
കൊച്ചി: വ്യാജ സർട്ടിഫിക്കറ്റ് വിവാദം പുതിയ തലത്തിലേക്ക് കടക്കുമ്പോൾ സർക്കാരിന് നേതൃത്വം നൽകുന്ന സി പി എമ്മിനും, സി പി എമ്മിന്‍റെ വിദ്യാർഥി സംഘടനയായ എസ് എഫ് ഐക്കും തലവേദന വർധിക്കുകയാണ്. വിദ്യയുടെ വ്യാജ സർട്ടിഫിക്കറ്റിന് പിന്നാലെ കായംകുളത്തെ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റും കൂടി എത്തിയതോടെ വിവാദം പുതിയ തലത്തിലേക്ക് കടക്കുകയാണ്. എസ് എഫ് ഐക്കും സി പി എമ്മിനുമെതിരെ രൂക്ഷമായ വിമർശനമാണ് പ്രതിപക്ഷത്തെ നേതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. അതിനിടെ വിദ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിലും നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിലും ഇന്ന് എന്ത് സംഭവിക്കും എന്നതാണ് അറിയാനുള്ളത്. കോളേജുകളിൽ കെ എസ് യു പ്രഖ്യാപിച്ച വിദ്യാഭാസ ബന്ധും ഇന്നത്തെ ദിവസത്തെ നിർണായകമാക്കുന്നു.
'കുബുദ്ധിക്ക് പിന്നിൽ റസ്‌തോയും ശശിയും', ഗോവിന്ദനെ അങ്ങനെയങ്ങ് വിടില്ലെന്നും കെ സുധാകരന്‍
വിദ്യയുടെ മുൻകൂറിൽ വിധിയെന്ത്?
വ്യാജരേഖ കേസിൽ പ്രതിയായ കെ വിദ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജിയിൽ സംസ്ഥാന സർക്കാരും ഇന്ന് കോടതിയെ നിലപാട് അറിയിക്കും. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി കെട്ടിച്ചമച്ച കേസെന്നാണ് ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വിദ്യയുടെ വാദം. ജാമ്യമില്ല വകുപ്പ് ചുമത്തിയത് നിലനിൽക്കില്ലെന്നും കേസ് അന്വേഷണവുമായി സഹകരിക്കാൻ തയ്യാറെന്നും വിദ്യ കോടതിയെ അറിയിച്ചിരുന്നു.
നിഖിലിന്‍റെ വ്യാജനിൽ പ്രതിയാര്?
എസ് എഫ് ഐ നേതാവ് നിഖിൽ തോമസിന് എം കോമിന് പ്രവേശനം നൽകിയതിൽ കായംകുളം എം എസ് എം കോളജിനും കേരള സർവകലാശാലക്കും ഉണ്ടായത് ഗുരുതര വീഴ്ചയെന്നാണ് വ്യക്തമാകുന്നത്. കോളജിൽ ബി കോം പഠിച്ചുതോറ്റ വിദ്യാർഥി അതേ കാലയളവിൽ മറ്റൊരു സർവകലാശാലയിൽ പഠിച്ച സർട്ടിഫിക്കറ്റുമായി പ്രവേശനത്തിന് എത്തിയപ്പോൾ കോളേജ് പരിശോധിച്ചില്ല. കേരള സർവ്വകലാശാലയും നിഖിൽ ഹാജരാക്കിയ കലിംഗയിലെ സർട്ടിഫിക്കറ്റുകൾ കൃത്യമായി പരിശോധിച്ചുറപ്പാക്കിയില്ലെന്നതും മറ്റൊരു യാഥാർത്ഥ്യമായി തുടരുന്നു. നിഖിലിനെ ഇന്നലെ രാവിലെ സംസ്ഥാന സെക്രട്ടറി ആർഷോ ന്യായീകരിച്ച് രംഗത്തെത്തിയതോടെ എസ് എഫ് ഐക്കും സി പി എമ്മിനും തലവേദന കൂടുകയാണ്.
കെ എസ് യു വിദ്യാഭ്യാസ ബന്ദ്
സംസ്ഥാന വ്യാപകമായി കോളേജുകളിൽ ഇന്ന് വിദ്യാഭ്യാസ ബന്ദിന് കെ എസ് യു ആഹ്വാനം ചെയ്തിരിക്കുകയാണ്. നിഖിൽ തോമസിന്‍റെയടക്കം വിഷയം ചൂണ്ടികാട്ടി ഉന്നത വിദ്യാഭ്യാസ മേഖലയെ എസ് എഫ് ഐ തകർത്തു എന്ന് ആരോപിച്ചാണ് കെ എസ് യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത്. വ്യാജന്മാരുടെ കൂടാരമായി എസ് എഫ് ഐ മാറിയെന്നും ഉന്നതവിദ്യാഭ്യാസ മേഖലയെ എസ് എഫ് ഐ തകർത്തെറിയുകയാണെന്നും കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോൾ ഉയർന്നു വന്നിരിക്കുന്ന വിഷയങ്ങളിൽ സർക്കാർ മൗനം വെടിയണമെന്നും അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam