'മണ്ടത്തരങ്ങളുടെ നീണ്ടനിര, ലക്ഷ്യം അന്ധവിശ്വാസ പ്രചാരണം; കാമധേനു പരീക്ഷക്കെതിരെ ശാസ്ത്രസാഹിത്യ പരിഷത്ത്

Published : Feb 20, 2021, 06:00 PM ISTUpdated : Feb 20, 2021, 06:02 PM IST
'മണ്ടത്തരങ്ങളുടെ നീണ്ടനിര, ലക്ഷ്യം അന്ധവിശ്വാസ പ്രചാരണം; കാമധേനു പരീക്ഷക്കെതിരെ ശാസ്ത്രസാഹിത്യ പരിഷത്ത്

Synopsis

യാതൊരു തെളിവോ യുക്തിയോ ശാസ്ത്രീയ പിൻബലമോ ഇല്ലാത്ത നിരവധി അസംബന്ധങ്ങളുടേയും മണ്ടത്തരങ്ങളുടേയും നീണ്ടനിര തന്നെ ഈ ഡോക്യുമെന്‍റിലുണ്ടെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് ആരോപിച്ചു.

തിരുവനന്തപുരം:  കാമധേനു ഗോ വിഗ്യാൻ പ്രചാർ പ്രസാർ പരീക്ഷ നടത്തണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ വിവിധ സർവകലാശാലകളുടെ വൈസ് ചാൻസലർമാർക്ക് യുജിസി നല്‍കിയ നിര്‍ദ്ദേശം പിന്‍വലിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്.  പശുവിന്‍റെ വൈശിഷ്ട്യത്തെക്കുറിച്ചും അതിൽ നിന്ന് കിട്ടുന്ന ഗുണങ്ങളെക്കുറിച്ചുമൊക്കെ ദേശീയ തലത്തിൽ അവബോധമുണ്ടാക്കുവാൻ വേണ്ടിയുള്ള കേന്ദ്ര സർക്കാരിന്റെ പരിശ്രമങ്ങളുടെ ഭാഗമായിട്ടാണ് ദേശീയ ഗോ വിജ്ഞാന പരീക്ഷ നടത്താനുള്ള നിര്‍ദ്ദേശം.

പരീക്ഷയെക്കുറിച്ചുള്ള വിജ്ഞാപനം പുറത്തുവന്നതിന് പിന്നാലെ, ഈ പരീക്ഷയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവരെ ലക്ഷ്യമിട്ട് 54 പേജുകളുള്ള ഒരു റെഫറൻസ് ഡോക്യൂമെന്റും ഓൺലൈൻ ആയി യുജിസി അപ്‌ലോഡ് ചെയ്തിരുന്നു. അതിൽ ചാണകത്തിന്റെ അണുനാശക, ദന്തപ്രക്ഷാളന, റേഡിയോ ആക്റ്റീവ് രോധ ശേഷികളെക്കുറിച്ചുള്ള വിശദമായ വിവരണങ്ങളുണ്ടായിരുന്നു. എന്നാൽ അധികം താമസിയാതെ തന്നെ ഈ റഫറൻസ് ഡോക്യുമെന്റ് പിൻവലിക്കപ്പെടുകയും ചെയ്‌തു.

യാതൊരു തെളിവോ യുക്തിയോ ശാസ്ത്രീയ പിൻബലമോ ഇല്ലാത്ത നിരവധി അസംബന്ധങ്ങളുടേയും മണ്ടത്തരങ്ങളുടേയും നീണ്ടനിര തന്നെ ഈ ഡോക്യുമെന്‍റിലുണ്ടെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് ആരോപിച്ചു. നാടൻ പശുക്കളുടെ (അവയുടെ മാത്രം) സൂര്യനാഡി സുര്യപ്രകാശം ആഗിരണം ചെയ്ത് വൈറ്റമിൻ- ഡി നിർമിക്കുന്നു, പശുക്കളുടെ കണ്ണുകൾ ബുദ്ധിയുടെ കേന്ദ്രങ്ങളാണ്, അവയുടെ അകിടിൽ നിന്നു ചുരത്തുന്നത് അമൃതാണ്, അവയുടെ വാൽ ഉയർന്ന അദ്ധ്യാത്മിക മണ്ഡലങ്ങളിലേക്കു പോകുവാനുള്ള ചവിട്ടു പടിയാണ്, നാടൻ പശുക്കളുടെ പാൽ മനുഷ്യരെ അണു പ്രസരത്തിൽനിന്ന് സംരക്ഷിക്കുന്നു, നാടൻ പശുക്കളുടെ (അവയുടെ മാത്രം) ഇളം മഞ്ഞ പാലിൽ സ്വർണം കാണപ്പെടുന്നു, ഗോമാതാവിൽ നിന്നു ലഭിക്കുന്ന പാലും തൈരും മൂത്രവും ചാണകവും നെയ്യും തുല്യ അളവിൽ ചേർത്തു തയ്യാറാക്കുന്ന പഞ്ചഗവ്യം ഒരു സിദ്ധ ഔഷധമാണ്, ഭൂമികുലുക്കങ്ങളും ഗോവധ സമയത്തുണ്ടാകുന്ന നെഗറ്റീവ് ഊർജ തരംഗങ്ങളും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട് തുടങ്ങിയവ പുസ്തകങ്ങളിലുള്ള അസംബന്ധ പ്രസ്താവനകൾക്ക് ഉദാഹരണങ്ങളാണ്.

ഒരു സർക്കാർ ഏജൻസി ഇത്തരത്തിലുള്ള പുസ്തകം ഇറക്കി എന്നതിനേക്കാള്‍ ഞെട്ടിപ്പിക്കുന്നതാണ് അത്തരമൊരു പുസ്തകത്തെ അടിസ്ഥാനമാക്കി പരീക്ഷയെഴുതാൻ കുട്ടികളെ പ്രേരിപ്പിക്കണമെന്ന് ഉന്നത വിദ്യാഭ്യാസത്തിന്റെ തലപ്പത്തിരിക്കുന്ന യുജിസി നിർദ്ദേശിക്കുന്നത്. അത്യന്തം അപലനീയമായ നടപടിയാണിത്. ശാസ്ത്രബോധവും അന്വേഷണത്വരയും വളർത്തുന്നത് പൗരജനങ്ങളുടെ കടമയാണെന്ന് നമ്മുടെ ഭരണഘടന അനുശാസിക്കുന്നു. ശാസ്ത്രബോധത്തിന് ഇത്രയധികം പ്രാധാന്യം കൊടുക്കുന്ന ഒരു ഭരണഘടന നിലവിലുള്ള രാജ്യത്ത് സർക്കാർ ഏജൻസികൾ തന്നെ അന്ധവിശ്വാസ പ്രചാരണത്തിന് കൂട്ടുനിൽക്കുന്നത് അപമാനകരമാണ്. മതേതരവും ശാസ്ത്രാധിഷ്ഠിതവുമായി നിലനിൽക്കേണ്ട രാജ്യത്തെ വിദ്യാഭ്യാസ പ്രക്രിയയെ കാവിവൽക്കരിക്കുന്നതിനുള്ള ആസൂത്രിതമായ ശ്രമങ്ങളുടെ ഭാഗം കൂടിയാണ് ഈ നടപടി. ഇന്ത്യയിലെ സർവകലാശാലകളെയും വിദ്യാഭ്യാസത്തെയും ലോകത്തിനുമുന്നിൽ നാണം കെടുത്താനേ ഇത് ഇടയാക്കൂവെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് വ്യക്തമാക്കി.

Read More: വിദ്യാർത്ഥികളെക്കൊണ്ട് ദേശീയ ഗോ ശാസ്ത്ര പരീക്ഷ എഴുതിക്കണം, സർവകലാശാലാ വിസിമാർക്ക് യുജിസിയുടെ നിർദേശം 

ഭരണഘടയുടെ അന്തസ്സത്തയ്ക്ക് എതിരായ ഈ കത്ത് ഉടനടി പിൻവലിക്കണമെന്നും ഈ പരീക്ഷ തന്നെ റദ്ദാക്കാൻ ബന്ധപ്പെട്ടവരോട് ആവശ്യപ്പെടണമെന്നും യുജിസിയോട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു. അതോടൊപ്പം ഇത്തരം അന്ധവിശ്വാസ പ്രചാരണങ്ങളെ വിദ്യാർഥികളും അധ്യാപകരും പൊതുസമൂഹവും തള്ളിക്കളയണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അതിജീവിതയെ അധിക്ഷേപിച്ച കേസ്; ഒടുവിൽ രാഹുൽ ഈശ്വറിന് ആശ്വാസം, 16 ദിവസങ്ങള്‍ക്കുശേഷം ജാമ്യം
പ്ലസ് ടു വിദ്യാർഥികളെ ക്രൂരമായി മർദിച്ച് അധ്യാപകൻ; കേസെടുത്ത് പൊലീസ്, അധ്യാപകനെതിരെ ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകൾ