
പത്തനാപുരം: പത്തനാപുരത്ത് കേരള കോൺഗ്രസ് (ബി) പ്രവർത്തകനെ കെ എസ് യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ജ്യോതികുമാർ ചാമക്കാല എം എൽ എക്കെതിരെ കെ ബി ഗണേഷ് കുമാർ രംഗത്ത്. മർദ്ദനമേറ്റ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം സഞ്ജു പി സാമിനെ ആക്രമിച്ച ഗുണ്ടകളെ പത്തനാപുരം എം എൽ എ സംരക്ഷിക്കുകയാണെന്ന് ഗണേഷ് കുമാർ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. അധികാരത്തിന്റെ അഹങ്കാരത്തിൽ പത്തനാപുരത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് കോൺഗ്രസ് നീക്കമെന്നും, കുറ്റക്കാരെ പൊലീസ് ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ ശക്തമായ ജനകീയ പ്രതിഷേധങ്ങളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇന്നലെ രാത്രിയോടെയാണ് സഞ്ജു പി സാമിന് നേരെ ആക്രമണമുണ്ടായത്. ഇതിന് പിന്നാലെ കേരള കോൺഗ്രസ് (ബി) പ്രവർത്തകർ പത്തനാപുരം എം എൽ എ ഓഫീസിന് മുന്നിൽ തടിച്ചുകൂടി വലിയ പ്രതിഷേധം ഉയർത്തി. തുടർന്ന് കോൺഗ്രസ് - കേരള കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഉടലെടുത്ത കടുത്ത സംഘർഷാവസ്ഥ പൊലീസ് ഇടപെട്ടാണ് ശാന്തമാക്കിയത്. സമാധാന അന്തരീക്ഷം നിലനിന്നിരുന്ന പത്തനാപുരത്ത് ഗുണ്ടാവിളയാട്ടം അനുവദിക്കില്ലെന്നും ആക്രമണങ്ങളെ ശക്തമായി എതിർക്കുമെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.
ആക്രമണ - ഗുണ്ടാ പ്രവർത്തനങ്ങളിലൂടെ പത്തനാപുരത്തിന്റെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചാല്‍ കൈ കെട്ടി നോക്കിയിരിക്കുമെന്ന് ആരും കരുതണ്ടാ. ഗുണ്ടാ വിളയാട്ടമോ സംഘടിതമായ ആക്രമണങ്ങളോ ഇല്ലാതിരുന്ന പത്തനാപുരത്ത് അധികാരത്തിന്‍റെ അഹങ്കാരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു തുടങ്ങിയിരിക്കുന്നു. ഞാൻ മന്ത്രി ആയിരുന്നപ്പോൾ എന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗമായിരുന്ന കേരളാ കോണ്‍ഗ്രസ് (ബി) പ്രവര്‍ത്തകന്‍ സഞ്ജു പി സാമിനെ കെ എസ് യു - യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഗുണ്ടാ സംഘം ഇന്നലെ രാത്രി അകാരണമായി ക്രൂരമായി ആക്രമിച്ചു പരിക്കേൽപ്പിച്ചു. സ്ഥലം എം എൽ എയുടെ നേതൃത്വത്തിൽ ഈ ഗുണ്ടകളെ സംരക്ഷിച്ചുവരുകയാണ്. സഞ്ജുവിനെ ആക്രമിച്ച ഗുണ്ടകളെ അറസ്റ്റ് ചെയ്യുന്നതിനോ നിയമവാഴ്ച ഉറപ്പു വരുത്തുന്നതിനോ പോലീസ് തയ്യാറായിട്ടില്ലാത്തത് അപലപനീയമാണ്. എത്രയും പെട്ടന്ന് കുറ്റക്കാരെ അറസ്റ്റ് ചെയ്ത് നിയമ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ ജനകീയ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകും. പത്തനാപുരത്തെ ജനജീവിതത്തിന്‍റെ സമാധാന അന്തരീക്ഷം തകർക്കാൻ അധികാര ഹുങ്കിന്‍റെ തണലില്‍ നടത്തുന്ന ഏത് ശ്രമത്തെയും ശക്തമായി എതിര്‍ക്കുക തന്നെ ചെയ്യും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam