
കൊച്ചി: മുഖ്യമന്ത്രിയുടെ അക്കാദമിക് അഡ്വൈസറും അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുമായ ഡോ. രതീഷ് കാളിയാടന്‍റെ പി എച്ച് ഡി പ്രബന്ധം കോപ്പിയടിയെന്ന് ആരോപിച്ച് കെ എസ് യു. തലശ്ശേരിയിൽ അധ്യാപകനായിരികെ ആസം കേന്ദ്ര സർവ്വകലാശാലയിൽ നിന്ന് പി എച്ച് ഡി നേടിയതിനെതിരെ യുജിസിക്ക് പരാതി നൽകുമെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ പറഞ്ഞു. എന്നാൽ പാർട്ട് ടൈം ആയാണ് പി എച്ച് ഡി പൂർത്തിയാക്കിയതെന്നും അടിസ്ഥാനമില്ലാത്ത പ്രചാരണങ്ങൾക്കെതിരെ പൊലീസിൽ പരാതി നൽകിയെന്നും രതീഷ് കാളിയാടൻ പ്രതികരിച്ചു.
2012 മുതൽ 14 വരെയാണ് അസം കേന്ദ്ര സർവ്വകലാശാലയിൽ നിന്ന് രതീഷ് കാളിയാടൻ പി എച്ച് ഡി ചെയ്യുന്നത്. പി എച്ച് ഡി പ്രബന്ധത്തിൽ ഓരോ അദ്ധ്യായങ്ങളിലും കോപ്പിയടിയുടെ തോത് 60 മുതൽ 90 ശതമാനം വരെ ആണെന്നാണ് കെ എസ് യു ആരോപിക്കുന്നത്. നിലവിൽ ഇന്റർനെറ്റിൽ ലഭ്യമായ പി എച്ച് ഡി കോപ്പിയടി പരിശോധിക്കുന്ന സോഫ്റ്റുവെയറിൽ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം തെളിഞ്ഞതെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ മാധ്യമങ്ങളോട് പറഞ്ഞു. 9 വർഷത്തോളമായി പൊതുമധ്യത്തിൽ ഉള്ള പ്രബന്ധത്തെ പറ്റിയാണ് കെ എസ് യുവിന്‍റെ ആക്ഷേപം.
Also Read: തീവ്രമഴ മുന്നറിയിപ്പ്; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയെന്ന് എറണാകുളം ജില്ലാ കളക്ടര്‍
എന്നാൽ, തലശ്ശേരി സർക്കാർ സ്കൂളിൽ അധ്യാപകനായിരിക്കെയാണ് പാർട്ട് ടൈം ആയി പി എച്ച് ഡി നേടിയതെന്നും തനിക്കെിരെ നടക്കുന്ന അടിസ്ഥാനമില്ലാത്ത ആരോപണങ്ങളെന്നും രതീഷ് കാളിയാടൻ പ്രതികരിച്ചു. പൊലീസ് അന്വേഷണത്തിൽ സത്യം പുറത്ത് വരുമെന്നും രതീഷ് കാളിയാടൻ പറഞ്ഞു. പ്രബന്ധാവതരണം ഉൾപ്പടെ പൂർത്തിയാക്കുന്ന മുറയ്ക്ക് കേന്ദ്ര സർവ്വകലാശാല നൽകുന്ന പി എച്ച് ഡി ബിരുദത്തിന്‍റെ വിശ്വാസ്യതയെയാണ് പ്രതിപക്ഷ യുവജനസംഘടന ചോദ്യം ചെയ്യുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം യൂട്യൂബിൽ കാണാം - LIVE