
തൃശൂർ: ഇരിങ്ങാലക്കുടയില്‍ ഉന്നത വിദ്യഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ ഓഫീസിലേക്ക് കെ എസ് യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മന്ത്രി ആര്‍ ബിന്ദുവിന്റെ അനാസ്ഥ മൂലം കീം റാങ്ക് ലിസ്റ്റ് ഹൈക്കോടതി റദ്ദാക്കിയെന്നും വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്തിലായെന്നും ആരോപിച്ചാണ് കെ എസ് യു ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉന്നത വിദ്യഭ്യാസ മന്ത്രിയുടെ ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തിയത്.
കനത്ത മഴയില്‍ ഠാണാവില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് മെയിന്‍ റോഡില്‍ എസ് ബി ഐ ബാങ്കിന് സമീപം പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ച് തടഞ്ഞു. ബാരിക്കേഡുകള്‍ മറിച്ചിടാന്‍ കെ എസ് യു പ്രവര്‍ത്തകര്‍ ശ്രമിക്കുകയും പൊലീസുമായി സംഘര്‍ഷമുണ്ടാവുകയും ചെയ്തു. കെ പി സി സി മുന്‍ ജനറല്‍ സെക്രട്ടറി എം പി ജാക്‌സണ്‍ സമരം ഉദ്ഘാടനം ചെയ്തു. ശനിയാഴ്ച്ച രാവിലെ 10.30 ന് നടത്തുമെന്ന് പ്രഖ്യാപിച്ച മാര്‍ച്ച് ആരംഭിച്ചത് 12 മണിയോടെയാണ്. രാവിലെ മുതല്‍ പൊലീസ് മെയിന്‍ റോഡില്‍ ഗതാഗതം തിരിച്ച് വിട്ടതിനെ തുടര്‍ന്ന് പട്ടണത്തില്‍ ഗതാഗത തടസ്സവും നേരിട്ടിരുന്നു. റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ പൊലീസ് അവസാനം അറസ്റ്റ് ചെയ്ത് നീക്കി.
കീം പരീക്ഷാ ഫലവുമായി ബന്ധപ്പെട്ട് സർക്കാർ നടത്തിയ ഇടപെടൽ സദുദ്ദേശപരമാണെന്നാണ് മന്ത്രി ആർ ബിന്ദു നേരത്തെ പറഞ്ഞത്. എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കാൻ ആയിരുന്നു സർക്കാർ ശ്രമമെന്ന് മന്ത്രി പറഞ്ഞു. എല്ലാ വശങ്ങളും പരിഗണിച്ചാണ് ശാസ്ത്രീയം എന്ന് പറയാവുന്ന ഫോർമുല അവലംബിച്ചത്. തന്റേതല്ലാത്ത കുറ്റം കൊണ്ട് ഒരു വിദ്യാർത്ഥിക്കും നഷ്ടങ്ങൾ ഉണ്ടാകരുതെന്ന് കരുതി ചെയ്തതാണെന്നും മന്ത്രി പറഞ്ഞു. മറ്റു ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറിയ മന്ത്രി, വലിയ കോടതി ആകേണ്ടെന്നും മാധ്യമങ്ങളെ വിമർശിച്ചു.