കാപ്പാക്കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സുഗതന് അവധി നൽകാൻ വഴിയൊരുക്കിയെന്ന സംഭവത്തിൽ ഉദ്യോഗസ്ഥക്കെതിരെ നടപടിക്ക് സാധ്യത. മന്ത്രിമാരുടെ എതിർപ്പ് മറികടന്ന് തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറി ഉപദേശം നൽകിയെന്നാണ് കണ്ടെത്തൽ.
തിരുവനന്തപുരം: കാപ്പാക്കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സുഗതന്റെ അവധി അപേക്ഷ പരിഗണിക്കുന്നതിനായി കത്ത് നൽകിയ സംഭവത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥക്കെതിരെ ഇന്ന് നടപടി ഉണ്ടായേക്കും. ആഭ്യന്തര തദ്ദേശ സെക്രട്ടറിമാർ ഇന്ന് മന്ത്രിമാർക്ക് റിപ്പോർട്ട് നൽകും. തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറിയുടെ ഭാഗത്താണ് ഗുരുതര വീഴ്ചയെന്നാണ് വകുപ്പിന്റെ നിഗമനം.
സുഗതന് അവധിക്ക് വഴിയൊരുക്കിയതിൽ തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ. ചിത്ര പി അരുണിമ ഉൾപ്പെടെ ഉള്ളവർക്കെതിരെയാണ് അന്വേഷണം നടത്തുന്നത്. മന്ത്രി കെഎം ഷാജിയുടെയും വകുപ്പ് സെക്രട്ടറിയുടെയും എതിര്‍പ്പ് മറികടന്നാണ് അണ്ടര്‍ സെക്രട്ടറി അവധിക്ക് വഴിയൊരുക്കുന്ന മറുപടിക്കത്ത് നൽകിയത്.
കാപ്പാ കേസിൽ ജയിലായ കൗണ്‍സിലർ സുഗതന്‍റെ അയോഗ്യത പ്രശ്നം കടക്കാൻ തിരുവനന്തപുരം മേയര്‍ മേയർ ആയുധമാക്കിയത് ആഭ്യന്തരവകുപ്പിൻെറ മറുപടിക്കത്താണ്. അവധി അപേക്ഷ കൗണ്‍സിലിൽ വോട്ടിനിട്ട് പാസ്സാക്കിയാൽ കൗണ്‍സിലര്‍ സ്ഥാനം സുരക്ഷിതമായിരിക്കുമെന്നായിരുന്നു ഉപദേശം. ഇത് ഉയര്‍ത്തിക്കാട്ടി ആറു മാസത്തേയ്ക്ക് അവധി കൊടുത്ത് സുഗതനെ ബിജെപി ഭരണസമിതി രക്ഷിച്ചെടുത്തപ്പോല്‍ വെട്ടിലായത് യുഡിഎഫ് സര്‍ക്കാര്‍. ജയിൽ സൂപ്രണ്ടുമുഖേന മേയർ വി.വി.രാജേഷിനാണ് സുഗതൻ കത്ത് നൽകിയത്. ഇങ്ങനെ കത്ത് കൊടുത്ത വിവരം സൂപ്രണ്ട് ആഭ്യന്തരവകുപ്പിനെ അറിയിച്ചു.
അറിയിപ്പിന് അപ്പുറം തുടര്‍നപടിയൊന്നും സൂപ്രണ്ട് ആവശ്യപ്പെട്ടിരുന്നില്ല. പക്ഷേ അഭിപ്രായം തേടി ആഭ്യന്തരവകുപ്പിലെ ഉദ്യോഗസ്ഥർ ഫയൽ തദ്ദേശവകുപ്പിന് അയച്ചു. ആഭ്യന്തര സെക്രട്ടറിയോ മന്ത്രിയോ കണ്ടില്ല. കത്തിൽ തീരുമാനമെടുക്കേണ്ടതില്ലെന്ന് സെക്ഷൻ അസിസ്റ്റൻറ് കുറിച്ചു. ഇത് വകുപ്പ് സെക്രട്ടറി ഷാനവാസും മന്ത്രി കെ.എം. ഷാജിയും ശരിവച്ചു. ഫയൽ വീണ്ടും അണ്ടര്‍ സെക്രട്ടറി ഡോ. ചിത്രയുടെ മുന്നിലെത്തി. ചില ചട്ടങ്ങള്‍ ചൂണ്ടികാട്ടി അണ്ടർ സെക്രട്ടറി ഉപദേശം നൽകി. അവധി അപേക്ഷ കൗണ്‍സിലിൽ വോട്ടിനിട്ട് പാസായാൽ കൗണ്‍സിലര്‍ സ്ഥാനം സുരക്ഷിതനായിരിക്കുമെന്നായിരുന്നു ഉപദേശം. ഈ നിർദ്ദേശം അതേ പടി പകർത്തി ആഭ്യന്തരവകുപ്പിലെ അണ്ടർ സെക്രട്ടറി മറുപടിക്കത്ത് കൊടുത്തു. സംഭവത്തിൽ തദ്ദേശ വകുപ്പ് മന്ത്രി കെ.എം.ഷാജി കടുത്ത അതൃപ്തിയിലാണ്. കോണ്‍ഗ്രസ് ബിജെപി ഡീലെന്ന് പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്.



