംഭിക്കും. ഇരു വിമാനത്താവളങ്ങളിൽ നിന്നുമുള്ള സർവീസുകൾ സംബന്ധിച്ച് കെഎസ്ആർടിസി അധികൃതരും വിമാനത്താവള അതോറിറ്റി പ്രതിനിധികളും നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നടന്ന വെറ്റ് ലീസ് ബസുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങിൽ ഗതാഗത മന്ത്രി സിപി ജോൺ ഈസർവീസുകൾ പ്രഖ്യാപിച്ചു.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രാത്രി ഒൻപതരയ്ക്ക് പമ്പയിലേക്ക് പുറപ്പെടുന്ന രീതിയിലാണ് സർവീസ് ക്രമീകരിക്കുന്നത്. വൈകിട്ട് ഏഴ് മണിക്ക് തിരികെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന രീതിയിൽ പമ്പയിൽ നിന്ന് മടക്ക സർവീസ് നടത്തും. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രാത്രി എട്ടരയ്ക്ക് പമ്പയിലേക്ക് സർവീസ് ആരംഭിക്കാനും തിരികെ വൈകിട്ട് ഏഴ് മണിക്ക് വിമാനത്താവളത്തിലെത്തുന്ന രീതിയിൽ പമ്പയിൽ നിന്ന് സർവീസ് ക്രമീകരിക്കാനുമാണ് തീരുമാനം. വിവിധ വിമാനങ്ങളിൽ വന്നിറങ്ങുന്ന ഭക്തർക്ക് വിരിവെയ്ക്കുവാനും വിശ്രമിക്കുവാനും പ്രത്യേക സൗകര്യം ഇരു വിമാനത്താവളങ്ങളിലും ഒരുക്കും. കൂടാതെ ബസുകൾ കെഎസ്ആർടിസി ബുക്കിങ് സൈറ്റ് വഴിയും വിമാന ബുക്കിങ് സൈറ്റുകൾ വഴിയും ബുക്ക് ചെയ്യുവാൻ ക്രമീകരണം ഒരുക്കും. ഇതിന് പുറമെ ഗ്രൂപ്പായി ചാർട്ടേഡ് ബസുകൾ ബുക്ക് ചെയ്യുവാനും സംവിധാനമുണ്ടാകും.
വിമാന ടിക്കറ്റുകളുടെ ബുക്കിങ് വെബ്സൈറ്റുകളിൽ കെഎസ്ആർടിസി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള വെബ്സൈറ്റ് ലിങ്കും ലഭ്യമാക്കും. ഇരു വിമാനത്താവളങ്ങളിൽ നിന്നുമുള്ള വിമാന സമയ വിവരങ്ങൾ തത്സമയം പമ്പ ബസ് സ്റ്റേഷനിൽ പ്രദർശിപ്പിക്കുവാനും ധാരണയായിട്ടുണ്ട്. വിമാനമാർഗം കേരളത്തിലെത്തുന്ന ശബരിമല തീർത്ഥാടകർക്ക് വിമാനത്താവളങ്ങളിൽ നിന്ന് നേരിട്ട് പമ്പയിലെത്തുന്നതിനും ദർശനത്തിന് ശേഷം മടങ്ങുന്നതിനും പുതിയ സർവീസുകൾ ഏറെ സഹായകരമാകും. തീർത്ഥാടകരുടെ യാത്ര കൂടുതൽ സൗകര്യപ്രദവും സുഗമവുമാക്കുന്നതിന്റെ ഭാഗമായാണ് കെഎസ്ആർടിസി ഈ പദ്ധതി നടപ്പിലാക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam