
തിരുവനന്തപുരം: സംസ്ഥാന ക്യാമ്പിലെ കൂട്ടത്തല്ല് നിഷേധിച്ച് കെഎസ്‍യു നേതൃത്വം. സംസ്ഥാന ക്യാമ്പിൽ ചില തർക്കങ്ങൾ ഉണ്ടായി, അതിനെ പർവതീകരിച്ച് കാണിക്കാനാണ് ശ്രമം നടക്കുന്നതെന്ന് കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. സംഘർഷം ചില മാധ്യമങ്ങളുടെ അജണ്ടയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഒരു ക്യാമ്പസിലെ വാട്സ്ആപ്പ് ഗ്രൂപ്പിലെ തർക്കത്തെ ചൊല്ലിയുള്ള തർക്കമാണ് പഠന ക്യാമ്പില്‍ ഉണ്ടായതെന്നും അലോഷ്യസ് സേവ്യർ മാധ്യമങ്ങളോട് പ്രതികരിച്ചു. സംഘടനയെ അപമാനിക്കാൻ ശ്രമിച്ചവർക്കെതിരെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവം കെപിസിസി അന്വേഷണത്തോട് സഹകരിക്കും. ക്യാമ്പിലെ ആഭ്യന്തര കാര്യങ്ങൾ പുറത്ത് ചർച്ച ആക്കാൻ കാരണക്കാർ ആയവർക്കെതിരെ നടപടി ഉണ്ടാകുമെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി.
അതേസമയം, സംഘർഷത്തെ കുറിച്ച് കെപിസിസി പ്രസിഡന്റിന് ധാരാളം പരാതി കിട്ടിയെന്നും നിജ സ്ഥിതി അന്വേഷിക്കുമെന്നും അന്വേഷണ കമ്മിറ്റി അംഗം എം എം നസീർ പ്രതികരിച്ചു. കെഎസ്‍യു പ്രാദേശിക വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ തർക്കമാണ് പ്രശ്നത്തിന് കാരണമായത്. ചില സംഘർഷം നടന്നു. തിരുത്തൽ നടപടികൾ ഉണ്ടാകും. അന്വേഷണം കഴിഞ്ഞ് ആവശ്യമെങ്കിൽ നടപടി സ്വീകരിക്കുമെന്നും ഇന്ന് വൈകിട്ട് പ്രാഥമിക റിപ്പോർട്ട് കെപിസിസി പ്രസിഡന്റിന് നൽകുമെന്നും എം എം നസീർ കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam