'അസത്യ പ്രസ്താവന, സംഘ്പരിവാറുകാര്‍ ദുരുപയോഗം ചെയ്യുമെന്ന് ഉറപ്പ്'; ഗണപതിയുടെ പരാമര്‍ശം തള്ളി കെടി ജലീല്‍

Published : Jun 21, 2023, 08:19 PM IST
'അസത്യ പ്രസ്താവന, സംഘ്പരിവാറുകാര്‍ ദുരുപയോഗം ചെയ്യുമെന്ന് ഉറപ്പ്'; ഗണപതിയുടെ പരാമര്‍ശം തള്ളി കെടി ജലീല്‍

Synopsis

''മുസ്ലിങ്ങള്‍ അവയവങ്ങള്‍ ദാനം ചെയ്യാറില്ല എന്ന ദുഷ്പ്രചരണവും ഇതിനിടയില്‍ ചിലര്‍ നടത്തുന്നുണ്ട്. ഡോ: ഗണപതിയും അങ്ങനെ ഒരു അഭിപ്രായം അഭിമുഖത്തില്‍ പറയാതെ പറയുന്നത് സസൂക്ഷ്മം നിരീക്ഷിച്ചാല്‍ മനസ്സിലാക്കാം.''

മലപ്പുറം: ഡോക്ടര്‍ ഗണപതി ഒരു അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്നതും തെറ്റിധാരണ പരത്തുന്നതുമാണെന്ന് കെടി ജലീല്‍. അസത്യ പ്രസ്താവന ഉത്തരേന്ത്യയില്‍ സംഘ്പരിവാറുകാര്‍ ദുരുപയോഗം ചെയ്യുമെന്ന് ഉറപ്പാണ്. ഒരുപക്ഷെ, നാളെ മറ്റൊരു കേരള സ്റ്റോറിയായി പുറത്ത് വരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്ന് ജലീല്‍ പറഞ്ഞു. 2009ല്‍ ലേക്ക്ഷോര്‍ ഹോസ്പിറ്റലിന്റെ എം.ഡി ഡോ. ഫിലിപ്പ് അഗസ്റ്റിനാണ്. 2016ലാണ് ഡോ. ഷംസീര്‍ ലേക്ക്ഷോറിന്റെ 42% ഓഹരിയും എം.എ യൂസുഫലി 16% ഓഹരിയും വാങ്ങുന്നത്. 2009ല്‍ നടന്നതായി ഗണപതി പറയുന്ന മാഫിയാ അവയവമാറ്റ ശസ്ത്രക്രിയയില്‍ 2016ല്‍ മേജര്‍ ഷെയര്‍ വാങ്ങിയ മുസ്ലിം പേരുകാരന്‍ എങ്ങനെയാണ് പ്രതിയാവുകയെന്നും ജലീല്‍ ചോദിച്ചു.

മുസ്ലീം ഡോക്ടര്‍മാരും മുസ്ലീം ബിസിനസുകാരും ഉടമസ്ഥരായിട്ടുള്ള ആശുപത്രികളിലാണ് കൂടുതല്‍ മസ്തിഷ്‌ക മരണങ്ങള്‍ സംഭവിക്കുന്നതെന്ന പരാമര്‍ശമാണ് ഡോ. ഗണപതി നടത്തിയത്. സംസ്ഥാനത്ത് ഏറ്റവും കുറവ് മസ്തിഷ്‌ക മരണം സംഭവിക്കുന്നത് മുസ്ലീം വിഭാഗങ്ങളില്‍പ്പെട്ടവരിലാണെന്നും ഗണപതി പറഞ്ഞിരുന്നു.

കെടി ജലീലിന്റെ കുറിപ്പ്: ''ഡോ: ഗണപതിയുടെ വെളിപാടും അവയവ മതവും. അവയവ ദാനവുമായി ബന്ധപ്പെട്ട് ഡോ: ഗണപതി നടത്തിയ വെളിപ്പെടുത്തല്‍ സത്യമാണെങ്കില്‍ അതീവ ഗൗരവമേറിയതാണ്. കോടതി അന്വേഷണത്തിന് ഉത്തരവിട്ട വാര്‍ത്ത അങ്ങേയറ്റം പ്രശംസനീയം തന്നെ. എന്നാല്‍ ഡോ: ഗണപതി അതും കടന്ന് ചില ദുസ്സൂചനകള്‍ നല്‍കി ഒരു സ്വകാര്യ ഓണ്‍ലൈന്‍ ചാനലിന് കൊടുത്ത അഭിമുഖം അങ്ങേയറ്റം വര്‍ഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കുന്നതും തെറ്റിദ്ധാരണ പരത്തുന്നതുമാണ്. അവ താഴേ പറയും വിധം സംഗ്രഹിക്കാം.''

''രണ്ട് വര്‍ഷങ്ങളിലായി നടന്ന 148 മസ്തിഷ്‌ക മരണങ്ങളില്‍ ഒന്ന് മാത്രമാണ് മുസ്ലിങ്ങളില്‍ നിന്നുള്ളവര്‍. ബാക്കിയെല്ലാവരും മറ്റു സമുദായ വിഭാഗങ്ങളില്‍ പെടുന്നവരാണ്. ഇതിന് കാരണമായി അദ്ദേഹം വ്യങ്യമായി സൂചിപ്പിക്കുന്നത് പല മുസ്ലിം പേരുള്ള ഉടമസ്ഥരുടെ സ്വകാര്യ ആശുപത്രികളിലും ''മസ്തിഷ്‌ക മരണം' സ്ഥിരീകരിക്കുന്നത് മുസ്ലിം ഡോക്ടര്‍മാരാണ് എന്നാണ്. അവര്‍ ബോധപൂര്‍വ്വം മുസ്ലിങ്ങളെ ഈ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നു. അതിന് തെളിവൊന്നും ഡോ: ഗണപതി പറയുന്നില്ല താനും. കോഴിക്കോട്ടെ 'ബേബി മെമ്മോറിയല്‍' ഹോസ്പിറ്റല്‍ പോലും ആ ഗണത്തിലാണ് അദ്ദേഹം സ്വബോധമില്ലാതെ ഉള്‍പ്പെടുത്തിയത്.''

''അവയവമാറ്റ ശസ്ത്രക്രിയ, മാഫിയാ മോഡലില്‍ നടന്നുവെന്ന് ഡോ: ഗണപതി ആരോപിക്കുന്നത് 2009-ല്‍ സംഭവിച്ചതാണ്. അതിന് വേദിയായത് എറണാങ്കുളത്തെ 'ലേക്ക്‌ഷോര്‍' ഹോസ്പിറ്റലും. 2009-ല്‍ 'ലേക്ക്‌ഷോര്‍' ഹോസ്പിറ്റലിന്റെ എം.ഡി ഡോ: ഫിലിപ്പ് അഗസ്റ്റിനാണ്. പബ്ലിക്ക് ലിമിറ്റഡ് കമ്പനിയായാണ്  പ്രസ്തുത ഹോസ്പിറ്റല്‍ അന്നും ഇന്നും പ്രവര്‍ത്തിക്കുന്നത്. പ്രവാസി വ്യവസായ പ്രമുഖനായ എം.എ യൂസുഫലി അന്ന് 'ലേക്ക്‌ഷോറില്‍' 8% മാത്രം ഓഹരിയുള്ള ഡയറക്ടര്‍ മാത്രമായിരുന്നു. 2016-ലാണ് ഡോ: ഷംസീര്‍ ''ലേക്ക്‌ഷോറി'ന്റെ 42% ഓഹരിയും എം.എ യൂസുഫലി 16% ഓഹരിയും വാങ്ങുന്നത്. 2009 ല്‍ നടന്നതായി ഡോ: ഗണപതി തന്നെ പറയുന്ന 'മാഫിയാ അവയവമാറ്റ' ശസ്ത്രക്രിയയില്‍ 2016 ല്‍ മേജര്‍ ഷെയര്‍ വാങ്ങിയ മുസ്ലിം പേരുകാരന്‍ എങ്ങിനെയാണ് പ്രതിയാവുക?''

''ഡോ: ഗണപതി കോടതിയില്‍ നല്‍കിയ പരാതിയില്‍ കുറ്റമാരോപിച്ചവരില്‍ എട്ടുപേരാണ് ഉള്ളത്. ഡോ: ഫിലിപ്പ് അഗസ്റ്റിന്‍, ഡോ: മഹേഷ്, ഡോ: ജോര്‍ജ് ജോസഫ് എറാളി, ഡോ: സായ് സുദര്‍ശന്‍, ഡോ: തോമസ് തച്ചില്‍, ഡോ: മുരളീകൃഷ്ണ മേനോന്‍, ഡോ: സുജിത് വാസുദേവന്‍, ഡോ: സജീവ് എസ് എന്നിവരാണ്. ഇക്കൂട്ടത്തില്‍ ഒരു മുസ്ലിം നാമം ഇല്ലേയില്ല. എന്നിട്ടുമെന്തേ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചവര്‍ മുസ്ലിം ഡോക്ടര്‍മാരാണെന്ന് മിസ്റ്റര്‍ ഗണപതി ദുസ്സൂചന നല്‍കിയത്?
ഡോ: ഗണപതി പറഞ്ഞ കാര്യങ്ങളില്‍ സത്യത്തിന്റെ തരിമ്പുണ്ടെങ്കില്‍ ഉത്തരവാദികളായ കശ്മലന്‍മാരെ 'തൂക്കിക്കൊല്ലണം'. കാരണം അത്രവലിയ പാപമാണ് അവര്‍ ചെയ്തത്. അവര്‍ മുസ്ലിമാണെങ്കിലും അല്ലെങ്കിലും ശരി. ഇത്തരം പ്രശ്‌നങ്ങളെ വര്‍ഗ്ഗീയമായി അവതരിപ്പിച്ച് സമൂഹത്തില്‍ ഛിദ്രത പടര്‍ത്താന്‍ ഡോ: ഗണപതി അറിഞ്ഞോ അറിയാതെയോ ശ്രമിക്കുന്നത് അത്യന്തം അപലപനീയവും നിന്ദ്യവുമാണ്. ഈ അസത്യ പ്രസ്താവന ഉത്തരേന്ത്യയില്‍ സംഘ്പരിവാറുകാര്‍ ദുരുപയോഗം ചെയ്യുമെന്ന് ഉറപ്പാണ്. ഒരുപക്ഷെ, നാളെ മറ്റൊരു 'കേരള സ്റ്റോറിയായി' പുറത്ത് വരാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല. 'അപ്പോത്തിക്കിരി', 'ജോസഫ്' എന്നീ മലയാള സിനിമകള്‍ കാഴ്ചക്കാരുടെ ഹൃദയം തകര്‍ക്കും. സ്വകാര്യ ആശുപത്രികളില്‍ നടക്കുന്ന കൊടിയ ചൂഷണത്തിനെതിരെ സമരനിരയുടെ മുന്നില്‍ നില്‍ക്കാന്‍ ഓരോരുത്തരെയും കൊതിപ്പിക്കും. അത്രമാത്രം ഭീകരമാണ് അതിലെ രംഗങ്ങള്‍. ഒരു തിരക്കഥാകൃത്തിന്റെ ഭാവനക്കപ്പുറം വസ്തുതകള്‍ വല്ലതും അതിലുണ്ടെങ്കില്‍ അതദ്ദേഹം ഈ ഘട്ടത്തില്‍ അത് തുറന്നു പറയണം. ഏറ്റവും യോജ്യമായ സമയമാണിത്. ''

''മുസ്ലിങ്ങള്‍ അവയവങ്ങള്‍ ദാനം ചെയ്യാറില്ല എന്ന ദുഷ്പ്രചരണവും ഇതിനിടയില്‍ ചിലര്‍ നടത്തുന്നുണ്ട്. ഡോ: ഗണപതിയും അങ്ങിനെ ഒരു അഭിപ്രായം തന്റെ അഭിമുഖത്തില്‍ പറയാതെ പറയുന്നത് സസൂക്ഷ്മം നിരീക്ഷിച്ചാല്‍ മനസ്സിലാക്കാം. അത് തീര്‍ത്തും തെറ്റാണ്. ചില അനുഭവങ്ങള്‍ കേള്‍ക്കുക. എന്റെ മൂതാപ്പയുടെ മകള്‍ കതിയാമുവിന്റെ കരളാണ് മകന്‍ ഇഖ്ബാലിന് പകുത്തു നല്‍കിയത്. ഓപ്പറേഷന്‍ നടന്നത് അമൃതയില്‍ വെച്ചാണ്. സര്‍ജറി കഴിഞ്ഞ് ഒരു മാസം കഴിയുന്നതിന് മുമ്പ് ഇക്ബാല്‍ മരണപ്പെട്ടു. മുപ്പത് ലക്ഷത്തോളം രൂപയാണ് അന്ന് ചെലവായത്. വളാഞ്ചേരിയില്‍ എന്റെ സുഹൃത്ത് ഡോ: മുജീബിന്റെ ജേഷ്ഠ സഹോദരന്‍ ഡോ: നിസാറിന് കരള്‍മാറ്റ ശസ്ത്രക്രിയ ആവശ്യമായി വന്നു. അവരുടെ മൂത്ത സഹോദരന്റെ മകന്‍ ഡോ: സാലിഖാണ് തന്റെ കരള്‍ പിതൃവ്യന് ദാനം നല്‍കിയത്. ശസ്ത്രക്രിയ നടന്നത് ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍. അവയവങ്ങള്‍ സ്വീകരിക്കാമെങ്കില്‍ നല്‍കുകയും ചെയ്യാം. അതിന് ഒരു മതവും എതിരല്ല. ഇസ്ലാമിനെ വികൃതമാക്കാന്‍ ഏതെങ്കിലും വിവരദോഷികള്‍ വല്ലതും പറഞ്ഞിട്ടുണ്ടെങ്കില്‍ അതിനെ 'ഇസ്ലാമിന്റെ' കണക്കില്‍ എഴുതി ആ വിഭാഗത്തില്‍ പെടുന്നവരെ അപമാനിക്കരുത്.
അവയവദാന സംസ്‌കാരം ജനങ്ങളില്‍ വളര്‍ത്താന്‍ നല്ല ബോധവല്‍ക്കരണം അനിവാര്യമാണ്. പണം കൊടുത്ത് അവയവങ്ങള്‍ വിലക്ക് വാങ്ങുന്ന ഏര്‍പ്പാട് അവസാനിക്കണം. അവയവ ദാതാക്കള്‍ ബന്ധുക്കളും സുഹൃത്തുക്കളുമാകണം. സ്വഇഷ്ടപ്രകാരം ദാനം ചെയ്യുന്നവര്‍ക്ക് അങ്ങിനെയുമാകാം. ജീവിതത്തില്‍ അവയവദാനത്തിന്റെ സാഹചര്യം വ്യക്തിപരമായി എനിക്കുണ്ടായാല്‍ ഒരുകാരണവശാലും പണം കൊടുത്ത് അവയവങ്ങള്‍ വാങ്ങി ജീവിക്കാന്‍ ഞാന്‍ തീരുമാനിക്കില്ല. മറ്റുള്ളവരുടെ ദാരിദ്ര്യവും കഷ്ടപ്പാടും ചൂഷണം ചെയ്ത് എന്തിന് നമുക്കൊരു ജീവിതം?''

   
ജഡ്ജിയുടെ കാർ അടിച്ചു തകർത്തത് മർച്ചന്റ് നേവി റിട്ട ക്യാപ്റ്റൻ; 6 വർഷമായിട്ടും വിവാഹമോചന കേസ് തീർപ്പായില്ല


ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം..

PREV
Read more Articles on
click me!

Recommended Stories

നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു
കാരണം കണ്ടെത്താന്‍ കൊട്ടിയത്തേക്ക് കേന്ദ്ര വിദ​ഗ്ധ സംഘം, ദേശീയപാത തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും, നാലിടങ്ങളിൽ അപകട സാധ്യത