അപകടസമയത്ത് ശ്രീറാം ധരിച്ചിരുന്ന രക്തം പുരണ്ട വസ്ത്രങ്ങൾ അദ്ദേഹത്തിന്റെ ക്വാർട്ടേഴ്സിലേക്ക് മാറ്റിയതായി സുഹൃത്തും ഡോക്ടറുമായ അനീഷ് രാജ് കോടതിയിൽ മൊഴി നൽകി. രക്തം പുരണ്ട വസ്ത്രങ്ങൾ കവടിയാറിലെ സിവിൽ സർവീസ് ക്വാർട്ടേഴ്സിൽ കൊണ്ടു പോയി വെച്ച ശേഷം പുതിയ വസ്ത്രങ്ങൾ ധരിപ്പിച്ചാണ് ശ്രീറാമിനെ കിംസ് ആശുപത്രിയിൽ എത്തിച്ചതെന്നും മൊഴി.

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്റെ അപകട മരണക്കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമൻ രക്തം പുരണ്ട വസ്ത്രം മാറ്റിയെന്ന് സാക്ഷി മൊഴി. അപകടസമയത്ത് ശ്രീറാം ധരിച്ചിരുന്ന രക്തം പുരണ്ട വസ്ത്രങ്ങൾ അദ്ദേഹത്തിന്റെ ക്വാർട്ടേഴ്സിലേക്ക് മാറ്റിയതായി സുഹൃത്തും ഡോക്ടറുമായ അനീഷ് രാജ് തിരുവനന്തപുരം നാലാം അഡീഷണൽ സെഷൻസ് കോടതിയിൽ മൊഴി നൽകി. രക്തം പുരണ്ട വസ്ത്രങ്ങൾ കവടിയാറിലെ സിവിൽ സർവീസ് ക്വാർട്ടേഴ്സിൽ കൊണ്ടു പോയി വെച്ച ശേഷം പുതിയ വസ്ത്രങ്ങൾ ധരിപ്പിച്ചാണ് ശ്രീറാമിനെ കിംസ് ആശുപത്രിയിൽ എത്തിച്ചതെന്നും പത്താം സാക്ഷിയായ ഡോ. അനീഷ് രാജ് മൊഴി നൽകി. കവടിയാറിലെ ക്വാർട്ടേഴ്സിൽ വച്ചിരുന്ന രക്തം പുരണ്ട ടി ഷർട്ടും ജീൻസും പിന്നീട് പൊലീസിന് എടുത്തുനൽകിയെന്ന് ശ്രീറാമിന്റെ മറ്റൊരു സുഹൃത്തായ പതിനൊന്നാം സാക്ഷി അമരീന്ദ്ര സിംഗും മൊഴി നൽകി.

2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിക്ക് തിരുവനന്തപുരത്തെ മ്യൂസിയത്തിന് സമീപം വെച്ച് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ചാണ് മാധ്യമപ്രവർത്തകൻ കെ എം ബഷീർ മരിച്ചത്. തിരുവനന്തപുരം സ്വദേശിയായ വഫ ഫിറോസിന്‍റെ പേരിലുള്ളതായിരുന്നു കെ എം ബഷീറിനെ ഇടിച്ച വാഹനം. വാഹനമോടിച്ചത് വഫ ഫിറോസാണെന്ന് വരുത്തി തീർക്കാനായിരുന്നു ശ്രീറാം വെങ്കിട്ടരാമന്‍റെ ശ്രമം. വണ്ടിയോടിച്ചത് വഫയാണെന്ന് ആദ്യം പൊലീസും പറഞ്ഞിരുന്നു. എന്നാല്‍, ദൃക്സാക്ഷികളും മാധ്യമപ്രവർത്തകരും ഇടപെട്ടതോടെ ശ്രീറാമിന്‍റെയും പൊലീസിന്‍റെയും നീക്കം പൊളിയുകയായിരുന്നു. കേസിലെ ഏക പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെതിരെ മനഃപൂർവമല്ലാത്ത നരഹത്യ, അപകടകരമായും മദ്യപിച്ചും വാഹനമോടിക്കൽ, തെളിവ് നശിപ്പിക്കൽ എന്നീ ഗുരുതര വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. കേസിന്‍റെ വിചാരണ നടപടികൾ പുരോഗമിക്കുകയാണ്. പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ബി എസ് രാജേഷ് കോടതിയിൽ ഹാജരായി.