മദ്യപിച്ച് ജോലിക്കെത്തുന്നവരെ പിടികൂടാൻ പരിശോധന; ഗണേഷ് കുമാറിൻ്റെ മണ്ഡലത്തിലെ കെഎസ്ആർടിസി ഡിപ്പോയിൽ കൂട്ട അവധി

By Web TeamFirst Published Apr 29, 2024, 3:39 PM IST
Highlights

മദ്യപിച്ച് ജോലിക്കെത്തിയ മൂന്ന് പേരെ പിടികൂടിയപ്പോഴാണ് 12 പേർ അകാരണമായി അവധിയെടുത്ത് മുങ്ങിയത്. അകാരണമായി അവധി എടുത്തവർക്കെതിരെ നടപടി ഉണ്ടാകും.

പത്തനംതിട്ട: മദ്യപിച്ച് ജോലിക്കെത്തുന്നവരെ പിടികൂടാൻ കെഎസ്ആർടിസി വിജിലൻസ് പരിശോധന നടത്തുന്നതിനിടെ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ മണ്ഡലത്തിലെ കെഎസ്ആർടിസി ഡിപ്പോയിൽ ജീവനക്കാരുടെ കൂട്ട അവധി. മദ്യപിച്ച് ജോലിക്കെത്തിയ മൂന്ന് പേരെ പിടികൂടിയപ്പോഴാണ് 12 പേർ അകാരണമായി അവധിയെടുത്ത് മുങ്ങിയത്. അകാരണമായി അവധി എടുത്തവർക്കെതിരെ നടപടി ഉണ്ടാകും.

പത്തനംതിട്ടയിൽ നിന്നെത്തിയ വിജിലൻസ് സംഘത്തിൻ്റെ മിന്നൽ പരിശോധനയിൽ മദ്യപിച്ചെത്തിയ മൂന്ന് കെഎസ്ആർടിസി ജീവനക്കാർ കുടുങ്ങി. ഇക്കാര്യം അറിഞ്ഞതോടെ രാവിലെ ജോലിക്കെത്തേണ്ട 12 ജീവനക്കാർ അവധിയെടുത്ത് മുണ്ടി. പിന്നാലെ പത്തനാപുരത്തിൻ്റെ ഗ്രാമമേഖലകളിലേക്കുള്ള സർവീസുകളുൾപ്പെടെ 15 സർവീസുകൾ മുടങ്ങി. ഇതോടെ സ്ഥിരം യാത്രക്കാർ കൊടും ചൂടിൽ ബസ് കിട്ടാതെ വലഞ്ഞു.

Also Read: എന്തൊരു വിധിയിത്..! എംവിഡിമാരുടെ പരസ്യ പരീക്ഷയില്‍ വെട്ടിലായി ടെസ്റ്റിന് എത്തിയവർ; സമ്മർദം കാരണം പലരും തോറ്റു

അകാരണമായി കൂട്ട അവധിയെടുത്ത ജീവനക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് ഗതാഗതമന്ത്രിയുടെ ഓഫീസ് അറിയിച്ചു. യാത്രക്കാർക്കായി ബദൽ സംവിധാനം ഒരുക്കിയെന്നും മന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു. മദ്യപിച്ച് ജോലിക്കെത്തിയ 250 കെഎസ്ആർടിസി ജീവനക്കാരെയാണ് രണ്ടാഴ്ച്ചയ്ക്കിടെ സസ്പെൻഡ് ചെയ്തത്.

Also Read: നടുറോഡിലെ വാക്കേറ്റം; മേയറുടെ വാദം പൊളിയുന്ന ദൃശ്യങ്ങൾ പുറത്ത്, കെഎസ്‍ആർടിസി ബസിന് മുന്നിൽ കാര്‍ കുറുകെയിട്ടു

click me!