എടിഎമ്മിലേയ്ക്ക് കൊണ്ടുപോയ പണം തട്ടിയ കേസ്; മൂന്ന് പ്രതികളും പിടിയിൽ, വ്യാജ കവർച്ച പൊളിച്ചടുക്കി പൊലീസ്
എടിഎമ്മിൽ നിറക്കാൻ കൊണ്ടുപോയ പണം തട്ടിയെന്ന കേസിൽ പരാതിക്കാരൻ തന്നെയാണ് പ്രതിയെന്ന് പൊലീസ്.
കോഴിക്കോട്: എടിഎമ്മില്‍ നിറയ്ക്കാനായി കൊണ്ടുപോയ പണം തട്ടിയെന്ന കേസില്‍ മൂന്ന് പ്രതികളും പിടിയിൽ. പരാതിക്കാരന്‍ തന്നെയാണ് പ്രതിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഒക്ടോബര്‍ 19ന് വൈകുന്നേരം 4 മണിയോടെ കോഴിക്കോട് റൂറല്‍ ജില്ലയിലെ കൊയിലാണ്ടി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കാട്ടിലപ്പീടികയെന്ന സ്ഥലത്ത് യുവാവിനെ കാറിനുള്ളില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയെന്ന് നാട്ടുകാര്‍ പൊലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. സ്റ്റേഷന്‍ പട്രോള്‍ സംഘം എത്തുമ്പോള്‍ നാട്ടുകാര്‍ സുഹൈല്‍ എന്ന യുവാവിന്‍റെ കയ്യിലെയും കാലിലെയും കെട്ടുകള്‍ അഴിക്കുകയും മുഖത്തുണ്ടായിരുന്ന മുളകുപൊടി കഴുകിക്കളയുകയും ചെയ്തിരുന്നു.
സുഹൈലിനോട് സംസാരിച്ചതില്‍ താന്‍ ഒരു സ്വകാര്യ എടിഎം കമ്പനിയില്‍ ജോലി ചെയ്യുന്നയാളാണെന്നും എടിഎമ്മില്‍ പണം നിറയ്ക്കാനായി പോകുന്ന വഴി കവര്‍ച്ചയ്ക്ക് ഇരയായെന്നും പരാതിപ്പെട്ടു. രാവിലെ ബാങ്കില്‍ നിന്ന് 72,40,000 രൂപ എടുത്ത് എടിഎമ്മില്‍ നിറയ്ക്കാനായി പോകുന്ന വഴി അരിക്കുളം പഞ്ചായത്ത് ഓഫീസിന് സമീപം ആളൊഴിഞ്ഞ കുരുടിമുക്കെന്ന സ്ഥലത്തുവെച്ച് തന്‍റെ കാറിന്‍റെ മുന്നിലേക്ക് പര്‍ദ്ദ ധരിച്ച രണ്ട് സ്ത്രീകള്‍ ചാടി. അവര്‍ക്ക് അപകടം സംഭവിച്ചോയെന്നറിയാന്‍ പുറത്തിറങ്ങിയപ്പോള്‍ പിന്നില്‍ നിന്ന് ആരോ തന്‍റെ മുഖം പൊത്തി ബോധരഹിതനാക്കി എന്നുമായിരുന്നു സുഹൈലിന്റെ പരാതി.
തട്ടിക്കൊണ്ടുപോയ സ്ഥലത്ത് നിന്ന് 20 കിലോ മീറ്റര്‍ അകലെ കണ്ടെത്തിയ കാറില്‍ നിറയെ തൂവിയിരുന്ന മുളകുപൊടി സുഹൈലിന്‍റെ കണ്ണില്‍ വീണിട്ടുണ്ടായിരുന്നില്ല. കാറിലും മറ്റും കണ്ട കാര്യങ്ങളും സുഹൈലിന്‍റെ മൊഴിയുമായി വൈരുധ്യമുണ്ടെന്ന് മനസ്സിലാക്കിയ പൊലീസിന്‍റെ സംശയം അയാളിലേക്ക് തന്നെ തിരിഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ ഇയാളുടെ കാറിന് പിന്നിലായി പോയ മറ്റൊരു കാറിന്‍റെ നമ്പര്‍ കണ്ടെത്തുകയും അത് സുഹൈലിന്‍റെ സുഹൃത്തായ താഹയുടെ പേരിലുള്ളതാണെന്ന് മനസ്സിലാക്കുകയും ചെയ്തു.
താഹയെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ പണം തട്ടാനുള്ള നാടകമായിരുന്നെന്നും സുഹൈലാണ് കവര്‍ച്ചയുടെ ബുദ്ധികേന്ദ്രമെന്നും സമ്മതിച്ചു. കവര്‍ച്ചയ്ക്ക് സഹായിച്ച മറ്റൊരാള്‍ ഉള്‍പ്പടെ മൂന്ന് പ്രതികളെയും പൊലീസ് പിടികൂടിയിട്ടുണ്ട്. മൊഴിയിലെ വൈരുദ്ധ്യങ്ങളും സംഭവസ്ഥലത്ത് നിന്ന് മനസ്സിലാക്കിയ കര്യങ്ങളും വിലയിരുത്തി അതിവിദഗ്ധമായി പൊലീസ് വ്യാജ കവര്‍ച്ച പൊളിക്കുകയായിരുന്നു.
സാമ്പത്തിക ബാധ്യതകളില്‍ നിന്ന് രക്ഷപ്പെടാനാണ് മൂന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് കവര്‍ച്ച നടത്തിയത്. എടിഎമ്മില്‍ നിക്ഷേപിച്ചിരുന്ന പണത്തില്‍ തിരിമറി നടത്തി സുഹൈല്‍ പലപ്പോഴായി 22 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തിരുന്നു. അന്നേ ദിവസം ബാങ്കില്‍ നിന്നെടുത്ത 50 ലക്ഷം രൂപയോടൊപ്പം 22,40,000 രൂപയും ചേര്‍ത്താണ് കവര്‍ച്ച ചെയ്യപ്പെട്ടതെന്ന് കണക്ക് കാണിച്ചായിരുന്നു കബളിപ്പിക്കാന്‍ ശ്രമിച്ചത്. താഹയെ പിടികൂടുമ്പോള്‍ 37 ലക്ഷം രൂപ പൊലീസ് കണ്ടെടുത്തു. ബാക്കി തുക കടങ്ങള്‍ തീര്‍ക്കാനും സ്വര്‍ണ്ണപ്പണയം തിരിച്ചെടുക്കാനുമായി ചെലവാക്കിയിരുന്നു. പണം വീണ്ടെടുക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.
READ MORE: അന്ന് ഷാഫി പറമ്പിലിന് എൽഡിഎഫ് വോട്ട് മറിച്ചു, ആ ഡീല്‍ ഇത്തവണ പൊളിയുമെന്ന് കെ. സുരേന്ദ്രന്‍