നിലപാട് തിരുത്തി കെഎസ്ടിപി; പാലാരിവട്ടം പാലം അഴിമതി കേസില്‍പെട്ട കമ്പനിക്ക് കരാര്‍ നൽകില്ല

By Web TeamFirst Published Sep 6, 2019, 12:10 AM IST
Highlights

കരാര്‍ അംഗീകരിക്കുന്നതിനുള്ള കെഎസ്ടിപിയുടെ സ്റ്റിയറിംഗ് കമ്മറ്റിക്കു മുന്നോടിയായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. 

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ പ്രതിസ്ഥാനത്തുള്ള കമ്പനിയായ ആര്‍ഡിഎസ് പ്രോജക്ട്സിന് റോഡ് നിര്‍മ്മാണത്തിനുള്ള കരാർ നല്‍കേണ്ടെന്ന് കെഎസ്ടിപി തീരുമാനിച്ചു. കരിമ്പട്ടികയിൽ പൊടാത്ത കമ്പനിയെ ഒഴിവാക്കില്ലെന്ന നിലപാട് കെഎസ്ടിപി സ്റ്റിയറിംഗ് കമ്മറ്റി തിരുത്തി. വിവാദത്തില്‍പെട്ട കമ്പനി വേണ്ടെന്ന പൊതുമരാമത്ത് മന്ത്രിയുടെ നിര്‍ദ്ദേശം കൂടി കണക്കിലെടുത്താണ് കെഎസ്ടിപിയുടെ തീരുമാനം.

കെഎസ്ടിപിയുടെ പുനലൂര്‍ - കോന്നി റോഡ് നിര്‍മ്മാണത്തിനുള്ള കരാര്‍ നടപടികളാണ് കെഎസ്ടിപി സ്റ്റിയറിംഗ് കമ്മറ്റി പരിശോധിച്ചത്. ആര്‍ ഡിഎസ് പ്രോജക്ടാണ് ടെണ്ടറില്‍ ഏറ്റവും കുറഞ്ഞ തുക വാഗ്ദാനം ചെയ്തിരുന്നത്. 22 കി മീ ദൈര്‍ഘ്യമുള്ള കെഎസ്ടിപി റോ‍ഡ് നിര്‍മ്മാണത്തിനായി 221 കോടിക്കാണ് കമ്പനി കരാറെടുക്കാന്‍ ഉദ്ദേശിച്ചിരുന്നത്. 

കരാര്‍ അംഗീകരിക്കുന്നതിനുള്ള കെഎസ്ടിപിയുടെ സ്റ്റിയറിംഗ് കമ്മറ്റിക്കു മുന്നോടിയായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. ചീഫ് സെക്രട്ടറി, ഫിനാന്‍സ് സെക്രട്ടറി, നിയമ സെക്രട്ടറി എന്നിവര്‍ അടങ്ങുന്ന കമ്മറ്റിയാണ് കരാറിന് അന്തിമ അംഗീകാരം നല്‍കുന്നത്.

വിവാദത്തില്‍ പെട്ട കമ്പനിക്ക് കരാര്‍ നല്‍കുന്നതിനെതിരായ പൊതു വികാരത്തിന്‍റെ അടിസ്ഥാനത്തിലാണ് കെഎസ്ടിപി സ്റ്റിയറിംഗ് കമ്മിറ്റി നിലപാട് മാറ്റിയത്. ടെണ്ടറില്‍ രണ്ടാമതെത്തിയ കമ്പനി ആര്‍ഡിഎസ് വാഗ്ദാനം ചെയ്ത 221 കോടിക്ക് പദ്ധതി ഏറ്റെടുക്കാന്‍ തയ്യാറായാല്‍ കരാര്‍ ആ കമ്പനിക്ക് നൽകുമെന്നും അതല്ലെങ്കില്‍ വീണ്ടും ടെണ്ടര്‍ വേണ്ടി വരുമെന്നും കെഎസ്ടിപി അറിയിച്ചു.

കെഎസ്ടിപി തീരുമാനം കോടതി നടപടികളിലേക്ക് നീങ്ങാനും സാധ്യതയുണ്ട്. പാലാരിവട്ടം മേൽപ്പാലം നിർമ്മാണ ക്രമക്കേടിൽ കമ്പനിയുടെ എം ഡി സുമിത് ​ഗോയലിനെ അടക്കം നാല് പേരെ കഴിഞ്ഞ ദിവസം വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു.  

click me!