
തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി നടക്കുന്ന വി ഡി സതീശൻ അനുകൂല പ്രകടനങ്ങളെ വിമർശിച്ച് കെ എസ് യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ. പൊതു സമൂഹത്തിനു മുന്നിൽ പാർട്ടിയെ അപഹാസ്യമാക്കുന്ന നടപടിയെ അംഗീകരിക്കാൻ ആവില്ലെന്ന് അലോഷ്യസ് സേവ്യർ കുറിച്ചു. പട നയിക്കാൻ ഇവിടെ ഒരു സായുധ വിപ്ലവവും നടന്നിട്ടില്ല. പടച്ചട്ട ഇട്ടാരും ഇറങ്ങിയിട്ടുമില്ല. താഴെ തട്ടിലുള്ള പ്രവർത്തകർ തുടങ്ങി എല്ലാവരും കൂടെ വെട്ടിയപ്പോൾ മരം വീണതാണ്. മുഖ്യമന്ത്രി ആയി ആര് വേണമെങ്കിലും വരട്ടെ. അത് പാർട്ടി തീരുമാനിക്കും. പരിധി വിട്ടാൽ എല്ലാ പരിധിയും വിടും.
ഓർമ്മ പുസ്തകത്തിന്റെ താളുകൾ തുറപ്പിക്കരുതെന്നും അലോഷ്യസ് സേവ്യർ താക്കീത് നൽകി. പട നയിച്ചവൻ നാട് നയിക്കട്ടെ എന്നാണ് വി ഡി സതീശന് അനുകൂലമായ പ്രകടനങ്ങളിൽ ഉയർന്ന പ്രധാന മുദ്രാവാക്യം. ഇതിനെ വിമർശിച്ചാണ് കെ എസ് യു സംസ്ഥാന അധ്യക്ഷന്‍റെ കുറിപ്പ്.
പ്രവർത്തകരെ നിയന്ത്രിക്കാൻ നേതാക്കൾ തയ്യാറാവണം!
ഈ പാർട്ടിയിൽ എല്ലാ തവണയും മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങളെക്കുറിച്ചു ബോധ്യമില്ലാത്ത ആളുകൾ അല്ലല്ലോ ഉന്നത നേതൃത്വം. കൃത്യമായ നടപടിക്രമങ്ങളുമായ് പാർട്ടി മുന്നോട്ട് പോവുമ്പോൾ കണ്ണടച്ചു ഇരുട്ടാക്കാൻ ശ്രമിച്ച് ഈ പാർട്ടിയേയും അതിന്റെ നേതാക്കന്മാരെയും തെരുവ് വിചാരണയ്ക്ക് വിധേയമാക്കിയാൽ എത്ര ഉന്നത നേതാക്കന്മാർ ആയാലും പരസ്യമായി പേരെടുത്ത് വിമർശിക്കേണ്ടി വരും.
പൊതു സമൂഹത്തിനു മുന്നിൽ ഈ പാർട്ടിയെ അപഹാസ്യമാക്കുന്ന നടപടിയെ അംഗീകരിക്കാൻ ആവില്ല. പട നയിക്കാൻ ഇവിടെ ഒരു സായുധ വിപ്ലവവും നടന്നിട്ടില്ല. പടച്ചട്ട ഇട്ടാരും ഇറങ്ങിയിട്ടുമില്ല. താഴെ തട്ടിലുള്ള പ്രവർത്തകർ തുടങ്ങി എല്ലാവരും കൂടെ വെട്ടിയപ്പോൾ മരം വീണു. ഭയപ്പെടുത്തി കീഴ്പ്പെടുത്താം എന്ന നിലപാട് തിരുത്തപ്പെടണം. കോൺഗ്രസ് നേതാക്കന്മാരുടെ യോഗ്യതയും അയോഗ്യതയും തെരുവ് വിസ്താരത്തിന് വിധേയമാകണമെന്ന ധാരണ നേതൃത്വത്തിൽ ആർക്കെങ്കിലും ഉണ്ടെങ്കിൽ ഈ പ്രതിഭാസത്തിന് ശേഷം അതിനെല്ലാം മറുപടി പറയേണ്ടി വരും.
മുഖ്യമന്ത്രി ആയി ആര് വേണമെങ്കിലും വരട്ടെ. അത് പാർട്ടി തീരുമാനിക്കും. പരിധി വിട്ടാൽ എല്ലാ പരിധിയും വിടും. ഓർമ്മ പുസ്തകത്തിന്റെ താളുകൾ തുറപ്പിക്കരുത്. ഗിവ് റെസ്പക്ട് ആന്‍റ് ടേക്ക് റെസ്പക്ട്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam