
തിരുവനന്തപുരം: രാജ്യത്ത് ആർബിഐ പിൻവലിച്ച 2000 രൂപയുടെ നോട്ടുകൾ റിസർവ് ബാങ്ക് നിർദ്ദേശം നൽകിയ തീയതി വരെ സ്വീകരിക്കുമെന്ന് കെഎസ്ആര്‍ടിസി. എല്ലാ യൂണിറ്റുകൾക്കും കണ്ടക്ടർമാർക്കും ടിക്കറ്റ് കൗണ്ടർ ജീവനക്കാർക്കും നിർദ്ദേശം നൽകിയതായി കെഎസ്ആര്‍ടിസി മാനേജ്മെന്റ് അറിയിച്ചു. 2000 രൂപ നോട്ടുകൾ സ്വീകരിക്കില്ലെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകളും അറിയിപ്പികളും വാസ്തവവിരുദ്ധമാണ്. നോട്ടുകൾ സ്വീകരിക്കരുത് എന്ന യാതൊരു നിർദ്ദേശവും നൽകിയിട്ടില്ല. നോട്ടുകൾ സ്വീകരിക്കാത്ത പരാതികൾ വന്നാൽ ഉത്തരവാദികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മാനേജ്മെന്റ് വ്യക്തമാക്കി.
2000 രൂപ നോട്ടുകൾ പിൻവലിച്ചതിന് പിന്നാലെ ഇനി നോട്ടുകൾ കെഎസ്ആര്‍ടിസി സ്വീകരിക്കില്ലെന്ന രീതിയിൽ തെറ്റായ വാർത്തകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് വ്യക്തത വരുത്തുന്നതെന്നും മാനേജ്മെന്റ് അറിയിച്ചു.
അതേ സമയം, പിൻവലിച്ച 2000 രൂപയുടെ നോട്ടുകൾ മാറിയെടുക്കാൻ പ്രത്യേകം ഫോം പൂരിപ്പിച്ച് നൽകേണ്ടതില്ലെന്ന് എസ്ബിഐ അറിയിച്ചു. കേന്ദ്ര നിർദേശ പ്രകാരം ഒറ്റത്തവണ 20,000 രൂപവരെ മാറിയെടുക്കാൻ പ്രത്യേകം ഫോമോ തിരിച്ചറിയൽ രേഖയോ നൽകേണ്ടതില്ല. ജനങ്ങൾക്ക് ബുദ്ധി മുട്ടുണ്ടാക്കാത്ത രീതിയിൽ നടപടികൾ പൂർത്തിയാക്കണമെന്നും പ്രസ്താവനയിലുണ്ട്. സമൂഹമാധ്യമങ്ങളിൽ തെറ്റായ പ്രചരണങ്ങൾ വ്യാപകമായ പശ്ചാത്തലത്തിൽ കൂടിയാണ് ചീഫ് ജനറൽ മാനേജരുടെ നടപടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam