
കൊല്ലം: കോൺഗ്രസ് പ്രവർത്തക കൺവൻഷനിൽ പൊട്ടിത്തെറിച്ച് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. നേതാക്കൾ പ്രസംഗിച്ച് കഴിയും മുമ്പ് ആളുകൾ സദസ് വിട്ടതാണ് പ്രസിഡന്‍റിനെ പ്രകോപിപ്പിച്ചത്. പ്രതിപക്ഷ നേതാവ് അടക്കമുള്ള നേതാക്കൾ വേദിയിലിരിക്കുമ്പോഴാണ് കെ.സുധാകരൻ ക്ഷുഭിതനായത്
എല്ലാ ജില്ലകളിലും കോൺഗ്രസ് സംഘടിപ്പിക്കുന്ന പ്രവർത്തക കൺവൻഷൻ. കെപിസിസി പ്രസിഡന്‍റും പ്രതിപക്ഷ നേതാവും ഒന്നിച്ചെത്തുന്ന പരിപാടി. ബൂത്ത് പ്രസിഡന്‍റമാര്‍ മുതൽ കെപിസിസി ഭാരവാഹികൾ വരെയാണ് പങ്കെടുക്കുന്നത്. . കൊല്ലത്തെ വേദി ടൗൺ ഹാൾ. പറഞ്ഞ സമയത്ത് തന്നെ കെപിസിസി പ്രസിഡന്‍റ് എത്തി. വരുന്ന തെരഞ്ഞെടുപ്പിൽ ജയിക്കാനുള്ള തന്ത്രങ്ങളും ഒരുക്കങ്ങളും വിശദീകരിച്ച് നീണ്ട പ്രസംഗം. ആവേശം കൊണ്ട് സദസിൽ നിന്ന് കൈയ്യടിയും. പ്രസിഡന്‍റിന്‍റെ പ്രസംഗം കഴിഞ്ഞു. പ്രതിപക്ഷ നേതാവ് എത്താൻ വൈകിയത് കൊണ്ട് കെപിസിസി ജനറൽ സെക്രട്ടറി കെ കെ ജയന്ത് പ്രസംഗിക്കാൻ എത്തി. പക്ഷെ സദസിൽ നിന്ന് ആളുകൾ കൂട്ടം എഴുന്നേറ്റ് പുറത്തേക്കിറങ്ങാൻ തുടങ്ങി. ഇത് കണ്ട കെപിസിസി പ്രസിഡന്‍റ് പ്രകോപിതനായി
പ്രസിഡന്‍റിനെ പേടിച്ച് ഇറങ്ങിയവരിൽ പലരും തിരിച്ചു കയറി. അപ്പോഴേക്കും പ്രതിപക്ഷ നേതാവും എത്തി. വിഡി സതീശന്‍റെ പ്രസംഗത്തിനും കൈയ്യടി. തൊട്ടടുത്ത ഊഴം കെപിസിസി വൈസ്പ്രസിഡന്‍റ് വിടി ബലറാമിന്‍റേത്. ബലറാം പ്രസംഗിക്കാൻ തുടങ്ങിയപ്പോഴും പഴയപടി കാര്യങ്ങൾ ആവത്തിച്ചു. ആളുകൾ ഇറങ്ങി തുടങ്ങി. കെപിസിസി പ്രസിഡന്‍റിന്‍റെ ദേഷ്യം കൂടി. ഇരുന്ന് കസേരയിൽ നിന്ന് ചാടി എഴുനേറ്റു.ഒടുവിൽ വി ടി ബലറാം ഇടപെട്ട് രംഗം ശാന്തമാക്കി