
കട്ടപ്പന: കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന് പിന്നാലെ കട്ടപ്പന ഗവ. കോളേജിൽ എസ് എഫ് ഐ - കെ എസ് യു സംഘർഷം. ഇരുവിഭാഗത്തിലും ഉൾപ്പെട്ട ഒൻപത് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കെ എസ് യു വിദ്യാർത്ഥികൾക്കാണ് സാരമായി പരിക്കേറ്റത്. കഴിഞ്ഞ ദിവസം നടന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി സംഘടനകളുടെ കൊടിതോരണങ്ങൾ നശിപ്പിക്കപ്പെട്ടതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
പരിക്കേറ്റ ഒന്നാം വർഷ വിദ്യാർത്ഥികളും കെ എസ് യു പ്രവർത്തകരുമായ ജോൺസൺ ജോയി, ജസ്റ്റിൻ ജോർജ്, ആൽബർട്ട് തോമസ്, അശ്വിൻ ശശി, അമൽ രാജു, പി ജി ഒന്നാം വർഷ വിദ്യാർത്ഥിനി സോന ഫിലിപ്പ് എന്നിവരെ താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷക്കു ശേഷം കട്ടപ്പന സെൻ്റ് ജോൺസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്കും ശരീരഭാഗങ്ങളിലും അടിയേറ്റിട്ടുണ്ട്. എസ്.എഫ്.ഐ പ്രവർത്തകരായ അഖിൽ ബാബു, അശ്വിൻ സനീഷ്, കെ.എസ് ദേവദത്ത് എന്നിവർക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.
പ്രകോപനം കൂടാതെ കാപ്പിവടി, നഞ്ചക്ക് എന്നിവ ഉപയോഗിച്ച് 30 പേർ വരുന്ന എസ് എഫ് ഐ പ്രവർത്തകർ കെ എസ് യു പ്രവർത്തകരെ മർദ്ദിക്കുകയായിരുന്നുവെന്ന് കെ എസ് യു സംസ്ഥാന സെക്രട്ടറി ജിതിൻ ഉപ്പുമാക്കൽ പറഞ്ഞു. എന്നാൽ യൂണിയൻ തെരഞ്ഞെടുപ്പിൽ തോറ്റ കെ എസ് യു പ്രവർത്തകരുടെ ഭാഗത്തു നിന്ന് നാളുകളായി പ്രകോപനവും ആക്രമണവും തുടരുകയാണെന്നാണ് എസ് എഫ് ഐ ജില്ലാ ജോയിൻ സെക്രട്ടറി അഖിൽ ബാബു പറഞ്ഞത്.
സംഘർഷത്തെ തുടർന്ന് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. കട്ടപ്പന പൊലീസ് ഇരുവിഭാഗത്തിൻ്റേയും മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച നടക്കാനിരിക്കുന്ന പിറ്റിഎ എക്സിക്യൂട്ടീവ് യോഗത്തിനു ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് കോളേജ് അധികൃതർ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam