നടുറോഡിലെ വാക്കേറ്റം; മേയറുടെ വാദം പൊളിയുന്ന ദൃശ്യങ്ങൾ പുറത്ത്, കെഎസ്‍ആർടിസി ബസിന് മുന്നിൽ കാര്‍ കുറുകെയിട്ടു
പാളയം സാഫല്യം കോംപ്ലക്സിന് മുന്നിൽ കെഎസ്ആർടിസി ബസിന് കുറുകെ കാറിട്ട് കൊണ്ട് കെഎസ്ആർടിസി ഡ്രൈവറോട് സംസാരിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവറുമായുള്ള നടുറോഡിലെ തർക്കത്തിൽ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍റെ വാദം പൊളിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. മേയർ സഞ്ചരിച്ച കാർ ബസിന് കുറുകെ ഇട്ടിരിക്കുന്നതിൻ്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ബസ് തടഞ്ഞില്ലെന്നായിരുന്നു ആര്യ രാജേന്ദ്രൻ്റെ വാദം. ഡ്രൈവറുടെ പരാതിയിൽ ഇനിയും മേയർക്കും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവിനുമെതിരെ പൊലീസ് കേസെടുത്തിട്ടില്ല.
ബസിന് കുറുകെ മേയറും സംഘവും കാറിട്ട് ട്രിപ്പ് മുടക്കിയെന്നായിരുന്നു ഡ്രൈവർ യദുവിൻ്റെ പരാതി. തുടക്കം മുതൽ മേയർ ഇത് നിഷേധിച്ചിരുന്നു. എന്നാൽ മേയറുടെ വാദം പൊളിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. പാളയം സാഫല്യം കോപ്ലക്സിന് മുന്നിൽ ട്രാഫിക് സിഗ്നലിൽ മേയർ സഞ്ചരിച്ച കാർ ബസിന് കുറുകെ ഇട്ടിരിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഡ്രൈവർ ലൈംഗിക ചേഷ്ട കാണിച്ചതിനൊപ്പം ലഹരി പദാർത്ഥം ഉപയോഗിച്ചെന്ന പുതിയ പരാതി കൂടി മേയർ ഉന്നയിക്കുന്നുണ്ട്. പക്ഷെ തർക്കത്തിന് പിന്നാലെ നടത്തിയ മെഡിക്കൽ പരിശോധനയിൽ ഇത് കണ്ടെത്താനായില്ലെന്നാണ് പൊലീസ് പറയുന്നത്.
ശനിയാഴ്ച രാത്രി നടന്ന തർക്കത്തിൽ ഡ്രൈവറുടെ പരാതി പൂർണ്ണമായും തള്ളി കൻ്റോൺമെൻ്റ് പൊലീസ് മേയർക്കൊപ്പമായിരുന്നു. മേയറുടെ പരാതിക്ക് കൗണ്ടർ പരാതിയാണ് ഡ്രൈവറുടേതെന്നാണ് പൊലീസ് വാദം. വാഹനം കുറുകെ ഇട്ടിട്ടില്ലെന്ന് വിശദീകരിച്ച പൊലീസും സിസിടിവി ദൃശ്യങ്ങൾ വന്നതോടെ വെട്ടിലായി. താൻ ആദ്യം പരാതികൊടുത്തിട്ടും പൊലീസ് കേസെടുത്തില്ലെന്നാണ് യദു പറയുന്നത്. ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും സിഗ്നലിൽ വാഹനം കുറുകെയിട്ട് ഗതാഗതം തടസ്സപ്പെടുത്തിയതിനും മോശമായി പെരുമാറിയതിനും കേസെടുക്കാൻ വകുപ്പുണ്ടായിട്ടും ഇതുവരെ പൊലീസ് തയ്യാറായിട്ടില്ല.
അതേസമയം, മേയറുടെ വാഹനം ഇടത് വശത്തുകൂടെ ഓവർടേക്ക് ചെയ്തെന്ന ഡ്രൈവറുടെ പരാതി തെളിയിക്കുന്ന ദൃശ്യം കിട്ടിയിട്ടില്ല. ഒപ്പം ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്ന് മേയറുടെ പരാതി വ്യക്തമാക്കുന്ന ദൃശ്യവും പുറത്തുവന്നിട്ടില്ല.