
കണ്ണൂര്‍: കണ്ണൂർ കടന്നപ്പള്ളി ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിലെ കെഎസ് യുക്കാരനെ സിപിഎം- ഡിവൈഎഫ്ഐ പ്രവർത്തകർ വളഞ്ഞിട്ട് ആക്രമിച്ചു. ക്രൂരമായി പരിക്കേറ്റ പ്ലസ് ടു വിദ്യാർത്ഥിയെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂൾ പാർലമെന്‍റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു മർദ്ദനം.
സംഭവത്തിൽ കണ്ടാലറിയാവുന്ന നാലുപേർക്കെതിരെ പരിയാരം പൊലീസ് കേസെടുത്തു. ഇന്നലെ രാത്രി ഏഴരയോടെയാണ് കണ്ണൂർ ചന്തപ്പുര അങ്ങാടിയിൽ വച്ച് ഒരു സംഘം ഡിവൈഎഫ്ഐ- സിപിഎം പ്രവർത്തകർ പ്ലസ് ടു വിദ്യാർഥിയെ അതിക്രൂരമായി മർദ്ദിച്ചത്. സ്വകാര്യമായി വിളിച്ചു കൊണ്ടുപോയി ആളൊഴിഞ്ഞ കടമുറിയുടെ ഭാഗത്ത് വച്ച് മർദ്ദിക്കുകയായിരുന്നു. പുറത്തും അടിവയറ്റിലും സാരമായി പരിക്കേറ്റു.
ആദ്യം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലും വിദ്യാർത്ഥി ചികിത്സ തേടി. എസ്എഫ്ഐക്ക് സ്വാധീനമുള്ള സ്കൂളിൽ തെരഞ്ഞെടുപ്പിലേക്ക് കെഎസ്‌യു ഇത്തവണ നോമിനേഷനുകൾ നൽകിയിരുന്നു.
ഇതിൽ പ്രകോപിതരായാണ് മർദ്ദനമെന്നാണ് കെഎസ്‍യു- യൂത്ത് കോൺഗ്രസ് നേതാക്കൾ പറയുന്നത്. എന്നാൽ, സ്കൂളിലെ ഒരു പെൺകുട്ടിയോട് മോശമായി പെരുമാറിയതിനെ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ് പ്രാദേശിക സിപിഎം നേതാക്കൾ പ്രചരിപ്പിക്കുന്നത്. കഴിഞ്ഞദിവസം മാതമംഗലം സ്കൂളിലും കെഎസ്‌യു എംഎസ്എഫ് പ്രവർത്തകർക്ക് മർദ്ദനമേറ്റിരുന്നു.