
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ സ്കൂൾ പദ്ധതിയുമായി യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുമ്പോൾ നിലപാട് വ്യക്തമാക്കി വിദ്യാർത്ഥി സംഘടനയായ കെഎസ്‍യു. സംഘപരിവാറിന്‍റെ പിഎം ശ്രീ പദ്ധതിക്കെതിരെ തെരുവിൽ സമരം ചെയ്ത് തല്ലുകൊണ്ടവരാണ് കെഎസ്‍യുക്കാര്‍ എന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ഓര്‍മ്മിപ്പിച്ചു. സ്വന്തം മന്ത്രിസഭയെ പോലും അറിയിക്കാതെ, ബിജെപി സർക്കാരിന്‍റെ ആജ്ഞയനുസരിച്ച് പോയി ഒപ്പിട്ടുകൊടുത്ത പിണറായി വിജയൻ സർക്കാരിനെതിരെ അന്നൊരക്ഷരം പോലും ഉരിയാടാത്ത എസ്എഫ്ഐക്ക് ഇന്ന് ഈ വിഷയത്തിൽ സംസാരിക്കാൻ എന്ത് ധാർമ്മിക അവകാശമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു.
ഭരണം കിട്ടുമ്പോൾ ഒരു നിലപാടും പ്രതിപക്ഷത്തിരിക്കുമ്പോൾ മറ്റൊരു നിലപാടും സ്വീകരിക്കാൻ കെഎസ്‍യു പഠിച്ചിട്ടില്ല. കഴിഞ്ഞകാലങ്ങളിലും കെഎസ്‍യു അത് ചെയ്തിട്ടില്ല, ഇനി ചെയ്യാൻ ഉദ്ദേശിക്കുന്നുമില്ല. പിഎം ശ്രീ സംഘപരിവാറിന്‍റെ കുഞ്ഞാണ്. ഇന്ത്യയുടെ പാഠപുസ്തകങ്ങളെയും കലാശാലകളെയും കാവിവൽക്കരിക്കാൻ ലക്ഷ്യമിട്ടുള്ളത്. പാഠപുസ്തകങ്ങളിൽ നിന്ന് ജവഹർലാൽ നെഹ്റു മുതൽ മൗലാനാ അബ്‍ദുൾ കലാം ആസാദ് വരെയുള്ള നിരവധിയായ മനുഷ്യരെയും നയിച്ച രാജ്യത്തിന്‍റെ സ്വാതന്ത്ര്യസമര ചരിത്രംവും മായ്ച്ചുകളഞ്ഞ് വരാനിരിക്കുന്ന തലമുറയെ കാവിവൽക്കരിക്കാനുള്ള നീക്കത്തോടാണ് എൽഡിഎഫ് സർക്കാർ അന്ന് പൊരുത്തപ്പെട്ടത്ത്.
ജനങ്ങൾ യുഡിഎഫിനെ അധികാരത്തിലേറ്റിയത് സംഘപരിവാറിന് വിധേയപ്പെട്ട പിണറായി വിജയൻ സർക്കാരിന്‍റെ നയങ്ങളോടുമുള്ള ശക്തമായ വിയോജിപ്പ് കൊണ്ടുകൂടിയാണ്. അത് യുഡിഎഫ് നേതൃത്വം മനസിലാക്കുന്നുണ്ടെന്ന് തന്നെയാണ് കെഎസ്‍യു വിശ്വസിക്കുന്നത്. മുൻ സർക്കാർ ഒപ്പിട്ട പദ്ധതിയിൽ നിന്ന് പിൻമാറാൻ സംസ്ഥാന സർക്കാരിനുണ്ടാകുന്ന മുഴുവൻ സാങ്കേതിക ബുദ്ധിമുട്ടുകളും കെഎസ്‍യുവിന് ബോധ്യമുണ്ട്, മന്ത്രിസഭാ ഉപസമിതിയെ നിയമിക്കാനുള്ള തീരുമാനത്തെ കെഎസ്‍യു സ്വാഗതം ചെയ്യുന്നു.
എന്നാൽ ഈ പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവൻ ആശങ്കകളും കെഎസ്‍യു സർക്കാരിനെ അറിയിക്കും. വിഷയത്തിൽ തെരുവിൽ സമരം ചെയ്ത വിദ്യാർത്ഥി സംഘടന എന്ന നിലയിൽ കെഎസ്‍യുവിനെയും സമരം ചെയ്യാത്ത എസ്എഫ്ഐ ഒഴികെയുള്ള മുഴുവൻ വിദ്യാർത്ഥി സംഘടനകളെയും സർക്കാർ വിശ്വാസത്തിൽ എടുക്കണം. കേൾക്കാൻ സർക്കാർ തയ്യാറാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. എസ്എസ്എ പോലുള്ള പദ്ധതികളുടെ ഫണ്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കോടതി നടപടികളുമായി മുന്നോട്ട് പോകുന്നതിന്‍റെ സാധ്യത സർക്കാർ പരിശോധിക്കുമെന്നാണ് കരുതുന്നത്ത്.
കേരള സർക്കാരിനെ വീർപ്പ് മുട്ടിക്കാൻ കേന്ദ്രം തുനിഞ്ഞാൽ, സർക്കാരിന് വേണ്ടി തെരുവിൽ പോരാടാൻ ഞങ്ങൾ തയ്യാറാണ്. അതല്ലാതെ, മാധ്യമങ്ങളിൽ വരുന്ന തലയും വാലുമില്ലാത്ത വാർത്തകൾക്ക് അപ്പപ്പോൾ മറുപടി നൽകുക എന്നതല്ല കേരളത്തിലെ കെഎസ്‍യുവിന്റെ ഉത്തരവാദിത്വം എന്ന് കൂടി ഈ വിഷയത്തിൽ ഓർമ്മിപ്പിക്കുന്നു എന്നും അലോഷ്യസ് സേവ്യർ ഫേസ്ബുക്കിൽ കുറിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam