കെഎസ്ആർടിസിയുടെ ഓണം സ്പെഷ്യല്‍ സര്‍വ്വീസിന് ആളില്ല; നാട്ടിലേക്ക് ബുക്കിംഗ് നാമമാത്രം

By Web TeamFirst Published Aug 18, 2020, 7:15 PM IST
Highlights

ഓണക്കാലം കണക്കിലെടുത്ത് കെഎസ്ആര്‍ടിസി പ്രഖ്യാപിച്ച സ്പെഷ്യല്‍ സര്‍വ്വീസുകള്‍ക്ക് തണുത്ത പ്രതികരണം. അന്തര്‍ സംസ്ഥാന ബസ്സ് സര്‍വ്വീസുകളില്‍ വിരലിലെണ്ണാവുന്ന ബുക്കിംഗ് മാത്രമാണ് ഇതുവരെ നടന്നിരിക്കുന്നത്. 

തിരുവനന്തപുരം: ഓണക്കാലം കണക്കിലെടുത്ത് കെഎസ്ആര്‍ടിസി പ്രഖ്യാപിച്ച സ്പെഷ്യല്‍ സര്‍വ്വീസുകള്‍ക്ക് തണുത്ത പ്രതികരണം. അന്തര്‍ സംസ്ഥാന ബസ്സ് സര്‍വ്വീസുകളില്‍ വിരലിലെണ്ണാവുന്ന ബുക്കിംഗ് മാത്രമാണ് ഇതുവരെ നടന്നിരിക്കുന്നത്. ആവശ്യത്തിന് യാത്രക്കാരില്ലെങ്കില്‍ സര്‍വ്വീസുകള്‍ റദ്ദ് ചെയ്യുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു

ഓണക്കാലത്ത് നാട്ടിലേക്ക് വരുന്നവരെ ലക്ഷ്യമിട്ട് കെഎസ്ആര്‍ടിസി ഈ മാസം 25 മുതലാണ് സ്പെഷ്യല്‍ സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കേരള,കര്‍ണ്ണാടക,തമിഴ്നാട് സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിയ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് സര്‍വ്വീസ്. കഴിഞ്ഞ ശനിയാഴ്ച മുതല്‍ ബുക്കിംഗും തുടങ്ങി.

ബംഗളൂരുവിലേക്കും  തിരിച്ചുമുള്ള സര്‍വ്വീസുകള്‍ക്കാണ് ബുക്കിംഗ് തുടങ്ങിയത്. കൊവിഡ് ജാഗ്രതാപോര്‍ട്ടിലില്‍ രജിസറ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ യാത്രാനുമതിയുള്ളു. ആരോഗ്യസേതു ആപ്പ് നിര്‍ബന്ധം. തിരുവോണത്തിന്‍റെ തലേദിവസമുള്ള ബുക്കിംഗിന്‍റെ അവസ്ഥ കാണുക. ഒരു ബസ്സില്‍ ഒരാളും രണ്ടാമത്തെ ബസ്സില്‍ രണ്ടുപേരും മാത്രമാണ് സീറ്റ് ബുക്ക് ചെയ്തിരിക്കുന്നത്.

ഉത്രാടത്തിന് തൊട്ടുമുമ്പുള്ള ദിവസമാകട്ടെ രണ്ട് ബസ്സുകളിലായി ആറ് പേര്‍ മാത്രമാണ് ടിക്കറ്റെടുത്തരിക്കുന്നത്. നാട്ടിലെത്തിയ ശേഷം നിരീക്ഷണത്തില്‍ പോകണമെന്നുതും ദീർഘദൂര ബസ്സ് യാത്ര കൊവിഡ് സാധ്യത ഉണ്ടാക്കുമെന്ന ഭയവുമാണ് യാത്രക്കാരെ പിന്തിരപ്പിക്കുന്നതെന്നന്നാണ് വിലയിരുത്തല്‍.

പോയവര്‍ഷം ഓണക്കാലത്ത് ബംഗളൂരു സര്‍വ്വീസിന് 4000 രൂപ വരെ സ്വകാര്യ ബസ്സുകള്‍ ഈടാക്കിയിരുന്നു. 1181 രൂപക്കാണ് കെഎസ്ആര്‍ടിസി ഇത്തവണ പ്രത്യേക സര്‍വ്വീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ആവശ്യത്തിന് യാത്രക്കാരില്ലാതെ സര്‍വ്വീസ് റദ്ദാക്കുന്ന സാഹചര്യമുണ്ടായാല്‍ യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും തിരികെ നല്‍കുമെന്ന് കെഎസ്ആര്‍ടസി വ്യക്തമാക്കി.

click me!